ജില്ലയില്‍ വാഹന പരിശോധന കര്‍ശനമാക്കി പൊലിസ്
കോഴിക്കോട്: മാര്‍ച്ച് മാസമാണ്... ഹെല്‍മറ്റൊക്കെ ഇട്ട് പൊയ്‌ക്കോളൂ... അല്ലെങ്കില്‍ ഏമാന്‍മാര്‍ ഫൈനിടും... മാര്‍ച്ച് മാസം പിറന്നത് മുതല്‍ നാട്ടിന്‍പുറങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന സംസാരമാണിത്. ഇതിനെ അന്വര്‍ഥമാക്കുന്ന തരത്തിലാണ് പൊലിസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വാഹന പരിശോധന. നാടിന്റെ മുക്കിലും മൂലയിലും വാഹനങ്ങളെ കൈ കാണിച്ച് നിര്‍ത്തിക്കുന്ന പണിയാണ് ഇവര്‍ ഏറ്റെടുത്തിരിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങളിലും ട്രോളുകളിലും നിറഞ്ഞിരിക്കുകയാണ് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയുള്ള പൊലിസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വാഹന പരിശോധന.
പതിവില്ലാത്ത രീതിയില്‍ നാട്ടിന്‍ പുറങ്ങളിലും മറ്റും നടത്തുന്ന വാഹന പരിശോധനക്കെതിരേ പൊതുജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. നഗരങ്ങളിലെ പരിശോധനക്ക് ശേഷം നിശ്ചിത എണ്ണം തികക്കാനുള്ള തത്രപ്പാടിലാണ് ഉദ്യോഗസ്ഥര്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന വിമര്‍ശനം.
ഒരു മാസം മുന്‍പ് സിറ്റി പൊലിസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം ട്രാഫിക് പൊലിസ് നിരത്തില്‍ പരിശോധനക്കിറങ്ങിയിരുന്നു. എന്നാല്‍ കമ്മീഷണറെ സ്ഥലം മാറ്റിയതോടെ ഇത് ഒരാഴ്ചയോളം നിലച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് മാസം പിറന്നതോടെ ട്രാഫിക് പൊലിസ് വീണ്ടും രംഗത്തെത്തുകയായിരുന്നു.
ഒരു വര്‍ഷത്തോളം നിരത്തിലേക്കിറങ്ങാതെയിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ മാത്രം 138 വാഹനങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. സാധാരണ രീതിയില്‍ എപ്പോഴെങ്കിലും നിരത്തിലിറങ്ങി പേരിന് മാത്രം പരിശോധന നടത്താറുള്ള മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ മാത്രം മൂന്നിടങ്ങളിലാണ് പരിശോധന നടത്തിയത്. ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് പി.എം ഷബീറിന്റെ നേതൃത്വത്തില്‍ എം.വി.ഐ മാരായ കെ. രണ്‍ദീപ്, സനല്‍ മാമ്പിള്ളി, ജയന്‍ കെ.വി, അനില്‍ കുമാര്‍, പി. പ്രശാന്ത് എന്നിവരും 14 എ.എം.വി.ഐമാരടങ്ങുന്ന സംഘവുമാണ് രാമനാട്ടുകര മുതല്‍ വെങ്ങളം, എന്‍.എച്ചിലും കോഴിക്കോട് നഗരത്തിലുമായി പ്രത്യേക വാഹന പരിശോധന നടത്തിയത്. ഇതില്‍ കൈ കാണിച്ച് നിര്‍ത്തിച്ച 238 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 138 വിവിധ തരം വാഹനങ്ങളുടെ പേരിലാണ് കേസെടുത്തത്. 66700 രൂപ പിഴയിനത്തില്‍ ഈടാക്കി. അതേസമയം വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ മാസം ഫെബ്രുവരിയില്‍ നടപ്പിലാക്കിയ സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ലഭ്യമായ അഞ്ചു സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്.
അതി തീവ്രമായ പ്രകാശം പരത്തുന്ന തരത്തിലുള്ള ലൈറ്റുകള്‍ ഘടിപ്പിച്ച 44 വാഹനങ്ങള്‍ക്കെതിരെയും അനധികൃത രൂപമാറ്റം വരുത്തിയ 18 ഇരുചക്ര വാഹങ്ങള്‍ക്കെതിരെയും കേസെടുത്തു. അനധികൃതമായി ഘടിപ്പിച്ച ലൈറ്റുകള്‍ നീക്കം ചെയ്തു. അതിനു ശേഷമാണ് പിഴ ഈടാക്കിയത്. നഗരത്തില്‍ ബീച്ച്, മാനാഞ്ചിറ, കല്ലായി, ഫറോക്ക് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 37 ഓട്ടോറിക്ഷകള്‍ പരിശോധിച്ച് വിവിധ വകുപ്പുകള്‍ പ്രകാരം 18 എണ്ണത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
വരും ദിവസങ്ങളിലും ദേശീയപാതയില്‍ വാഹനപരിശോധന നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. പൊതു ജനങ്ങള്‍ക്ക് 8281786094 എന്ന നമ്പറില്‍ ഗതാഗത നിയമ ലംഘനം സംബന്ധിച്ച് പരാതി അറിയിക്കാമെന്നും റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."