അമിത വൈദ്യുതി ചാര്‍ജ് പിന്‍വലിക്കണം
വൈദ്യുതി ബോര്‍ഡിന്റെ അധിക ബില്ലിനെതിരേ ഇന്ന് രാത്രി ഒന്‍പതിന് മൂന്ന് മിനിട്ട് സമയം യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിളക്കണച്ച് പ്രതിഷേധിക്കുകയാണ്. ലൈറ്റ്‌സ് ഓഫ് കേരള എന്ന് നാമകരണം ചെയ്യപ്പെട്ട സമരത്തില്‍ എല്ലാ വീട്ടുകാരും പങ്കെടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭ്യര്‍ഥിച്ചിരിക്കുന്നത്.
ലോക്ക്ഡൗണ്‍ കാലത്ത് അധിക വൈദ്യുതി ബില്‍ ഈടാക്കിയെന്നു പരാതിപ്പെട്ട് ഇന്നലെ ഹൈക്കോടതിയില്‍ ഹരജിയും സമര്‍പ്പിക്കപ്പെട്ടു. അശാസ്ത്രീയമായ രീതിയിലാണ് ബില്‍ തയാറാക്കിയതെന്ന് പറഞ്ഞാണ് ഹരജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. അറുപത് ദിവസം തികയുന്ന ദിവസം തയാറാക്കേണ്ട ബില്‍ പ്രസ്തുത ദിവസം കഴിഞ്ഞ് തയാറാക്കുമ്പോള്‍ ബില്ലില്‍ അമിത തുകയാണ് ഈടാക്കുന്നതെന്നാക്ഷേപിക്കുന്നുണ്ട് ഹരജിയില്‍. ഹൈക്കോടതി ഇത് സംബന്ധിച്ച് വൈദ്യുതി ബോര്‍ഡിനോട് വിശദീകരണം ആരാഞ്ഞിരിക്കുകയാണ്. ഇന്ന് കേസ് വീണ്ടും പരിഗണിക്കും.
പരാതി നല്‍കുന്നവര്‍ക്ക് മനസിലാകാത്ത വിധം വിശദീകരണം നല്‍കി വരുന്ന വൈദ്യുതി ബോര്‍ഡിന്റെ ശൈലി ഹൈക്കോടതിയിലും ആവര്‍ത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. 240 യൂനിറ്റിന് മുകളിലുള്ള ബില്ലുകളില്‍ സബ്‌സിഡി ഒഴിവാക്കിയതും നാലു മാസത്തെ ബില്‍ ഒരുമിച്ചു തയാറാക്കിയതും ഉപയോക്താക്കള്‍ക്ക് കനത്ത ഷോക്കാണ് ഏല്‍പിച്ചത്. എന്നാല്‍ സങ്കീര്‍ണമായ കണക്കുകള്‍ അവതരിപ്പിച്ചു കൊണ്ട് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള പറയുന്നത് ബില്ലുകളില്‍ അമിത ചാര്‍ജ് ഈടാക്കുന്നില്ലെന്നും ബില്ലുകളിലെ ഭാഷ ആളുകള്‍ക്ക് മനസിലാകാത്തത് കൊണ്ടാണ് പരാതികള്‍ ഉയരുന്നതെന്നുമായിരുന്നു. ഇത് പരിഹരിക്കാന്‍ ബില്ലുകള്‍ ഇംഗ്ലീഷിനു പുറമെ മലയാളത്തിലും നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കെ.എസ്.ഇ.ബിയുടെ അടിയന്തര യോഗം ചേരുമെന്നും ചെയര്‍മാന്‍ അറിയിച്ചിരിക്കുകയാണ്.
