ജസീന്തയുടെ നൃത്തവും മോദിയുടെ പാത്രംകൊട്ടലും
ചില ഭരണാധികാരികളുടെ വാക്കും പ്രവൃത്തിയും ജനങ്ങളില്‍ അറപ്പും വെറുപ്പും ഉളവാക്കും. മറ്റുചില ഭരണാധികാരികളുടെ നടപടികളാകട്ടെ, ജനങ്ങളുടെ മനസില്‍ അവര്‍ക്കു ചിരപ്രതിഷ്ഠ നല്‍കും. ഇങ്ങനെ ഇഷ്ടപ്പെടാനും ആദരിക്കപ്പെടാനും അവരുടെ പ്രവൃത്തികള്‍ തങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തണമെന്നു പോലുമില്ല. കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവരാണെങ്കിലും അവരെ എല്ലാ നാട്ടുകാരും അറിയാതെ പ്രകീര്‍ത്തിച്ചുപോകും.
ഇന്നു ജീവിച്ചിരിക്കുന്ന അത്തരത്തിലൊരു ഭരണാധികാരിയുടെ പേരു പറയാന്‍ ആവശ്യപ്പെട്ടാല്‍ സന്മനസുള്ള എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന പേര് ജസീന്തയുടേതാണ്. ജസീന്ത ആര്‍ഡേന്‍ എന്ന ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടേത്. കൊറോണ മരണനൃത്തമാടുന്ന കാലത്ത് ലോകജനത പ്രകീര്‍ത്തിക്കുന്ന, ഇഷ്ടപ്പെടുന്ന, ആദരിക്കുന്ന ഭരണാധികാരിയാണു ജസീന്ത ആര്‍ഡേന്‍.
ലോകത്താകെ മരണം വിതച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ സ്വന്തം നാട്ടിലെ ജനങ്ങളുടെ പരിപൂര്‍ണ പിന്തുണയോടെ വരിഞ്ഞുകെട്ടി പടിക്കുപുറത്താക്കിയ ഭരണാധികാരിയാണ് അവര്‍. അമേരിക്കയിലും ബ്രസീലിലും റഷ്യയിലും ഇന്ത്യയിലുമൊക്കെ കൊവിഡ് വ്യാപനവും മരണവും കുതിച്ചുകൊണ്ടിരിക്കെയാണു ജസീന്തയുടെ ഈ ജനകീയ കൂട്ടായ്മ അത്ഭുതവിജയം കൈവരിച്ചത്. (നേരത്തെ, തന്റെ നാട്ടില്‍ അതിഭീകരമായ സാമുദായിക കൂട്ടക്കൊല നടന്നപ്പോള്‍ അങ്ങേയറ്റത്തെ മാനുഷിക നടപടികളുമായി രംഗത്തുവന്ന ഭരണാധികാരി കൂടിയാണ് അവരെന്ന് ഓര്‍ക്കുക. അന്നും ലോകജനത അവരെ മുക്തകണ്ഠം പ്രകീര്‍ത്തിച്ചിരുന്നു.)
ഇതരരാജ്യങ്ങളിലെ ഭരണാധികാരികള്‍ മാത്രമല്ല, ലോകജനത മുഴുവന്‍ കണ്ണുതുറന്നു കാണേണ്ടതും മനസുതുറന്ന് ഉള്‍ക്കൊള്ളേണ്ടതുമാണ് ന്യൂസിലാന്‍ഡ് കൊവിഡിനെതിരേ കൈവരിച്ച വിജയം. ഇതര രാജ്യങ്ങളെപ്പോലെ ന്യൂസിലാന്‍ഡിലും കൊവിഡ് അതിഭീകരമായ ഭീതി വളര്‍ത്തിയാണു രംഗപ്രവേശം ചെയ്തത്. 2020 ഫെബ്രുവരി 28നാണ് ആദ്യ രോഗിയെ കണ്ടെത്തുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ഭീകരമായി പെരുകി 1,504ല്‍ എത്തി. 22 പേര്‍ കൊവിഡ്ബാധ മൂലം മരിച്ചു.
ഈ പശ്ചാത്തലത്തിലാണ് കൊവിഡിനെ പിടിച്ചുകെട്ടാനുള്ള കര്‍ക്കശമായ നടപടി ജസീന്തയും സഹപ്രവര്‍ത്തകരും കൈക്കൊണ്ടത്. മറ്റു പല ഭരണാധികാരികളും നടത്തിയപോലെ, ജസീന്ത തന്റെ ജനങ്ങള്‍ക്കു മുന്നില്‍ വീരവാദമൊന്നും നടത്തിയില്ല. അവര്‍ ഒരൊറ്റക്കാര്യം ഉറപ്പുനല്‍കി, 'നിങ്ങളുടെ ആരോഗ്യവും ജീവനും കൊവിഡില്‍നിന്നു സുരക്ഷിതമായിരിക്കും'. പകരം ഒറ്റക്കാര്യമേ അവര്‍ ജനങ്ങളില്‍നിന്ന് ആവശ്യപ്പെട്ടുള്ളൂ, 'സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പരിപൂര്‍ണമായി സഹകരിക്കുക'.
