കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന്
തൃശൂര്‍: പനി ബാധിച്ച യുവതി മരിച്ച സംഭവത്തില്‍ ചികില്‍സിച്ച ആശുപത്രിയുടെ ഉടമക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മാള വടമ മണന്തറ പ്രദീപിന്റെ ഭാര്യ സുബിത(30) യുടെ മരണത്തിലാണ് ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ അശ്രദ്ധാകുറ്റം ചുമത്തി പൊലിസ് കേസെടുത്തുവെന്നും ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം സമര്‍പ്പിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മാര്‍ച്ച് 20നാണ് സുബിതയെ പനി ബാധിച്ച് മാളയിലെ തോംസണ്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ മണി മൂന്ന് തവണയായി സോസിവ് എന്ന ആന്റിബയോട്ടിക്ക് സുബിതയുടെ ശരീരത്തില്‍ കുത്തിവച്ചത്. തുടര്‍ന്ന് 23 ന് രാത്രി ഫിറ്റ്‌സ് വന്ന സുബിതയെ കൊടുങ്ങല്ലൂര്‍ ഗവ. ആശുപത്രിയിലും പിന്നീട് മുളംകുന്നത്തുവകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും 24 ന് രാത്രി മരണം സംഭവിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ പ്രവേശിച്ച സുബിതക്ക് മതിയായ ചികില്‍സ ലഭ്യമാക്കാതെ ഡോ. പി.എന്‍. ശ്രീജിത്ത് ഗുരുതരമായ കൃത്യവിലോപം കാട്ടിയതാണ് സുബിതയുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഹൃദയാഘാതം മൂലമാണ് സുബിത മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
എന്നാല്‍ ഒരു തരത്തിലുള്ള അസുഖങ്ങളും സുബിതക്ക് മുമ്പുണ്ടായിരുന്നില്ല. സ്‌കാന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ മെഡിക്കല്‍ രേഖകളിലൊന്നും തന്നെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കിയിട്ടുമില്ല. അന്വേഷണത്തില്‍ സുബിതയുടെ ശരീരത്തില്‍ കുത്തിവച്ച മരുന്നിന് ലൈസന്‍സില്ലെന്നും അത് പള്ളിക്കുളം സിവിയോണ്‍ എന്ന കമ്പനിയില്‍ ഉല്‍പാദിപ്പിച്ചതാണെന്നും മനസിലാക്കി.
ഈ മരുന്ന് കുത്തിവച്ചതാണ് യുവതിയുടെ മരണത്തിന് കാരണമായിട്ടുള്ളത്. പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തോംസണ്‍ മെഡിക്കല്‍ സെന്റര്‍ ഉടമ, ഡോക്ടര്‍മാരായ മണി, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ എഫ് ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുകയും ഡോ. ശ്രീജിത്തിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുകയും വേണമെന്ന് സുബിതയുടെ ഭര്‍ത്താവ് പ്രദീപ്, മാതാപിതാക്കളായ സുരേന്ദ്രന്‍, ലതിക, ഇളയച്ഛന്‍ രാധാകൃഷ്ണന്‍, ദലിത് കൂട്ടായ്മ ജില്ലാപ്രസിഡന്റ് കുമാരന്‍ വരന്തരപ്പിള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുബിതയുടെ ആറും, ഒമ്പതും വയസുള്ള രണ്ട് പെണ്‍മക്കളും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."