റാബിഗില്‍ കൂടുതല്‍ വികസനത്തിനായി ഫ്രീ സോണ്‍ മേഖല തയാറാക്കുന്നു
റിയാദ്: പെട്രോ കെമിക്കല്‍ പദ്ധതികളുടെ രണ്ടാം ഘട്ടം പുരോഗമിക്കുന്ന റാബിഗില്‍ വിഷന്‍ 2030 ന്റെ ഭാഗമായി കൂടുതല്‍ ഫാക്ടറികളും കമ്പനികളും തുറക്കുന്നു.
ഇതിനായി തുറമഖ നഗരം കൂടിയായ റാബിഗിലേക്ക് വിഷന്‍ 2030 ന്റെ ഭാഗമായി ഇന്ത്യ, മലേഷ്യ, ചൈന, ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് നിക്ഷേപകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ ഫ്രീസോണ്‍ പദ്ധതിയാണ് രൂപ കല്‍പന ചെയ്യുന്നത്. സഊദി വാണിജ്യ, നഗര വികസന, പരിസ്ഥിതി, സാമ്പത്തിക, പെട്രോളിയം മന്ത്രാലയങ്ങളുടെ സഹകരണത്തോടെയായിരിക്കും ഫ്രീ സോണ്‍ നിര്‍മിക്കുക.
പുതിയ പദ്ധതികള്‍ക്കായി പദ്ധതി ഏറ്റെടുത്തു നടത്തുന്ന ഗാമണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഷെയിഖ് റഫീഖ്, ഖാലിദ് ബിന്‍ സൗദ് ബിന്‍ തുര്‍ക്കി രാജകുമാരനുമായി റിയാദില്‍ കൂടിക്കാഴ്ച നടത്തി. ഫ്രീ സോണ്‍ നിര്‍മാണത്തിനായുള്ള സ്ഥലം കണ്ടെത്തുന്നതുള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗാമണ്‍ ഗ്രൂപ്പിന്റെ ചുമതലയിലായിരിക്കും.
വിദേശ നിക്ഷേപകര്‍ക്ക് വായ്പ ലഭ്യമാക്കാനും ശ്രമിക്കും. നിക്ഷേപകര്‍ക്ക് വിസ ഉള്‍പ്പടെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കും. വിദേശത്തുനിന്ന് നിക്ഷേപകരെ കണ്ടെത്താനും സഊദിയില്‍ എത്തിക്കാനും ഗാമണ്‍ ഗ്രൂപ്പിന്റെ സഹകരണം ഏറെ പ്രയോജനപ്പെടുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഖാലിദ് രാജകുമാരന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കരാര്‍ ഈ മാസം അവസാനം ജിദ്ദയില്‍ നടക്കുന്ന ചടങ്ങില്‍ ഒപ്പുവയ്ക്കും.
വിഷന്‍ 2030 ന്റെ ഭാഗമായി വ്യവസായ, വാണിജ്യ രംഗത്തെ മുതല്‍ മുടക്കുകളുമായി ബന്ധപ്പെട്ട ഉദാരവല്‍ക്കരണ തീരുമാനങ്ങള്‍ ഫ്രീസോണ്‍ പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ സഹായകമാകുമെന്ന് ഖാലിദ് രാജകുമാരനും ഷെയിഖ് റഫീഖും പറഞ്ഞു.
ഫ്രീസോണ്‍ പദ്ധതിയിലൂടെ ആയിരക്കണക്കിന് സഊദി പൗരന്‍മാര്‍ക്ക് ജോലി ലഭ്യമാക്കാനും സാധിക്കും. കഴിഞ്ഞ മാസം തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നടത്തിയ വിദേശ പര്യടനങ്ങളില്‍ കോടിക്കണക്കിന് ഡോളറിന്റെ സംയുക്ത പദ്ധതികളാണ് ഒപ്പുവച്ചിരുന്നത്. ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ബില്യണ്‍ കണക്കിന് ഡോളര്‍ താമസിയാതെ സഊദിയില്‍ മുതല്‍ മുടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."