വലതു കോട്ടയില്‍ ഇളകിയാടിയത് 'ഇടതു കോട്ടകള്‍'
മലപ്പുറം: ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ കൂടിയെന്ന് ഇടതുപക്ഷം വാദമുയര്‍ത്തുമ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുണ്ടായ ശക്തമായ തിരിച്ചടി സംബന്ധിച്ച വിലയിരുത്തല്‍ ആരംഭിച്ചു. മികച്ച ഭൂരിപക്ഷത്തോടെ ഇടതു മുന്നണിയെ അധികാരത്തിലേറ്റിയ ലോക്‌സഭാ മണ്ഡലത്തിലെ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ യു.ഡി.എഫിനു ഭൂരിപക്ഷം നല്‍കിയപ്പോള്‍ യു.ഡി.എഫ് ഭരണത്തിലുള്ള ഒരു പഞ്ചായത്തില്‍ മാത്രമാണ് എല്‍.ഡി.എഫിനു മുന്‍തൂക്കം ലഭിച്ചത്.
ഏഴു നിയോജക മണ്ഡലങ്ങളില്‍ നാലു നഗരസഭകള്‍ ഉള്‍പ്പെടെ 44 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്. ലോക്‌സഭാ മണ്ഡലപരിധിയില്‍ 2015ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടു നഗരസഭയും 15 ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടെ 17 ഇടങ്ങളിലാണ് ഇടതുപക്ഷം വിജയം നേടിയത്.
ബാക്കിയുള്ള 27 ഇടങ്ങളില്‍ യു.ഡി.എഫ് ഭരണസമതിയാണ് നിലനില്‍ക്കുന്നത്. യു.ഡി.എഫ് ഭരണ സമതി അധികാരം കൈകാര്യംചെയ്യുന്ന വള്ളിക്കുന്ന് പഞ്ചായത്തില്‍ എല്‍.ഡി.എഫിനു ഭൂരിപക്ഷം ലഭിച്ചു. ഇടുതുമുന്നണി ഭരിക്കുന്ന പെരിന്തല്‍മണ്ണ നഗരസഭയില്‍ ലീഡ് നിലനിര്‍ത്തിയ ഇടതുസ്ഥാനാര്‍ഥി എം.ബി ഫൈസലിനെ കൊണ്ടോട്ടി നഗരസഭ കൈയൊഴിഞ്ഞു. ഇടതുമുന്നണിയും കോണ്‍ഗ്രസും ചേര്‍ന്നു ഭരിക്കുന്ന ഇവിടെ 8,070 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിക്കു ലഭിച്ചത്.
മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറം, മൂര്‍ക്കനാട്, പുഴക്കാട്ടിരി, മങ്കട, കൂട്ടിലങ്ങാടി (ജനകീയമുന്നണി) പഞ്ചായത്തുകള്‍ ഇടതുപക്ഷമാണ് ഭരിക്കുന്നത്.
രണ്ടു പഞ്ചായത്തുകളില്‍ മാത്രം യു.ഡി.എഫ് ഭരണമുള്ള ഇവിടെ മുഴുവന്‍ പഞ്ചായത്തിലും കുഞ്ഞാലിക്കുട്ടിക്കു വ്യക്തമായ ലീഡ് ലഭിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 1,508 വോട്ടിന് യു.ഡി.എഫിലെ ടി.എ അഹമ്മദ് കബീര്‍ വിജയിച്ച ഇവിടെനിന്ന് 19,262 വോട്ടിന്റെ ലീഡാണ് യു.ഡി.എഫിനു ലഭിച്ചത്.
ഇടതുമുന്നണി ഏറെ പ്രതീക്ഷവച്ച പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നഗരസഭയ്ക്കു പുറമേ മേലാറ്റൂര്‍, പുലാമന്തോള്‍, വെട്ടത്തൂര്‍, ഏലംകുളം പഞ്ചായത്തുകള്‍ ഭരിക്കുന്നത് എല്‍.ഡി.എഫാണ്. ഇവിടെ നഗരസഭയിലും ഏലംകുളത്തും മാത്രമേ ഇടതിനു ലീഡ് ചെയ്യാനായുള്ളൂ.
കൊണ്ടോട്ടി മണ്ഡലത്തില്‍ കൊണ്ടോട്ടി നഗരസഭയ്ക്കു പുറമേ വാഴക്കാട്, വാഴയൂര്‍ പഞ്ചായത്തുകളിലാണ് ഇടതു ഭരണമുള്ളത്. ഇതില്‍ വാഴയൂരില്‍ മാത്രമാണ് ഇടത് ലീഡ് ചെയ്തത്. മഞ്ചേരി മണ്ഡലത്തില്‍ എല്‍.ഡി.എഫ് ഭരിക്കുന്ന രണ്ടു പഞ്ചായത്തുകളിലും (തൃക്കലങ്ങോട് 2,844, എടപ്പറ്റ 2,658) യു.ഡി.എഫ് ലീഡ് ചെയ്തപ്പോള്‍ ലീഗ് ഭരിക്കുന്ന മഞ്ചേരി നഗരസഭ, പാണ്ടിക്കാട്, കീഴാറ്റൂര്‍ പഞ്ചായത്തുകള്‍ യു.ഡി.എഫിനു കഴിഞ്ഞ നിയമസഭയിലേതിനേക്കാള്‍ ലീഡ്‌നില ഉയര്‍ത്തി.
കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയില്‍ പറപ്പൂര്‍ പഞ്ചായത്തില്‍ മാത്രമാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള വികസന സംഖ്യം ഭരണം നടത്തുന്നത്. ഇതുള്‍പ്പെടെ മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും യു.ഡി.എഫ് ലീഡ് ഉയര്‍ത്തി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൂടെനിന്ന 17ല്‍ മൂന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് ഇടതുപക്ഷത്തെ തുണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."