വേനല്‍ചൂടിലും കുടിവെള്ളം മുട്ടിക്കാതെ പൊല്‍പ്പുള്ളി പഞ്ചായത്ത്
പൊല്‍പ്പുള്ളി: കടുത്ത വരള്‍ച്ചയിലും കുടിവെള്ളക്ഷാമത്തിലും പാലക്കാട് ജില്ല തളരുമ്പോള്‍ അതിനു പിടികൊടുക്കാതെ നില്‍ക്കുകയാണ് പൊല്‍പ്പുള്ളി പഞ്ചായത്ത്. ഇതുവരെ കുടിവെള്ളം കിട്ടാത്തതായുള്ള യാതൊരു പരാതിയും പഞ്ചായത്തിനു ലഭിച്ചിട്ടില്ലെന്ന് പ്രസിഡന്റ് എസ് ജയന്തി പറയുന്നു.
പഞ്ചായത്തിന്റെ തന്നെ കുടിവെള്ള പദ്ധതികളാണ് ഇതിനു കാരണം. പതിമൂന്നു വാര്‍ഡുകളിലേക്കും വെള്ളമെത്തിക്കുന്നത് ഈ പദ്ധതികളാണ്. പഞ്ചായത്തില്‍ 80 ശതമാനവും നെല്‍കൃഷിയാണ്. ഇതാണ് ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗം. വരള്‍ച്ചയെ മുന്‍കൂട്ടി അറിഞ്ഞതുകൊണ്ടുതന്നെ ഇവിടത്തെ കര്‍ഷകര്‍ ഇത്തവണ രണ്ടാംവിള ഇറക്കിയിട്ടില്ല.
ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ലഭ്യമാകുന്ന ജലം മുഴുവനായും കുടിവെള്ളത്തിനായി ഉപയോഗപ്പെടുത്തണമെന്ന ജില്ലാകലക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു കര്‍ഷകരുടെ ഒറ്റക്കെട്ടായ ഈ തീരുമാനം. പാടങ്ങള്‍ വിണ്ടുകീറിയിട്ടുണ്ടെങ്കിലും കുടിവെള്ളം മുട്ടിച്ച ഒരു പരാതിയും ഇതുവരെ കിട്ടിയിട്ടില്ല.
പഞ്ചായത്തിന് 32 മിനി കുടിവെള്ള പദ്ധതികളാണ് ഉള്ളത്. ഇതില്‍ തന്നെ മൂന്ന് പദ്ധതികളാണ് പ്രധാനം. ധര്‍മാനഗര്‍ കുടിവെള്ള പദ്ധതിയിലൂടെ 40 ശതമാനം വെള്ളം വാര്‍ഡുകളിലെത്തിക്കുന്നുണ്ട്. കയ്പ്പക്കോട് സെക്ഷന്‍, ചിറവട്ടം പദ്ധതികളും 35 ശതമാനം വെള്ളമെത്തിക്കുന്നു.
രാവിലെയും വൈകുന്നേരവുമായാണ് വെള്ളം പൈപ്പുകളിലൂടെ ലഭ്യമാക്കുന്നത്. മറ്റു പദ്ധതികളോടൊപ്പം ചിറ്റൂര്‍-കൊടുമ്പ് കുടിവെള്ള പദ്ധതിയും ആളിയാര്‍ ഡാമില്‍നിന്നുള്ള വെള്ളവും പഞ്ചായത്തിനു ലഭ്യമാകുന്നുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി നൗഷാദ് എ.വൈ പറഞ്ഞു. കാര്യമായ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതുകൊണ്ടുതന്നെ ജില്ലയിലെ വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍നിന്ന് പൊല്‍പ്പുള്ളി പഞ്ചായത്തിനെ കലക്ടര്‍ ഒഴിവാക്കിയിട്ടുണ്ടെന്ന് എസ് ജയന്തി പറഞ്ഞു.
ചിറ്റൂര്‍ ബ്ലോക്കിലുള്‍പ്പെടുന്ന മറ്റ് പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി പ്രതിക്ഷേധങ്ങള്‍ നടക്കുമ്പോഴും വലിയ കുഴപ്പങ്ങളില്ലാത്തത് ജനങ്ങള്‍ ആശ്വാസമായി കരുതുന്നു.
ചൂട് ഇനിയും കടുക്കുമെന്നതിനാല്‍ കുടിവെള്ളം മുട്ടാതിരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് പഞ്ചായത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."