ഹിന്ദി -ചീനി ഭായി ഭായി: മറന്നതും മറക്കരുതാത്തതും
ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന നാലു പ്രധാനരാജ്യങ്ങളാണ് ചൈനയും പാകിസ്താനും ബംഗ്ലാദേശും നേപ്പാളും. ഇവയില്‍ ചൈനയുമായി അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ നമുക്കുണ്ടാക്കിയിട്ടുള്ള പ്രയാസങ്ങള്‍ ചെറുതല്ല. 1962ല്‍ നടന്ന ചൈനീസ് ആക്രമണത്തിനുശേഷം പ്രത്യക്ഷത്തില്‍ ഇരുരാജ്യങ്ങളും നേര്‍ക്കുനേര്‍ പോരാടിയിട്ടില്ല. 1975 നു ശേഷം ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി അറിവില്ല. പഴയ പഞ്ചശീലവും ഹിന്ദി - ചീനി ഭായി ഭായി എന്ന മുദ്രാവാക്യവുമൊന്നും പണ്ടത്തെ ഇമ്പത്തോടെ ഇന്നു നിലനില്‍ക്കുന്നില്ലെങ്കിലും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശത്രുതയില്ലെന്നു മാത്രമല്ല, സൗഹൃദത്തിന്റെ വഴിയിലൂടെയാണു സഞ്ചാരമെന്നു വരുത്തിത്തീര്‍ക്കാന്‍ ഷി - മോദി കൂടിക്കാഴ്ചയിലൂടെയും മറ്റും ഇരുരാജ്യങ്ങളും കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. ഈ മധുരാനുഭൂതികള്‍ക്കിടയിലാണു ഗാല്‍വാന്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍.
പാകിസ്താനാണ് നമ്മുടെ മറ്റൊരു അതിര്‍ത്തി രാജ്യം. സ്വാതന്ത്ര്യപ്രാപ്തി മുതല്‍ പാകിസ്താനുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണു നാം. ഇപ്പോഴത്തെ അവസ്ഥയില്‍ അതിര്‍ത്തികള്‍ ശാന്തമാവുമെന്നതു വിദൂര പ്രതീക്ഷപോലുമല്ല. നേപ്പാളുമായി പുതുതായുണ്ടായ ഇടച്ചിലോടു കൂടി വടക്കുകിഴക്കന്‍, വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ഉടനീളം ഇന്ത്യക്കു നല്ല അയല്‍ക്കാരില്ലെന്നു വന്നിരിക്കുന്നു.ഇന്ത്യയുമായി എല്ലാ അര്‍ഥത്തിലും സൗഹൃദവും സാംസ്‌കാരികബന്ധങ്ങളും പങ്കിടുന്ന നാടാണു നേപ്പാള്‍ - ലോകത്തിലെ ഒരേയൊരു ഹിന്ദുരാജ്യം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഭൂമിശാസ്ത്രപരവും ആത്മീയവുമായ തലങ്ങള്‍ക്കപ്പുറത്തുള്ള റോട്ടി-ബേട്ടി വ്യവഹാര്‍ നിലനിര്‍ത്തിപ്പോരുന്ന രാജ്യം. ആ നേപ്പാളുമായും നാം അതിര്‍ത്തിത്തര്‍ക്കത്തിലാണ്. ബംഗ്ലാദേശ് അതിര്‍ത്തിയിലും സംഘര്‍ഷങ്ങള്‍ അപൂര്‍വമല്ല. തെക്കുഭാഗത്തു കടലിനു പുറത്തു കിടക്കുന്ന ശ്രീലങ്ക ഇന്ത്യയെ അവിശ്വാസത്തോടെയാണു നോക്കുന്നത്. വംശീയതയുടെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച മുറിവ് ഉണങ്ങിയിട്ടില്ലെന്നു ചുരുക്കം. രാജ്യമെന്ന നിലയിലും ജനതയെന്ന നിലയിലും നല്ല അയല്‍പക്കബന്ധം നിലനിര്‍ത്താനാവാത്ത രാഷ്ട്രമായി ഇന്ത്യ മാറിയിരിക്കുന്നു. ചേരിചേരാനയം വഴിയും മറ്റും ലോകപൗരനെന്ന ഖ്യാതി നിലനിര്‍ത്താന്‍ കഴിഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നാടിനാണ് ഇങ്ങനെയൊരു ദുര്യോഗമെന്നതു ചരിത്രവൈരുദ്ധ്യം.
