സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍: ചെന്നിത്തല
കൊല്ലം: സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ തുടര്‍ന്ന് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച ജനവിധി-2019ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലേക്ക് കൂപ്പുകുത്തി. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക്ക് രാജിവയ്ക്കണം. മുന്‍പ് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ശിവദാസമേനോന് ധനമന്ത്രിയായിരിക്കുമ്പോഴാണ് ട്രഷറികള്‍ പൂട്ടിയത്. ബില്ലുകള്‍ മാറിനല്കേണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
എല്ലാ സോഫ്റ്റ്വെയറുകളും ബ്ലോക്ക് ചെയ്തു കഴിഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പകുതിപോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലാവധി തീര്‍ന്നപ്പോള്‍ ട്രഷറിയിലെ മിച്ചം 1640 കോടിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇത് 72 രൂപയാണ്. ഇത് കേരളത്തിന്റെ ചരിത്രത്തിലാദ്യമാണ്.
2018-19ല്‍ അടിസ്ഥാന വികസന പദ്ധതികള്‍ക്കായി 1638.31 കോടിയാണ് നീക്കിവച്ചിരുന്നത്. എന്നാല്‍, ഇതുവരെ 172.29 കോടി മാത്രമാണ് ചെലവഴിച്ചത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 85 മുതല്‍ 90 ശതമാനം വരെയായിരുന്നു പദ്ധതിച്ചെലവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."