തസ്തികനിര്‍ണയം അന്തിമഘട്ടത്തില്‍; അധ്യാപക പുനര്‍വിന്യാസം വൈകും
മലപ്പുറം: 2018-19 വര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക തസ്തികനിര്‍ണയം അന്തിമഘട്ടത്തിലെത്തിയിട്ടും പുനര്‍വിന്യാസം സംബന്ധിച്ച് തീരുമാനമെടുക്കാനാവാതെ വിദ്യാഭ്യാസവകുപ്പ്. കെ.ഇ.ആര്‍ ഭേദഗതിയില്‍ ഹൈക്കോടതി സ്‌റ്റേ നിലനില്‍ക്കുന്നതാണ് സംരക്ഷണാധ്യാപകരുടെ പുനര്‍വിന്യാസം പ്രതിസന്ധിയിലാക്കിയത്.
ജൂലൈ 15നകം തസ്തികനിര്‍ണയ പരിപാടികള്‍ പൂര്‍ത്തിയാക്കണം എന്നതിനാല്‍ ഊര്‍ജിതപ്രവര്‍ത്തനം നടത്താന്‍ 10 ദിവസത്തെ കര്‍മപരിപാടി വിദ്യാഭ്യാസവകുപ്പ് ഇന്നലെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനര്‍വിന്യസിക്കപ്പെടാത്ത കാലയളവില്‍ സംരക്ഷിതാധ്യാപകര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലാത്തതിനാല്‍ അധ്യാപകബാങ്ക് നവീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം പൂര്‍ത്തിയായാലും പുനര്‍വിന്യാസം വൈകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആറാം പ്രവൃത്തിദിനത്തിലെ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് പ്രകാരമാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ തസ്തികനിര്‍ണയവും പുനര്‍വിന്യാസവും നടക്കുന്നത്. 2016-17, 2017-18 വര്‍ഷങ്ങളിലെ സംരക്ഷിതാധ്യാപകരെ മുഴുവന്‍ ഉള്‍പ്പെടുത്തി മുന്‍വര്‍ഷങ്ങളില്‍ അധ്യാപക ബാങ്ക് പ്രസിദ്ധീകരിച്ചിരുന്നു.
അതേ രീതി തന്നെയാണ് ഇത്തവണയും തുടരുക. ഇതിനുമുന്നോടിയായി, തസ്തിക നഷ്ടപ്പെട്ട് കഴിഞ്ഞവര്‍ഷം അധ്യാപക ബാങ്കില്‍ ഉള്‍പ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഇന്നുരാവിലെ 10ന് കൈറ്റിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കും.
ഇതില്‍നിന്ന് അധിക തസ്തികയിലേക്ക് ഉള്‍പ്പെടെ മാതൃവിദ്യാലയത്തിലേക്ക് മടങ്ങിപ്പോയവരെയും വിരമിച്ചവരേയും ഒഴിവാക്കിയാണ് പുതിയ അധ്യാപക ബാങ്ക് തയാറാക്കുന്നത്. റെഗുലര്‍ സ്‌പെഷലിസ്റ്റ് അധ്യാപകര്‍ക്ക് തസ്തിക നഷ്ടമായാല്‍ അവരെ മറ്റൊരു സ്‌കൂളില്‍കൂടി ക്ലബ് ചെയ്ത് നിലനിര്‍ത്താനായി മുന്‍വര്‍ഷങ്ങളില്‍ അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
എയ്ഡഡ് മാനേജ്‌മെന്റുകളുടെ അധികാരം കുറയ്ക്കാന്‍ 2016 ഡിസംബര്‍ മൂന്നിനാണ് സര്‍ക്കാര്‍ കേരള വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്തത്. ഇതിനെതിരേ എയ്ഡഡ് മാനേജ്‌മെന്റുകള്‍ നല്‍കിയ കേസില്‍ ഹൈക്കോടതി ഭേദഗതി സ്റ്റേ ചെയ്ത് ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ഇതുപ്രകാരമുള്ള പുനര്‍വിന്യാസം നടക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഇന്നലെ വ്യക്തമാക്കി. പകരം എ.ഇ.ഒ, ഡി.ഇ.ഒമാര്‍ വഴി കെ.ഇ.ആര്‍ ഭേദഗതി പ്രകാരമല്ലാതെയുള്ള ഒഴിവുകള്‍ ജൂലൈ 10ന് ശേഖരിക്കാനാണ് വിദ്യാഭ്യാസ ഉപ ഡയരക്ടര്‍മാരോട് നിര്‍ദേശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."