വൈദ്യുതി ബോര്‍ഡിന്റെ അമിത ബില്ലിനെതിരേ ഒരു ലക്ഷത്തിലധികം പരാതികളാണ് കെ.എസ്.ഇ.ബിക്ക് ഇതിനകം ലഭിച്ചത്. പരാതികളിലൊന്നിലും കഴമ്പില്ലെന്നാണ് ചെയര്‍മാന്‍ പറയുന്നത്. എന്നിട്ടദ്ദേഹം ബില്‍ തുക വിശദീകരിക്കുമ്പോള്‍ ഒന്നും മനസിലാകാതെ ഉപയോക്താക്കള്‍ക്ക് കണ്ണ് മിഴിച്ചിരിക്കേണ്ടി വരുന്നു. എന്നാല്‍ നടന്‍ മധുപാല്‍ നല്‍കിയ പരാതിയ്ക്ക് അടിസ്ഥാനമുണ്ടെന്ന് കെ.എസ്.ഇ.ബി കണ്ടെത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ 5,714 രൂപയുടെ അമിത ബില്‍ 300 ആക്കി കുറച്ചു കൊടുക്കുകയും ചെയ്തു.
ലോക്ക്ഡൗണിന്റെ മറവില്‍ അമിത ബില്‍ ഈടാക്കിയെന്ന വ്യാപകമായ പരാതിക്ക് കെ.എസ്.ഇ.ബി നല്‍കുന്ന വിശദീകരണം ലോക്ക്ഡൗണ്‍ കാലമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ വീടുകളില്‍ വൈദ്യുതി ഉപയോഗം വര്‍ധിച്ചതിനാലാണെന്നാണ്. എന്നാലും ഇത്രമേല്‍ കൂടുമോ എന്ന ഉപയോക്താക്കളുടെ സംശയങ്ങള്‍ക്കാണ് ചെയര്‍മാന്‍ വിശദീകരണം നല്‍കി അവരുടെ സംശയങ്ങള്‍ ഇരട്ടിപ്പിക്കുന്നത്.
ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ക്ക് സൗജന്യ ഭക്ഷണ കിറ്റ് സര്‍ക്കാര്‍ നല്‍കിയത് വരാനിരിക്കുന്ന വൈദ്യതി ബില്‍ ഷോക്കിനെ പ്രതിരോധിക്കാനായിരുന്നുവോ എന്ന് ഇപ്പോള്‍ തോന്നിപ്പോവുകയാണ്. രണ്ടോ മൂന്നോ ലൈറ്റുകളും ഫാനുകളും ഉള്ളവര്‍ക്ക് പോലും താങ്ങാനാവാത്ത ബില്‍ വരുമ്പോള്‍ ചെയര്‍മാന്റെ സങ്കീര്‍ണമായ വിശദീകരണം അവരെ എങ്ങനെയാണ് തൃപ്തിപ്പെടുത്തുക.
ബില്‍ വൈകിച്ച് സ്ലാബ് ഉയര്‍ത്തുന്നുവെന്ന പരാതി വ്യാപകമാണ്. അതിന് തൃപ്തികരമായ മറുപടിയില്ല. കൊവിഡ് കാലത്ത് അടഞ്ഞുകിടന്ന സ്ഥാപനങ്ങള്‍ക്ക് നാലിരട്ടി ബില്‍ തുക എങ്ങനെയാണുണ്ടായതെന്ന ചോദ്യങ്ങള്‍ക്കും മറുപടിയില്ല. കേന്ദ്രസര്‍ക്കാര്‍ നിത്യേന ഇന്ധന വില കൂട്ടി 'വലതുപക്ഷ ' ഇരുട്ടടി നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വൈദ്യുത ബില്ല് നാലിരട്ടിയോളം വര്‍ധിപ്പിച്ച് 'ഇടതുപക്ഷ' ഷോക്കേല്‍പിക്കുന്നു. ചുരുക്കത്തില്‍ ഇടതു ഭാഗത്ത് നിന്നും വലതു ഭാഗത്ത് നിന്നും ജനങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണ്.
