തര്‍ക്ക പരിഹാരത്തിന് നടപടിയില്ല; ഇനിയും ഉദ്ഘാടനം ചെയ്യാതെ പാലം
പനമരം: കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂര്‍ പാലം അപ്രോച്ച് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിന് ഇനിയും പരിഹാരമായില്ല. ഇതോടെ പത്ത് വര്‍ഷം മുന്‍പ് പ്രവൃത്തി പൂര്‍ത്തിയായ പാലത്തിന്റെ ഉദ്ഘാടനം വൈകുകയാണ്. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതാണ് റോഡ് നിര്‍മാണത്തിന് തടസമാകുന്നത്.
കാവടം വഴിയാണ് അപ്രോച്ച് റോഡ് നിര്‍മിക്കേണ്ടത്. എന്നാല്‍ സ്വകാര്യ വ്യക്തിയുടെ ഭൂമി കൈയേറി റോഡ് നിര്‍മിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. നിലവില്‍ ഇത് സംബന്ധിച്ചുള്ള കേസ് ബത്തേരി കോടതിയില്‍ നടക്കുന്നുണ്ട്. പനമരം വിധവയായ ഇല്ലിക്കല്‍ ബിയ്യാത്തുവിന്റെ രണ്ട് ഏക്കര്‍ വരുന്ന സ്ഥലമാണ് മണ്ണ് നികത്തി റോഡ് നിര്‍മിച്ചത്. തുടര്‍ന്ന് സ്ഥലം ഉടമ കോടതിയെ സമീപിക്കുകയായിരുന്നു. കാവടം ഭാഗത്തെ റോഡ് നിര്‍മാണത്തിന് അനുകൂലമായ രേഖകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ വാക്കാല്‍ പറയുന്നുണ്ടെങ്കിലും കോടതി അവശ്യപ്പെട്ടിട്ടും രേഖ സമര്‍പ്പിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കോടതി നേരിട്ട് സ്ഥലത്തിന്റെ നിജസ്ഥിതി അറിയാന്‍ ആളെ നിയോഗിച്ച് പരിശോധന നടത്തിയതില്‍ സ്ഥലം കൈയേറിയതായി കണ്ടെത്തിയിട്ടുണ്ട്. കണിയാമ്പറ്റ പഞ്ചായത്ത് അധികൃതര്‍ ഹാജരാക്കിയ രേഖയില്‍ തന്നെ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നാണ് സൂചന. കൃത്യമായ രേഖകള്‍ ലഭിക്കാതെ റോഡ് പ്രവൃത്തി നടത്തില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത് അധികൃതര്‍.
എന്നാല്‍ അപ്രോച്ച് റോഡ് യാഥാര്‍ഥ്യമാക്കാന്‍ സ്ഥലം ഉടമയുമായി ചര്‍ച്ചക്ക് പോലും ജനപ്രതിനിധികള്‍ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. പ്രദേശത്തെ വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ലീഗല്‍ അതോറിറ്റിക്ക് പരാതി കൊടുത്തിരുന്നു. ഇതിലും ഇതുവരെ നടപടിയായിട്ടില്ല. ഇതിനിടയില്‍ സ്ഥലം കൈയേറിയെന്നാരോപിച്ച് പ്രദേശത്തെ മറ്റൊരാളും കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. റോഡും പാലവും യഥാര്‍ഥ്യമാല്‍ കണിയാമ്പറ്റയില്‍ നിന്ന് കാവടം, നടവയല്‍ ഭാഗത്തേക്കുള്ള യാത്ര എളുപ്പമാകും. എന്നാല്‍ ചര്‍ച്ചകള്‍ നടത്തി യാഥാര്‍ഥ്യമാക്കേണ്ട ഒരു നാടിന്റെ വികസനം ചിലരുടെ മര്‍ക്കടമുഷ്ടിയില്‍ അമര്‍ന്ന് ഇല്ലാതാകാകുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."