സഊദി ഭരണാധികാരിയുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കൂടിക്കാഴ്ച്ച നടത്തി
റിയാദ്: സഊദിയില്‍ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി റിയാദില്‍ കൂടിക്കാഴ്ച്ച നടത്തി.
സഊദിയും അമേരിക്കയും തുടരുന്നു വിവിധ മേഖലയിലെ പരസ്പര സഹകരണം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഇരു നേതാക്കളും പരസ്പരം സഹകരണം വാഗ്ദാനം ചെയ്തു.
മേഖലയിലും അന്താരാഷ്ട്ര തലത്തിലും ഉയര്‍ന്നു വന്ന ഭീഷണികളും അതിനെ നേരിടുന്നതിലും വേണ്ട സഹകരണവും ചര്‍ച്ചയായി. പ്രധാനമായും പ്രതിരോധ മേഖലയിലെ സഹകരണമാണ് ഇരു കൂട്ടരും ചര്‍ച്ച ചെയ്തതെന്ന് സഊദി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
സ്റ്റേറ്റ് മന്ത്രിയും ക്യാബിനറ്റ് അംഗവുമായ ഡോ: മുസാഇദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്‍, സാംസ്‌കാരിക മന്ത്രി ഡോ: ആദില്‍ ബിന്‍ സൈദ് അല്‍ തുറൈഫി, സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍, അമേരിക്കന്‍ എംബസ്സി ഉദ്യോഗസ്ഥനായ ക്രിസ്റ്റിഫെര്‍ ഹെന്‍സില്‍, അമേരിക്കന്‍ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍, സീനിയര്‍ അഡ്വൈസര്‍ സാലി ഡോണ്‍ലി, സീനിയര്‍ മിലിട്ടറി അസിസ്റ്റന്റ് അഡ്മിറല്‍ ക്രൈഗ് എസ് ഫെല്ലെര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഒരാഴ്ച നീളുന്ന വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനിടയ്ക്കാണ് അദേഹം സഊദിയിലെത്തിയത് . സന്ദര്‍ശന കാലയളവില്‍ സഊദി അറേബ്യക്കു പുറമെ ഈജിപ്ത്, ഇസ്‌റാഈല്‍, ഖത്തര്‍, ജിബൂത്തി എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കുന്നുണ്ട്.
ചുമതലയേറ്റ ശേഷം ആദ്യമായി സഊദി അറേബ്യ സന്ദര്‍ശിക്കുന്ന ജെയിംസ് മാറ്റിസ് ചെങ്കടലിന്റെ ദക്ഷിണ പ്രവേശന കവാടത്തിലുള്ള ജിബൂത്തിയിലെ അമേരിക്കന്‍ സൈനിക താവളവും സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."