ഇരുചക്രവാഹനങ്ങളുമായി കുട്ടി ഡ്രൈവര്‍മാര്‍; ഏഴുപേര്‍ പിടിയില്‍
കാക്കനാട്: ഇരുചക്രവാഹനങ്ങളോടിച്ച് നടന്ന വിദ്യര്‍ഥികളായ ഏഴ് പേരെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. എസ്.എസ്.എല്‍.സി പരീക്ഷ അവസാനിച്ച ഇന്നലെ എറണാകുളം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കുട്ടി ഡ്രൈവര്‍മാരെ പിടികൂടിയത്.
പിടിച്ചെടുത്ത വാഹനങ്ങള്‍ സ്കൂള്‍ അധികൃതര്‍ക്കു കൈമാറി. ഇവരുടെ രക്ഷിതാക്കളെ സ്കൂളില്‍ വിളിച്ചു വരുത്തി ബോധവല്‍ക്കരണം നടത്തി. ഇരുചക്രവാഹന അപകടങ്ങള്‍ പെരുകുന്ന പശ്ചാത്തലമന്വേഷിച്ച അധികൃതര്‍ക്ക് ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവരില്‍ കൗമാരക്കാരുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഗതാഗത നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് വാഹനങ്ങള്‍ നല്കുന്ന മുതിര്‍ന്നവര്‍ക്ക് ഇനി നിയമത്തിന്റെ പിടിവീഴും. ഇരുചക്രവാഹനങ്ങളില്‍ അമിത വേഗത്തില്‍ പായുന്ന കൗമാരക്കാര്‍ക്ക് ട്രാഫിക് നിയമങ്ങള്‍ എന്തെന്നറിയില്ല. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചുണ്ടാക്കുന്ന അപകടങ്ങളില്‍ വാഹന ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന കാര്യം കുട്ടികള്‍ക്ക് വാഹനങ്ങള്‍ നല്കുന്ന രക്ഷിതാക്കളില്‍ പലരും തിരിച്ചറിയുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. പരിശോധനക്കിടെ വാഹനം നിര്‍ത്താതെ പോയ രണ്ട് കൗമാരക്കാരുടെ വീടുകളില്‍ അധികൃതര്‍ നേരിട്ടെത്തി കേസ് എടുത്തു. വരും ദിവസങ്ങളില്‍ കൗമാരക്കാരായ ഡ്രൈവര്‍മാരെ പിടികൂടാന്‍ ജില്ലയിലുടനീളം പരിശോധനകള്‍ ശക്തമാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ കെ.മനോജ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."