ഖലിസ്ഥാന്‍ തീവ്രവാദികളുടെ സാന്നിധ്യം: പാകിസ്താനുമായുള്ള ചര്‍ച്ച ഇന്ത്യ നീട്ടി
ന്യൂഡല്‍ഹി: കര്‍ത്താര്‍പൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് പാകിസ്താനുമായി നടത്താനിരുന്ന ചര്‍ച്ച ഇന്ത്യ നീട്ടിവച്ചു. ഏപ്രില്‍ രണ്ടിന് നടത്താനിരുന്ന കൂടിക്കാഴ്ചയാണ് കര്‍ത്താര്‍പൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട പ്രധാന കമ്മിറ്റിയില്‍ ഖലിസ്ഥാന്‍ തീവ്രവാദികളുടെ സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നീട്ടിവച്ചത്.
കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ നപടിക്രമങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചയാണ് നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ 19ന് ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ക്കിടയിലെ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഏപ്രിലിലെ ചര്‍ച്ചയ്ക്ക് തീരുമാനമായത്. ഖലിസ്ഥാന്‍ തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച് വിശദീകരണം തേടി ഇന്ത്യ ഇന്നലെ രാവിലെ പാക് പ്രതിനിധിയെ വിളിച്ചുവരുത്തിയിരുന്നു.
പാകിസ്താനിലെ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (പി.എസ്.ജി.പി.സി)യുടെ പത്ത് അംഗ കമ്മിറ്റിയിലാണ് ഖലിസ്ഥാന്‍ അനുകൂലിയായ ഗോപാല്‍ സിങ് ചൗളയെ പാകിസ്താന്‍ ഉള്‍പ്പെടുത്തിയത്.
ഇന്ത്യയില്‍നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയെന്നുള്ളതാണ് ഈ കമ്മിറ്റിയുടെ ഉത്തരവദിത്വം.
തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ നേതാവും മുംബൈ ഭീകരാക്രമണ ആസൂത്രകനുമായ ഹാഫിസ് സഈദുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് ഗോപാല്‍ സിങെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കര്‍ത്താര്‍പൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ ബന്ധിച്ചുള്ള അടുത്തയോഗം പാകിസ്താന്‍ പ്രതികരണമനുസരിച്ച് ഉചിതമായ സമയത്തു നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വിവാദമായ വ്യക്തിയെ പാകിസ്താന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ കാരണം വ്യക്തമാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
എന്നാല്‍ കൂടിക്കാഴ്ച മാറ്റിവച്ച ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് പാകിസ്താന്‍ രംഗത്തെത്തി. അജ്ഞത കൊണ്ടാണ് ഇന്ത്യയുടെ തീരുമാനമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി മഹമൂദ് ഫൈസല്‍ ട്വീറ്റ് ചെയ്തു.
തീരുമാനമാകാത്ത വിഷയങ്ങളില്‍ ചര്‍ച്ച നടത്താനും പൊതുഅഭിപ്രായത്തിലെത്താനുമായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്.
പാകിസ്താന്റെ അഭിപ്രായം പോലും കേള്‍ക്കാതെയാണ് അവസാന നിമിഷം ചര്‍ച്ചയില്‍നിന്ന് പിന്‍മാറിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ത്താര്‍പൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് രാജ്യ വിരുദ്ധരെ ഉള്‍പ്പെടുത്തരുതെന്ന് ഇന്ത്യ നേരത്തെ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.
അട്ടാരിയില്‍ പാകിസ്താനുമായി നടന്ന ചര്‍ച്ചയിലാണ് സാങ്കേതിക വിദഗ്ധരുടെ ചര്‍ച്ച ഏപ്രിലില്‍ നടത്താന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."