കാര്യങ്ങളും കാരണങ്ങളും
ഇന്ത്യയുമായുള്ള ചൈനയുടെ ഇപ്പോഴത്തെ ഏറ്റുമുട്ടലിന്റെ പിന്നില്‍ അതിര്‍ത്തി വികസിപ്പിക്കുന്നതിനുള്ള മോഹം മാത്രമാണെന്നൊന്നും പറഞ്ഞുകൂടാ. 1962നു മുമ്പ് അതിര്‍ത്തിയില്‍ നിലവിലുണ്ടായിരുന്ന സ്ഥിതിയില്‍ ഒരു മാറ്റവും വരുത്താന്‍ ചൈന തയാറല്ലെന്നു നാം പ്രാഥമികമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിര്‍ത്തി സംബന്ധിച്ച് നാം പുലര്‍ത്തുന്ന നിലപാടുകള്‍ അവര്‍ ഒരിക്കലും അംഗീകരിക്കുന്നില്ല. ഈ അവസ്ഥയില്‍ തങ്ങളുടെ അതിക്രമങ്ങള്‍ തികച്ചും ന്യായമാണെന്ന സമീപനമാണ് അവരുടേത്. പണ്ട് ഇ.എം.എസ് പറഞ്ഞ പോലെ നാം നമ്മുടേതെന്നു കരുതുന്ന ഭൂമി അവര്‍ അവരുടേതെന്ന് ഇന്നും കരുതുന്നു. ഈ മനോഭാവമുള്ള ചൈന നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികളെയും മറ്റും സംശയക്കണ്ണോടെ മാത്രമേ നോക്കിക്കാണുന്നുള്ളൂ. ഇന്ത്യ, ചൈന, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ പങ്കിടുന്ന രാജ്യാന്തര അതിര്‍ത്തികളുടെ തന്ത്രപ്രാധാന്യം ഈ സംശയം വര്‍ധിപ്പിക്കുകയേയുള്ളൂ. അതുവച്ചു ചിന്തിക്കുമ്പോള്‍ പഴയൊരു അവകാശവാദം പുതുക്കിയെടുക്കാനുള്ള ശ്രമമാണ് ചൈനയുടേതെന്നു വ്യക്തമാകും.
അന്താരാഷ്ട്രതലത്തില്‍ ഇന്ത്യ കൈവരിച്ചു കൊണ്ടിരിക്കുന്ന സ്ഥാനം ചൈനയെ അസ്വസ്ഥമാക്കുന്നുവെന്നു കരുതുന്ന ധാരാളം പേരുണ്ട്. ഏഷ്യയില്‍ രാഷ്ട്രീയമായും സാമ്പത്തികമായും ചൈനയുടെ ഏറ്റവും കടുത്ത എതിരാളി, അല്ല, ഒരേയൊരു എതിരാളി ഇന്ത്യയാണ്. ചൈന ആഗോള തലത്തില്‍ ഇന്നു മത്സരിക്കുന്നത് അമേരിക്കയോടാണ്. ചേരിചേരാ രാഷ്ട്രമെന്നൊക്കെ പറയുന്നുണ്ടെങ്കിലും അടുത്തകാലത്തായി ഇന്ത്യ അമേരിക്കയുടെ സ്വാധീനവലയത്തിലാണ്. ചൈനയും അമേരിക്കയും തമ്മില്‍ രൂപപ്പെട്ടുവരുന്ന താല്‍പര്യ സംഘട്ടനത്തില്‍ ഇന്ത്യ അമേരിക്കയോടൊപ്പമായിരിക്കുമെന്നു ചൈനയ്ക്കറിയാം. ലോക രാഷ്ട്രങ്ങളുടെ കൂട്ടായ്മകളില്‍ അമേരിക്കക്കൊപ്പമാണ് ഇന്ത്യ നിലക്കൊള്ളാറുള്ളത്. ഇതും ചൈനയെ ചൊടിപ്പിക്കുന്നു. ലോകത്തു നിലനില്‍ക്കുന്ന ചൈനാവിരുദ്ധ വികാരതരംഗങ്ങളെ പോഷിപ്പിക്കുന്ന നിലപാട് ഇന്ത്യ കൈക്കൊള്ളുന്നതെന്നു കരുതുന്ന ചൈന, ഇന്ത്യയില്‍ ഒരു ശത്രുവിനെ കാണുന്നത് സ്വാഭാവികം. സ്വന്തം അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിനിടയില്‍ ആഭ്യന്തരവെല്ലുവിളികള്‍ പലതും നേരിടുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് പാര്‍ട്ടി തലത്തിലും ഭരണ തരത്തിലും ഇന്ത്യയെന്ന ശത്രുവിനെ മുന്നില്‍ നിര്‍ത്തി തന്റെ രാഷ്ട്രീയ നിലനില്‍പ് സുരക്ഷിതമാക്കുകയാണെന്നു സംശയിക്കുന്നവരുമുണ്ട്. ഏതായാലും ഒന്നു തീര്‍ച്ച, അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റം ആകസ്മികമല്ല. അതിന് ആഴത്തിലുള്ള രാഷ്ട്രീയവിവക്ഷകളുണ്ട്.
ചരിത്രവും രാഷ്ട്രീയവും
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയോടെന്നല്ല എല്ലാ അയല്‍പക്കരാഷ്ട്രങ്ങളോടും ശത്രുതാപരമായ നയം കൈക്കൊള്ളേണ്ടി വരുന്നുണ്ട്. ഇതു നിസ്സഹായതയാണ്. ആര്‍ഷധാര്‍മ്മികതയുടെ വക്താക്കളാണു നാം. അഹിംസയെക്കുറിച്ചും ധര്‍മ്മാധര്‍മ്മ വിവേചനത്തെക്കുറിച്ചും നമ്മോളം മിഥ്യാബോധമുള്ള വേറെയൊരു കൂട്ടരുമില്ല. പക്ഷേ നോക്കൂ, രാഷ്ട്ര രൂപീകരണം തൊട്ടിങ്ങോട്ട് യുദ്ധങ്ങളിലൂടെ കടന്നുപോവേണ്ട ഗതികേടാണു നമുക്ക്. യുദ്ധങ്ങളുടെ ചരിത്രമാണ് ആധുനിക ഇന്ത്യയുടെ ചരിത്രം. സ്വാതന്ത്ര്യപ്രാപ്തി കൈവന്നതിന്റെ തൊട്ടുപിന്നാലെ ഇന്ത്യ യുദ്ധം തുടങ്ങി. പാകിസ്താനുമായായിരുന്നു ആദ്യയുദ്ധം. 1962 ല്‍ ചൈനയുമായി യുദ്ധം ചെയ്തു. 1971 ല്‍ കിഴക്കന്‍ പാകിസ്താനെ യുദ്ധത്തിലൂടെ മോചിപ്പിച്ചു ബംഗ്ലാദേശ് എന്ന രാജ്യം സൃഷ്ടിക്കുന്ന ദൗത്യത്തില്‍ ചരിത്രപരമായ പങ്കുവഹിച്ചു. വീണ്ടും ചെറുതും വലുതുമായ ധാരാളം യുദ്ധങ്ങള്‍. കാര്‍ഗിലും ബലാക്കോട്ടും പുല്‍വാമയുമൊക്കെ ഇന്ത്യാചരിത്രത്തിലെ രക്തഗന്ധം വമിക്കുന്ന അധ്യായങ്ങളാണ്. ഈ യുദ്ധങ്ങളിലൂടെ ഇന്ത്യയില്‍ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയകക്ഷികളും അവയുടെ അമരക്കാരും ആരാധനയും ജനസമ്മതിയും നേടിയിട്ടുണ്ട്. ചിലരെങ്കിലും കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരികയും പൊതുജീവിതത്തില്‍നിന്നു പുറത്തു പോകേണ്ടിവരികയും ചെയ്തിട്ടുണ്ട്. 1962ലെ ചൈനയുമായുള്ള യുദ്ധത്തില്‍ നേരിട്ട തോല്‍വിയുടെ അവമതി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ തിളക്കത്തിന് ഏല്‍പ്പിച്ച മങ്ങല്‍ ചെറുതല്ല. അതിന്റെ ദുഃഖ ഭാരത്തോടെയായിരുന്നു നെഹ്‌റുവിന്റെ മരണം. വി.കെ കൃഷ്ണ മേനോന്‍ അതോടെ ആര്‍ക്കും വേണ്ടാത്ത ആളായി.