ട്രേഡ് യൂനിയന്‍ സംഘടനകളും സ്ഥാപിത താല്‍പര്യക്കാരുമാണ് കെ.എസ്.ഇ.ബിയെ ഭരിക്കുന്നതെന്ന പരാതി പണ്ടേയുള്ളതാണ്. കെ.എസ്.ഇ.ബിയുടെ അധിക ബില്ലിനെതിരേ സംസ്ഥാനത്തെ ട്രേഡ് യൂനിയനുകളൊന്നും പ്രതിഷേധിക്കാത്തത് ഈ സന്ദര്‍ഭത്തിലാണ് അര്‍ഥഗര്‍ഭമാകുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിനെ സംബന്ധിച്ച് നേരത്തെയുള്ള പരാതികളാണ്. ഇതിനാല്‍ വരുന്ന അമിതച്ചെലവുകള്‍ പരിഹരിക്കാനാണ് ജനങ്ങളുടെ ചുമലുകളില്‍ കനത്ത ബില്‍ തുക കെട്ടിവയ്ക്കുന്നത്. എന്നാല്‍ വന്‍കിടക്കാരില്‍ നിന്നുള്ള കോടികളുടെ കുടിശ്ശിക പിരിച്ചെടുക്കാന്‍ സാധാരണക്കാരനോട് കാണിക്കുന്ന ചങ്കൂറ്റം കാണിക്കുന്നുമില്ല. വൈദ്യുതി മോഷണം നടത്തുന്ന വന്‍കിട കമ്പനികള്‍ക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു. 240 വന്‍കിടക്കാര്‍ കോടികളുടെ കുടിശ്ശികയാണ് വരുത്തിവച്ചിരിക്കുന്നത്. 500 രൂപ അടച്ചുക്കൊണ്ടിരിക്കുന്ന സാധാരണക്കാരന്റെ മേല്‍ അയ്യായിരം രൂപ അടിച്ചേല്‍പിക്കുകയും അതടയ്ക്കാന്‍ വൈകിയാല്‍ ഫ്യൂസ് ഊരിപ്പോവുകയും ചെയ്യുന്ന കെ.എസ്.ഇ.ബി എന്ത് നന്മയാണ് അവര്‍ക്ക് ചെയ്യുന്നത്. ഏതു ഭരണം വന്നാലും കെ.എസ്.ഇ.ബിയില്‍ ഒരേഭരണം തന്നെയാണ്. കെടുകാര്യസ്ഥതയുടെ, അഴിമതിയുടെ.
കനത്ത ബില്‍ തുകയെ പറ്റി പരാതിപ്പെടുന്നവരോട് തവണകളായി അടയ്ക്കാനാണ് ചെയര്‍മാന്‍ പറയുന്നത്. അമിത ചാര്‍ജ് ഈടാക്കുന്നതിനു ഇതാണോ പരിഹാരം. വലിയവരോട് അനുരഞ്ജനവും സാധാരണക്കാരനെ പിഴിയുകയും ചെയ്യുന്ന നിലപാടിന്റെ ദൃശ്യമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ജനങ്ങളെ ഇങ്ങനെ കൊള്ളയടിക്കാന്‍ ഇപ്പോള്‍ വൈദ്യുതക്ഷാമമില്ല. ഡാമുകളിലാണെങ്കില്‍ ഇഷ്ടം പോലെ വെള്ളമുണ്ട്. കൊവിഡ് കാലത്ത് സര്‍ക്കാരില്‍നിന്ന് സാധാരണക്കാര്‍ക്ക് സഹായം കിട്ടേണ്ട സമയത്ത് അവരെ ദ്രോഹിക്കാനാണ് കെ.എസ്.ഇ.ബി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. കേരളത്തില്‍ കൊവിഡ് പടരുകയാണ്. എല്ലാ നിയന്ത്രണങ്ങളും ഭേദിച്ചു സമൂഹവ്യാപനത്തിന്റെ പടിവാതില്‍ക്കല്‍ അത് എത്തി നില്‍ക്കുന്നു. ഈയൊരു സന്ദര്‍ഭത്തില്‍ ഹൈക്കോടതി വിധി വരും മുന്‍പെ, പ്രതിപക്ഷം പ്രഖ്യാപിച്ച ലൈറ്റ്‌സ് ഓഫ് കേരള പ്രതിഷേധ സമരത്തിന് കാത്തു നില്‍ക്കാതെ, അമിത ചാര്‍ജ് പിന്‍വലിക്കാന്‍ കെ.എസ്.ഇ.ബി തയാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."