ഫെയ്സ്ബുക്ക് പോസ്റ്റില്‍ രാജ്യദ്രോഹക്കേസ്: സഫറുല്‍ ഇസ്ലാം ഖാനെ ഡല്‍ഹി പോലിസ് ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് ചുമത്തിയ രാജ്യദ്രോഹക്കേസില്‍ ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് സഫറുല്‍ ഇസ്ലാം ഖാനെ ഡല്‍ഹി പൊലിസ് സ്പെഷ്യല്‍ സെല്‍ ചോദ്യം ചെയ്തു. സ്പെഷ്യല്‍ സെല്‍ ആസ്ഥാനത്തെത്തിയണ് സഫറുല്‍ ഇസ്ലാം ഖാന് ചോദ്യം ചെയ്യലിന് വിധേയനായത്. രണ്ടു മണിക്കൂർ നേരം ചോദ്യംചെയ്യല്‍ നീണ്ടുനിന്നു.
രണ്ടു ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സഫറുല്‍ ഇസ്ലാം ഖാന് ഡല്‍ഹി പൊലിസ് തിങ്കളാഴ്ച നോട്ടിസ് നല്‍കിയിരുന്നു. വിവാദ പോസ്റ്റിടാന്‍ ഉപയോഗിച്ച ഫോണ്‍, ലാപ്ടോപ് എന്നിവ ഹാജരാക്കാനും നേരത്തെ പൊലിസ് സഫറുല്‍ ഇസ്ലാം ഖാനോട് ആവശ്യപ്പെട്ടിരുന്നു.
രാവിലെ 11.45നാണ് സഫറുല്‍ ഇസ്ലാം ഖാന് സ്പെഷ്യല്‍ സെല്‍ ഓഫിസിലെത്തിയത്. ഇന്ത്യയിലെ ഇസ്ലാമോഫോബിയക്കെതിരേ അറബ് ലോകത്ത് നടന്ന ക്യാംപയിനെ അനുകൂലിച്ച കുവൈത്തിന് നന്ദി പറഞ്ഞ് ഏപ്രില്‍ 28ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനാണ് സഫറുല്‍ ഇസ്ലാം ഖാനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റിട്ടുവെന്ന ഡല്‍ഹി വസന്ത്കുഞ്ച് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 124 എ (രാജ്യദ്രോഹം), 153 എ (രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടല്‍) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സഫറുല്‍ ഇസ്ലാം ഖാന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ അടിസ്ഥാനത്തില്‍ അറസ്റ്റു പോലുള്ള കടുത്ത നടപടികളൊന്നും പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."