ദമ്പതികളുടെ ആത്മഹത്യ: ഉത്തരവാദി സി.പി.എം കൗണ്‍സിലറെന്ന് ആത്മഹത്യാകുറിപ്പ്
കോട്ടയം: ചങ്ങനാശ്ശേരിയില്‍ പൊലിസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് പൊലിസ് കണ്ടെടുത്തു. ആത്മഹത്യയ്ക്കു കാരണം ചങ്ങനാശ്ശേരി നഗരസഭാ സി.പി.എം കൗണ്‍സിലര്‍ സജികുമാറാണെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
ചങ്ങനാശ്ശേരി പുഴവാത് ഇല്ലംപള്ളി വീട്ടില്‍ സുനില്‍, രേഷ്മ എന്നിവരെ ബുധനാഴ്ചയാണ് സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണം നഷ്ടപ്പെട്ടെന്ന സി.പി.എം നഗരസഭാംഗത്തിന്റെ പരാതിയില്‍ ഇവരെ കഴിഞ്ഞദിവസം പൊലിസ് ചോദ്യം ചെയ്തിരുന്നു.
ചങ്ങനാശ്ശേരിയില്‍ ഇന്ന് ഹര്‍ത്താല്‍
അതിനിടെ, പ്രതിപക്ഷ പാര്‍ട്ടികളായ യു.ഡി.എഫും ബി.ജെ.പിയും ഇന്ന് ചങ്ങനാശ്ശേരിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. നിരത്തില്‍ വാഹനങ്ങള്‍ കുറവാണ്. ദീര്‍ഘദൂര കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ നടത്തുന്നുണ്ട്. പത്തുമണിക്ക് പ്രതിഷേധ പ്രകടനം ഉണ്ടാകും.
ആരോപണങ്ങള്‍ നിഷേധിച്ച് സജികുമാര്‍
സ്വര്‍ണം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടതോടെയാണ് പരാതി നല്‍കിയത്. സുനില്‍കുമാര്‍ എടുത്തെന്ന് തനിക്ക് ഊമക്കത്ത് ലഭിച്ചിരുന്നു. എന്നാല്‍ സുനില്‍ കുമാറിന്റെ ഭാര്യക്കെതിരെ പരാതി നല്‍കിയിരുന്നില്ലെന്ന് സജി കുമാര്‍ പറഞ്ഞു. നിയമപരമായി മാത്രമാണ് മുന്നോട്ട് പോയതെന്നും തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."