ഇതിന്റെ മറുവശമാണ് ഇന്ദിരാഗാന്ധി. പാകിസ്താന്റെ മതകേന്ദ്രീകൃത ദേശീയതയ്‌ക്കെതിരായി പോരാടിയ ബംഗാളികളുടെ ഭാഷാപരമായ ഉപദേശീയതക്കൊപ്പം നിന്നു അവര്‍. ബംഗാളികള്‍ക്കു സ്വന്തമായൊരു രാജ്യം നേടിക്കൊടുക്കുകയും ചെയ്തു. രാഷ്ട്രീയത്തില്‍ അത് ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായ ജ്വലിപ്പിച്ചു. ഖലിസ്താന്‍വാദത്തിനു പിന്നില്‍ മറ്റൊരു ഉപദേശിയതാ ബോധമാണ്. ഈ വികാരം ഇന്ദിരാഗാന്ധിയുടെ ജീവനെടുത്തുവെന്നതു ദുഃഖകരമായ വൈരുദ്ധ്യം. രാജീവ് ഗാന്ധിയുടെ വധത്തിനു പിന്നിലുമുണ്ട് ദേശീയബോധത്തിന്റെ സമസ്യ. ബി.ജെ.പിയുടെ കാലം മുതല്‍ ചോരവീണ രഥ്യകളിലൂടെയാണു നമ്മുടെ ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രയാണം. പുല്‍വാമയുടെ തുടര്‍ച്ചയായ ബലാക്കോട്ട് ആക്രമണവും ദേശാഭിമാനമെന്ന വികാരത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതില്‍ ബി.ജെ.പിയെ കുറച്ചൊന്നുമല്ല സഹായിച്ചത്. കൊറോണാ രോഗഭീതിയുടെ പശ്ചാത്തലത്തില്‍ പരാജയപ്പെട്ട ഭരണാധികാരിയാണു നരേന്ദ്ര മോദി. ചൈനീസ് ആക്രമണം സൃഷ്ടിച്ചേക്കാവുന്ന ദേശാഭിമാന വിജൃംഭിതത്വത്തിന്റെ വേലിയേറ്റത്തില്‍ ഈ പരാജയം വിസ്മരിക്കപ്പെട്ടു കൂടായ്കയില്ല. സമാധാനത്തിന്റെ വഴികളിലൂടെയല്ല ഇന്ത്യയിലെ ഭരണവും രാജതന്ത്രവും സഞ്ചരിച്ചതെന്ന് അപ്പോള്‍ നമുക്കു പറയേണ്ടി വരും.
