കടുത്ത ചൂട്: ജില്ലയില്‍ ആറുപേര്‍ക്ക് സൂര്യാതപമേറ്റു
കാഞ്ഞങ്ങാട്: ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയില്‍ ആറു പേര്‍ക്ക് സൂര്യതാപമേറ്റു. നാലു പുരുഷന്മാര്‍ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് കഴിഞ്ഞ ദിവസങ്ങളിലായി പൊള്ളലേറ്റത്. വാഴക്കോടെ സുധീഷിന് 22നും പാണത്തൂരിലെ ബിന്ദുവിന് 23നും കോളിച്ചാലിലെ ബിജുവിന് 24നും സൂര്യാതപത്തിലൂടെ പൊള്ളലേറ്റു. പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന് ഗാന്ധിപുരത്തെ ദിവാകരന്റെ ഭാര്യ രമാദേവിക്കും (46) സൂര്യാതപത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊള്ളലേറ്റു.
സ്‌കൂട്ടറില്‍ പോകുന്നതിനിടെ ബെള്ളൂര്‍ പഞ്ചായത്ത് ജലനിധി പദ്ധതി സീനിയര്‍ എന്‍ജിനീയര്‍ റെനി സെബാസ്റ്റ്യനും (26) സൂര്യാതപത്തില്‍ പൊള്ളലേറ്റു. ഇദ്ദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഗ്യാസ് വിതരണത്തിനിടെ നീലേശ്വര്‍ ഗ്യാസ് ഏജന്‍സിയിലെ ഡെലിവറി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പുത്തരിയടുക്കം ബ്ലോക്ക് ഓഫിസിനു സമീപത്തെ കെ. ബാബു (45)വിനും ഗ്യാസ് വിതരണം ചെയ്യുന്നതിനിടെ സൂര്യാതപമേറ്റു. ഇന്നലെ രാവിലെ മുതല്‍ ജോലിക്കിറങ്ങിയ ഇദ്ദേഹം ഉച്ചയോടെ ചിറ്റാരിക്കാല്‍ കടുമേനിയില്‍ വിതരണം തുടരുന്നതിനിടെയാണു വലതു കൈപ്പത്തിയില്‍ പൊള്ളിയതു പോലുള്ള പാടു കണ്ടത്. ഇതിനെ അവഗണിച്ചു ജോലി തുടര്‍ന്നെങ്കിലും ഇതു വര്‍ധിച്ചു വന്നു. ഇതോടെ ജോലി നിര്‍ത്തി മടങ്ങി. മൗക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടിയപ്പോഴാണ് സൂര്യാതപമെന്ന് തിരിച്ചറിഞ്ഞത്.
സൂര്യാതപമേറ്റവരില്‍ മൂന്നു പേര്‍ മലയോര മേഖലയില്‍ താമസിക്കുന്നവരാണ്. ചൂട് ഇങ്ങിനെ തുടര്‍ന്നാല്‍ സൂര്യതാപമേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ കൈകളടക്കം മൂടിയുള്ള വസ്ത്രങ്ങള്‍, കുടിവെള്ളം, എന്നിവ കരുതണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."