ബധിര വിദ്യാര്‍ഥികളും ഓഫ്‌ലൈനിലാണ്
ലോക്ക്ഡൗണ്‍ കാരണം യഥാസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയാത്തതിനാലാണ് ഓണ്‍ലൈന്‍ ക്ലാസുകളെപ്പറ്റി വിദ്യാഭ്യാസ വകുപ്പും മത വിദ്യാഭ്യാസ ബോര്‍ഡുകളുമൊക്കെ ചിന്തിച്ചു തുടങ്ങിയത്. അവധിക്കാലത്ത് വേണ്ട തയാറെടുപ്പുകള്‍ നടത്താന്‍ കഴിഞ്ഞതിനാല്‍ ഇരു വിഭാഗത്തിനും ജൂണ്‍ ഒന്നിനുതന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. സാധാരണ വ്യത്യസ്ത സമയങ്ങളിലാരംഭിക്കാറുള്ള സ്‌കൂളുകളും മദ്‌റസകളുമൊക്കെ തുറക്കേണ്ടത് ഇത്തവണ ഒരുമിച്ചായിരുന്നു. അതിനാല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്‌സ് ചാനലിലും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സമസ്ത ഓണ്‍ലൈന്‍ ചാനലിലും ഒരേ സമയത്തു തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി. നേരത്തെ സ്‌കൂള്‍, മദ്‌റസ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളില്‍വച്ച് മാത്രമാണ് പാഠ ഭാഗങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ അവ എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാമെന്നായിട്ടുണ്ട്. സ്‌കൂളുകള്‍ തുറന്ന് സാധാരണ പോലെ ക്ലാസുകള്‍ ആരംഭിച്ചാലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്നാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആഗ്രഹിക്കുന്നത്.
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ സമഗ്ര ശിക്ഷ അഭിയാന്‍ നടത്തിയ സര്‍വേയില്‍ സംസ്ഥാനത്ത് 2.61 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വീക്ഷിക്കാനുള്ള സൗകര്യമില്ലെന്ന് പ്രാഥമികമായി കണ്ടെത്തിയിരുന്നു. എന്നാല്‍ വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ ഈ കുട്ടികളുടെ എണ്ണം മെയ് 31 ന് മുമ്പ് തന്നെ 1.15 ലക്ഷമായി കുറയ്ക്കാനായി. ബാക്കിയുള്ള കുട്ടികള്‍ക്ക് കൂടി സൗകര്യങ്ങളൊരുക്കാന്‍ പരിശ്രമിക്കുന്നതിനിടയ്ക്കാണ് വളാഞ്ചേരിയില്‍ ദേവിക എന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യുന്നത്. അതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വ്യക്തികളും സന്നദ്ധ സംഘടനകളുമൊക്കെ മുന്‍കൈയെടുത്ത് അത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പരിശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട കണക്കു പ്രകാരം അത്തരം സൗകര്യങ്ങളില്ലാതെ ഇപ്പോഴും പരിധിക്കു പുറത്തുള്ള വിദ്യാര്‍ഥികള്‍ 17774 ആണ്.
എന്നാല്‍ എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും ഓണ്‍ലൈന്‍ ക്ലാസുകളനുഭവിക്കാന്‍ ഭാഗ്യം ലഭിക്കാത്ത ഒരു വിഭാഗം വിദ്യാര്‍ഥികള്‍ നമുക്കിടയിലുണ്ട്. തീവ്രശ്രവണ പരിമിതിയുള്ള (ബധിര) വിദ്യാര്‍ഥികളാണവര്‍. അവര്‍ക്ക് വേണ്ടത് ആംഗ്യ ഭാഷയിലുള്ള ക്ലാസുകളാണ്. കേരള സര്‍ക്കാരിന്റെ വിക്ടേഴ്‌സ് ചാനലിലോ സമസ്തയുടെ ഓണ്‍ലൈന്‍ ചാനലിലോ ഇത്തരം ക്ലാസുകളൊന്നും ഇതുവരേയും ആരംഭിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ ഗുണഫലം അവര്‍ക്കും ലഭിക്കേണ്ടതുണ്ട്. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നവരാണല്ലോ അവരും.
തീവ്രശ്രവണ പരിമിതിയുള്ള കുട്ടികള്‍ക്കായി കേരളത്തില്‍ മൂന്ന് സര്‍ക്കാര്‍ സ്‌പെഷല്‍ സ്‌കൂളുകളും 28 സ്‌പെഷല്‍ ഗവണ്‍മെന്റ് എയ്ഡഡ് വിദ്യാലയങ്ങളും ഏതാനും സ്വകാര്യ വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിദ്യാലയങ്ങളിലെല്ലാം കൂടി മുവായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ സാധാരണ സ്‌കൂളുകളിലും ഗുരുതര ശ്രവണ പരിമിതിയുള്ള കുട്ടികളെ കാണാന്‍ കഴിയും. എന്നാല്‍ ബധിര വിദ്യാര്‍ഥികള്‍ക്കായി സ്‌പെഷല്‍ മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നതായി അറിവില്ല. ആംഗ്യ ഭാഷയില്‍ ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകളാരംഭിക്കുന്നതോടെ ബധിര വിഭാഗം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമെല്ലാം അതിന്റെ പ്രയോജനം ലഭിക്കും.
ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ബധിര വിഭാഗത്തിനു കൂടി പ്രയോജനപ്പെടുത്താന്‍ ചില നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവരുടെ പരിഗണനക്കായി സമര്‍പ്പിക്കുന്നു. (1) ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ഇപ്പോള്‍ പഠിപ്പിക്കുന്ന പാഠ ഭാഗങ്ങള്‍ ആംഗ്യ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താനറിയാവുന്ന പ്രാപ്തരായ ആംഗ്യ ഭാഷാ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി, ക്ലാസുകള്‍ ആംഗ്യ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താവുന്നതാണ്. (2) ബധിര വിഭാഗത്തിന് മാത്രമായി ഓണ്‍ലൈന്‍ ക്ലാസുകളുടെ വിഡിയോകള്‍ തയാറാക്കി വിക്ടേഴ്‌സ് ചാനല്‍ വഴിയും സമസ്ത ഓണ്‍ലൈന്‍ ചാനല്‍ വഴിയും സംപ്രേഷണം ചെയ്യാവുന്നതാണ്. ബധിര സ്‌കൂള്‍ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഇതാവും ഗുണകരം. കാരണം സാധാരണ വിദ്യാര്‍ഥികളുടെ പാഠഭാഗങ്ങളുടെ ഉള്ളടക്കത്തില്‍ ചെറിയ രീതിയിലുള്ള അനുരൂപീകരണങ്ങള്‍ അവരുടെ പാഠ ഭാഗങ്ങളില്‍ വരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."