HOME
DETAILS
MAL
ആറാംക്ലാസ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹത
backup
June 14 2020 | 03:06 AM
കൊല്ലം: അമ്മയ്‌ക്കൊപ്പം വീട്ടു മുറ്റത്തുണ്ടായിരുന്ന പതിനൊന്നുകാരിയെ 15 മിനിട്ടിനിടെ കിടപ്പുമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി.
പ്രാക്കുളം കരുവാവിള വടക്കതില്‍ കൂലിപ്പണിക്കാരനായ മുഹമ്മദ് കുഞ്ഞ്-അനീഷ ദമ്പതികളുടെ മകള്‍ അമീനയാ(11)ണ് വെള്ളിയാഴ്ച സന്ധ്യയോടെ മരിച്ചത്. പ്രാക്കുളം എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ, ഉമ്മയ്‌ക്കൊപ്പം മുറ്റത്ത് മരപ്പൊടി വാരിക്കൊണ്ടിരിക്കെ വീട്ടില്‍ പോയി നിസ്‌കരിക്കാന്‍ അമീനയെ പറഞ്ഞയച്ചു.
15 മിനിട്ടു കഴിഞ്ഞ് വീട്ടിലെത്തിയ മാതാവ് അമീനയെ ഉത്തരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കിടക്കയ്ക്ക് മുകളില്‍ കസേര മറിഞ്ഞു കിടന്നിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളായ യുവാക്കള്‍ കുട്ടിയെ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അഞ്ചാലുംമൂട് പൊലിസ് അമീനയുടെ നോട്ട്ബുക്കില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെങ്കിലും വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷം കൂടുതല്‍ പറയാമെന്ന നിലപാടിലാണ് പൊലിസ്. ഫോറന്‍സിക്, വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതിനിടെ, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് കുട്ടി ബുദ്ധിമുട്ടിയതാണ് മരണകാരണമെന്ന് അഭ്യൂഹങ്ങള്‍ പരന്നെങ്കിലും തൊട്ടടുത്തുള്ള ഗ്രന്ഥശാലയിലൊരുക്കിയ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ കത്തെഴുതിവച്ച് ജീവനൊടുക്കിയെന്ന് പറയുന്നത് വിശ്വസിക്കാന്‍ വയ്യെന്നുമാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."