ഇതിനു തൊട്ടുപിന്നാലെ, മാര്‍ച്ച് 19ന് അര്‍ധരാത്രി 11.59നു ന്യൂസിലാന്‍ഡിലേയ്ക്കുള്ള വ്യോമ, നാവിക അതിര്‍ത്തികളെല്ലാം വിദേശികള്‍ക്കു മുന്നില്‍ അടച്ചുപൂട്ടി. രാജ്യത്തിനകത്തുള്ള വിദേശികളുള്‍പ്പെടെ എല്ലാവര്‍ക്കും അവിടെ കഴിയാം. വിദേശികള്‍ വഴി പുറത്തുനിന്നു രോഗവ്യാപനമുണ്ടാകുന്നത് പൂര്‍ണമായും തടയുകയെന്നതായിരുന്നു ലക്ഷ്യം.
അതു പല രാജ്യങ്ങളും ചെയ്ത കാര്യം. എന്നാല്‍, ഇന്ത്യയുള്‍പ്പെടെ കണ്ടുപഠിക്കേണ്ട മറ്റൊരു കാര്യം അവര്‍ ചെയ്തു. വിദേശ രാജ്യങ്ങളിലുള്ള എല്ലാ ന്യൂസിലാന്‍ഡുകാര്‍ക്കും തിരിച്ചുവരാനായി രാജ്യത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടു. തങ്ങളുടെ നാട്ടുകാര്‍ ഇതരരാജ്യങ്ങളില്‍ ചികിത്സയും പരിചരണവും കിട്ടാതെ നരകിക്കരുത് എന്ന ഭരണാധികാരിയുടെ ആത്മാര്‍ഥമായ കരുതല്‍ ആ നടപടിയില്‍ ഉണ്ടായിരുന്നു. തിരിച്ചുവരുന്ന നാട്ടുകാരെ ആരോഗ്യപ്രവര്‍ത്തകരുടെ കര്‍ക്കശമായ മേല്‍നോട്ടത്തില്‍ പ്രത്യേക സ്ഥലത്തു പാര്‍പ്പിച്ചു. നമ്മുടെ നാട്ടില്‍ നടക്കുന്നപോലെ ഹോം ക്വാറന്റൈന്‍ എന്നും റൂം ക്വാറന്റൈന്‍ എന്നും മറ്റും പറഞ്ഞ് നാട്ടില്‍ അലഞ്ഞുനടന്ന് രോഗം പരത്താന്‍ അവസരം സൃഷ്ടിച്ചില്ലെന്നര്‍ഥം.
ഒരു മാസത്തില്‍ താഴെ മാത്രമാണ് ന്യൂസിലാന്‍ഡില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയത്. അതാകട്ടെ, നാലു തലത്തിലുള്ള അലര്‍ട്ട് സംവിധാനത്തോടെയും. ആദ്യഘട്ടത്തില്‍ രാജ്യം നിശ്ചലമാക്കിയ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. രണ്ടാംഘട്ടത്തില്‍ നിശ്ചിത ഇളവുകള്‍. മൂന്നിലും നാലിലും ഇളവുകളുടെ തോതു കൂട്ടി. പിന്നീട് നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്തുമാറ്റി. അപ്പോഴേയ്ക്കും ന്യൂസിലാന്‍ഡ് കൊവിഡ് മുക്തമായിരുന്നു.
ജൂണ്‍ എട്ടിനു ന്യൂസിലാന്‍ഡിലെ അവസാനത്തെ കൊവിഡ് രോഗിയും ആശുപത്രി വിട്ടു. അതറിഞ്ഞപ്പോള്‍ താന്‍ എന്താണു ചെയ്തതെന്നു ജസീന്ത തന്നെയാണു ലോകത്തെ അറിയിച്ചത്. 'ആ വാര്‍ത്തയറിഞ്ഞപ്പോള്‍ ആഹ്ലാദത്താല്‍ വീട്ടിലെ സ്വീകരണമുറിയില്‍ മകള്‍ക്കൊപ്പം നൃത്തംവച്ചുപോയി'.
ഇവിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ പാത്രം കൊട്ടിക്കല്‍, വിളക്കുകത്തിക്കല്‍ പ്രഹസനങ്ങളും താരതമ്യ വിഷയമാകുന്നത്. ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ വിറച്ചുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഈ നാട്ടിലെ ജനങ്ങളോട് ആഹ്വാനം ചെയ്തത് ഒരുദിവസം സന്ധ്യയ്ക്ക് ഒരേസമയത്ത് പാത്രം കൊട്ടി ശബ്ദമുണ്ടാക്കണമെന്നായിരുന്നു. എന്തു ഗുണമാണ് അതുമൂലം കിട്ടിയതെന്ന് അറിയില്ല. ശബ്ദം കേട്ട് കൊറോണ വൈറസ് പേടിച്ചോടുമെന്നാണോ കരുതിയത്.
രണ്ടാമത്തെ ആഹ്വാനം, രാത്രിയില്‍ വൈദ്യുതദീപങ്ങളെല്ലാം അണച്ച് വിളക്കു തെളിക്കണമെന്നായിരുന്നു. ആ ആഹ്വാനം ശിരസാവഹിച്ച അനുയായിവൃന്ദം ധരിച്ചത്, കൊറോണ വൈറസ് ഈയാംപാറ്റകളെപ്പോലെ വിളക്കിന്റെ നാളത്തിലേയ്ക്കു പറന്നെത്തി കത്തിച്ചാമ്പലാകുമെന്നാണ്. ഇതു വെറുതെ പറയുന്നതല്ല. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ന്യായീകരിച്ച് അനുയായികളില്‍ പലരും സമൂഹമാധ്യമങ്ങളില്‍ നടത്തിയ അവകാശവാദമാണ്.
ഇതിനിടെ മറ്റൊരു വീരവാദവും കൂടി നടത്തി പ്രധാനമന്ത്രി. ലോക രാജ്യങ്ങളെല്ലാം കൊവിഡ് പ്രതിരോധത്തിന് ഇന്ത്യയുടെ മരുന്നിനെയാണ് ആശ്രയിക്കുന്നതെന്ന്. അമേരിക്കയും ചൈനയുമെല്ലാം ഇന്ത്യന്‍ മരുന്നിനായി മത്സരിക്കുകയാണെന്ന്. ആ പ്രഖ്യാപനങ്ങള്‍ക്കിടയിലും വിദേശത്തു മരിച്ചുവീഴുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ എണ്ണം കൂടുകയായിരുന്നു. സ്വന്തം നാട്ടിലേയ്ക്കു പോകാന്‍ വാഹനം കിട്ടാതെ പാവപ്പെട്ടവര്‍ പൊരിവെയിലില്‍ നൂറുകണക്കിനു കിലോമീറ്റര്‍ നടക്കുകയും വഴിയരികില്‍ മരിച്ചുവീഴുകയുമായിരുന്നു. ചികിത്സയ്ക്കിടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച വയോധികയുടെ മൃതദേഹം എട്ടുദിവസം ആശുപത്രിയിലെ ശുചിമുറിയില്‍ കിടന്നത് മറ്റൊരു രാജ്യത്തുമല്ല, ഇന്ത്യയിലാണ്. വഴിയരികില്‍ കുഴഞ്ഞുവീണു മരിച്ചയാളുടെ മൃതദേഹം മാലിന്യവണ്ടിയിലേയ്ക്കു തള്ളിയതും ആശുപത്രി മോര്‍ച്ചറിയില്‍നിന്നു മൃതദേഹങ്ങള്‍ തറയിലൂടെ വലിച്ചിഴച്ച് വാഹനത്തിലേയ്ക്കു വലിച്ചെറിഞ്ഞതും മറ്റൊരു രാജ്യത്തുമല്ല.
ഏറ്റവുമൊടുവില്‍ ഇന്ത്യയിലെ കൊവിഡ് പ്രതിരോധത്തിന്റെ കണക്ക് ഇവിടെ എത്തിനില്‍ക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ രോഗം ബാധിച്ചവര്‍ പതിനായിരത്തിലേറെയാണ്. ഈ സമയത്തിനുള്ളില്‍ മരിച്ചത് 396 പേരും. വളരെ കുറഞ്ഞ ദിവസത്തിലാണു കൊവിഡ്ബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്തുനിന്നു നാലാം സ്ഥാനത്ത് എത്തിയത്. ഇന്ത്യയില്‍ കൊവിഡ്ബാധ ഭീകരമാകാന്‍ പോവുകയാണെന്ന് ഐ.സി.എം.ആര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.
അപ്പോഴും ഇന്ത്യന്‍ പ്രധാനമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കുകയാണ്. കൊവിഡ് കാലം ഇന്ത്യയെ ശക്തമാക്കാനും സ്വാശ്രയത്വത്തിലേയ്ക്കു വളര്‍ത്താനും പരിശ്രമിക്കണമെന്നാണ് അദ്ദേഹം കഴിഞ്ഞദിവസം ആഹ്വാനം ചെയ്തത്. ഹാ കഷ്ടം!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."