കലുങ്കുകള്‍ അപകടാവസ്ഥയില്‍
ആലക്കോട്: അപകടാവസ്ഥയിലായ കലുങ്കുകള്‍ പുനര്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചാണോക്കുണ്ട് നെല്ലിപ്പാറ റോഡില്‍ മണിക്കല്‍ ഭാഗത്തെ രണ്ടു കലുങ്കുകളാണ് തകര്‍ച്ചാ ഭീഷണി നേരിടുന്നത്. നിരവധി വാഹനങ്ങള്‍ തലങ്ങും വിലങ്ങും കടന്നു പോകുന്ന മണിക്കലിലെ പ്രധാന കലുങ്കുകളുടെ പാര്‍ശ്വ ഭിത്തി ഇടിഞ്ഞ് അപകട ഭീഷണിയിലായിട്ട് മാസങ്ങളായെങ്കിലും സുരക്ഷയൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. പൊതുവേ വീതികുറഞ്ഞ റോഡില്‍ കൊടും വളവുള്ള ഭാഗത്താണ് കലുങ്ക് തകര്‍ന്നത് എന്നതിനാല്‍ ഇരു ചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായിരിക്കുകയാണ്. ഇവിടെ നിന്നു 50 മീറ്റര്‍ മാറി മറ്റൊരു കലുങ്ക് ഉണ്ടെങ്കിലും അതിന്റെ അവസ്ഥയും വ്യത്യസ്തമല്ല. കാല് നൂറ്റാണ്ടു മുമ്പു നിര്‍മിച്ച കലുങ്കിന്റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞ് ഇരുമ്പ് കമ്പികള്‍ പുറത്തു കാണുന്ന അവസ്ഥയിലാണ്. ഭാരം കയറ്റിയ ലോറികളും ബസുകളും കടന്നു പോകുമ്പോള്‍ കലുങ്കിനു കുലുക്കമുണ്ടാകുന്നതായി പ്രദേശവാസികള്‍ പറയുന്നു. ചാണോകുണ്ടില് നിന്നു എളുപ്പത്തില്‍ ചെറുപുഴ ഭാഗത്തേക്ക് എത്താമെന്നതിനാല്‍ നിരവധി വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നു പോകുന്നത്. കലുങ്ക് പുനര്‍ നിര്‍മിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപെട്ട് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വലിയൊരു ദുരന്തത്തിനു കാത്തു നില്‍ക്കാതെ കലുങ്കുകള്‍ പുനര്‍ നിര്‍മിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."