വനിതാ പൊലിസ് സബ് ഇന്‍സ്‌പെക്ടറെ അക്രമിച്ചവരെ പിടികൂടി
ആലുവ: ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ വനിതാ പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ ജെര്‍ട്ടീന ഫ്രാന്‍സിസിനെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തി അക്രമിച്ചവരെ പൊലിസ് പിടികൂടി.
എടത്തല മുരിങ്ങാശ്ശേരി ഹാരിസ്, കുഞ്ചാട്ടുകര നെല്ലിക്കാത്തുകുടി അലിയാര്‍ മകന്‍ ഇബ്രാഹിം, കുഞ്ചാട്ടുകര സതീശന്‍ മകന്‍ നിതീഷ്, പെങ്ങാട്ടുശ്ശേരി കോന്നംകുളം വീട്ടില്‍ ഉസ്മാന്‍ മകന്‍ ഹാരിസ്, കുഞ്ചാട്ടുകര കൈപ്പിള്ളി വീട്ടില്‍ കരീം മകന്‍ അനസ്സ്, കുഞ്ചാട്ടുകര ചേനക്കാര വീട്ടില്‍ യൂസഫ് മകന്‍ അബ്ദുള്‍ സലാം, എടത്തല എന്‍.എ.ഡി കൈപ്പിള്ളി വീട്ടില്‍ ജലീല്‍ മകന്‍ യാസിര്‍, നൊച്ചിമ ചന്ദ്രത്തില്‍ വീട്ടില്‍ അഷറഫ് മകന്‍ ഷെഫീക്, കുഞ്ചാട്ടുകര മാടപ്പിള്ളി വീട്ടില്‍ ഹസൈനാര്‍ മകന്‍ ഷെമീര്‍, കുഞ്ചാട്ടുകര വടക്കേടത്ത് വീട്ടില്‍ അലിയാര്‍ മകന്‍ അന്‍വര്‍, എടത്തല തേക്കുംപറമ്പില്‍ ഭാസ്‌കരന്‍ മകന്‍ രാജ്, കുഞ്ചാട്ടുകര നെല്ലിക്കാതുകുഴി അലിയാര്‍ മകന്‍ കുഞ്ഞുമുഹമ്മദ് എന്നിവരെയാണ് പൊലിസ് പിടികൂടിയത്.
ജൂണ്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. എടത്തല പൊലിസ് സ്റ്റേഷനിലെ കേസ്സില്‍ ഉള്‍പ്പെട്ട പ്രതിയായ ഉസ്മാനെ വൈദ്യ പരിശോധനയ്ക്കായി ആലുവ ലക്ഷ്മി ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം സി.ടി സ്‌കാന്‍ ചെയ്യുന്നതിനായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റുന്നതിനിടെയാണ് ജെര്‍ട്ടീനയെ ഇവര്‍ ഉപദ്രവിച്ചത്.
അസഭ്യവാക്കുകള്‍ വിളിച്ചുകൊണ്ട് ആംബുലന്‍സിലേക്ക് തള്ളികയറുകയും അത് തടയാന്‍ ശ്രമിച്ച ജെര്‍ട്ടീനയുടെ കൈപിടിച്ച് തിരിച്ചും വാഹനത്തില്‍ നിന്നും പുറത്തേക്ക് വലിച്ചും വേദനിപ്പിച്ചു. അതുകൂടാതെ, പ്രതികളില്‍ ഒരാളുടെ ഇടികൊണ്ട് അവരുടെ രണ്ടാമത്തെ വാരിയെല്ലിന് പൊട്ടല്‍ സംഭവിച്ചു. ഇതേത്തുടര്‍ന്ന് ജെര്‍ട്ടീന ചികിത്സയിലായിരുന്നു.
എറണാകുളം റൂറല്‍ ജില്ലാ പൊലിസ് മേധാവി രാഹുല്‍ ആര്‍ നായരുടെ നിര്‍ദ്ദേശപ്രകാരം ആലുവ ഡി.വൈ.എസ്.പി ഉദയഭാനു, സി.ഐമാരായ വിശാല്‍ ജോണ്‍സണ്‍, അനില്‍കുമാര്‍, മുരളി, എസ്.ഐമാരായ നോബിള്‍, സോണി മത്തായി, അനില്‍കുമാര്‍, ഫ്രാങ്ക്‌ലിന്‍ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതികളെ വീടുകളില്‍ നിന്നും പിടികൂടിയത്.
ഇവരെ ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷിച്ചു വരികയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ ആലുവ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി വരുന്നതാണെന്നും എറണാകുളം റൂറല്‍ ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."