കരിഞ്ചോലമല രക്ഷാപ്രവര്‍ത്തനം: വിഖായ വളണ്ടിയര്‍മാരെ ആദരിച്ചു
കോഴിക്കോട്: കരിഞ്ചോലമല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ വിവിധ സേവനം നടത്തിയ 120 വിഖായ വളണ്ടിയര്‍മാരെ ആദരിച്ചു. എസ്.കെ.എസ്.എസ്.എഫ് വിഖായ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കരുണയാണ് മനുഷ്യന്റെ സവിശേഷതയെന്നും ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഔന്നത്യം നേടാന്‍ കഴിയുമെന്നും തങ്ങള്‍ പറഞ്ഞു. കൂടുതല്‍ വിഖായ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി സേവന രംഗത്തിറക്കാന്‍ സംഘടന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ജലീല്‍ ഫൈസി അരിമ്പ്ര അധ്യക്ഷനായി.
താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് ഫാറൂഖ് മുഖ്യാതിഥിയായിരുന്നു. കരിഞ്ചോലമലയില്‍ വിഖായ വളണ്ടിയര്‍മാരുടെ സേവനം ശ്രദ്ധേയമായിരുന്നുവെന്നും, സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം സന്നദ്ധ പ്രവര്‍ത്തകരുടെ ആത്മാര്‍ഥ പരിശ്രമമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു സഹായകമായതെന്നും അദ്ദേഹം പറഞ്ഞു. കട്ടിപ്പാറ വില്ലേജ് ഓഫിസര്‍ സുരേഷ്‌കുമാര്‍, മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തലൂര്‍, ടി.പി സുബൈര്‍ മാസ്റ്റര്‍, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട് സംസാരിച്ചു. സലാം ഫറോക്ക് സ്വാഗതവും നിസാം ഓമശേരി നന്ദിയും പറഞ്ഞു. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ മജീദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."