രാജ്യത്തിന്റെ പ്രതിച്ഛായ
ചൈനീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല അയല്‍പക്കബന്ധങ്ങളുടെ മൊത്തം പരിശോധനയിലൂടെയാണ് ഇന്ത്യയുടെ പ്രതിച്ഛായയെപ്പറ്റി ആലോചിക്കേണ്ടത്. നല്ല അയല്‍പക്ക ബന്ധമുണ്ടാവുക വ്യക്തികളെപ്പോലെ രാഷ്ട്രങ്ങള്‍ക്കും ആവശ്യമാണ്. തിളങ്ങുന്ന പ്രതിച്ഛായയുടെ ഉടമയായിരുന്നു നെഹ്‌റു. വിശ്വപൗര, ശക്തയായ ഭരണാധികാരി എന്ന നിലയില്‍ സ്ത്രീത്വത്തിന്റെ പരിമിതികളെ മറികടന്ന ആളായിരുന്നു ഇന്ദിര. അവര്‍ ഭരിച്ച നാടാണ് ഇന്ത്യ.പക്ഷേ ഇന്ത്യക്കു ലോകരാഷ്ട്രീയത്തില്‍ ഏതു തരം പ്രതിച്ഛായയാണുള്ളത്. നിരന്തരമായ യുദ്ധങ്ങളിലൂടെ കടന്നുപോയതു മൂലം എത്തേണ്ടിടത്ത് എത്താന്‍ കഴിയാതെ പോയ രാജ്യം. യുദ്ധഭീതി മൂലം രാജ്യത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് സൈനികാവശ്യങ്ങള്‍ക്കുവേണ്ടി നീക്കിവയ്ക്കുന്ന രാജ്യം. ആയുധങ്ങള്‍ വാങ്ങാന്‍ പണം ദുര്‍വ്യയം ചെയ്യുന്ന രാജ്യം. അയല്‍ക്കാരെ പേടിച്ച് ഉറക്കം കിട്ടാത്ത രാജ്യം. ഒരിക്കലും അഭിമാനിക്കാവുന്ന അവസ്ഥയല്ലിത്. ചൈനയെയും പാകിസ്താനെയും പ്രതിരോധിക്കാന്‍ നമുക്കു കഴിഞ്ഞേക്കാം. നേപ്പാളിനെ വരച്ചവരയില്‍ നിര്‍ത്താനുമായേക്കാം. പക്ഷേ അത് ഇന്ത്യക്ക് ആത്മബലം എത്രത്തോളം നല്‍കുന്നുണ്ട്.
അതിര്‍ത്തിത്തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ആഗോളതലത്തില്‍ ഇന്ത്യക്കുണ്ടാക്കിയ പ്രതിച്ഛായാ നഷ്ടം സ്വാതന്ത്ര്യപ്രാപ്തിയുടെ കാലം മുതല്‍ ഉണ്ട്. 1948 ല്‍ കശ്മിര്‍ പ്രശ്‌നം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കപ്പെട്ടു. അതിര്‍ത്തി കടന്നു കശ്മിരിനെ ആക്രമിച്ച ഗോത്രവര്‍ഗക്കാര്‍ക്കും അവരെ പിന്തുണച്ച പാകിസ്താനുമെതിരായി ആഗോളതലത്തില്‍ അഭിപ്രായമുണ്ടാക്കാന്‍ നമുക്കു കഴിഞ്ഞില്ല. യു.എന്‍ രക്ഷാസമിതി കശ്മിര്‍ പ്രശ്‌നമെന്നതു മാറ്റി ഇന്ത്യ - പാകിസ്താന്‍ പ്രശ്‌നമാക്കി. ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്മിര്‍ ലോകത്തിന്റെ കണ്ണില്‍ തര്‍ക്കപ്രദേശമായി. ഇന്ത്യക്കുണ്ടായ പ്രതീകാത്മക പരാജയമെന്നാണു ചരിത്രകാരനായ രാമചന്ദ്ര ഗുഹ ഇതിനെ വിശേഷിപ്പിക്കുന്നത്. യുദ്ധങ്ങള്‍ ജയിക്കുന്ന വേളകളിലും നാം ഇത്തരം പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു.അയല്‍ രാജ്യങ്ങളില്‍നിന്നു നമ്മുടെ അഖണ്ഡതക്കെയ്തിരായി ഭീഷണികളുണ്ടാവുമ്പോള്‍ അതിനെ നേരിടണം. പക്ഷേ, അതിനായി നാം എത്രമാത്രം കഷ്ടപ്പെടുന്നു, എത്ര വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടുത്തുന്നു. ആയുധവിപണിയില്‍ എത്ര കോടികള്‍ ചെലവഴിക്കുന്നു - ഇതും ആലോചിക്കണം. കോസ്റ്ററിക്ക എന്ന ഒരു കൊച്ചുരാജ്യമുണ്ട്. ആ രാജ്യത്തു സൈന്യമില്ല. സൈനികാവശ്യങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുന്ന പണം ജനക്ഷേമത്തിനുവേണ്ടി ഉപയോഗിക്കുക എന്ന ആശയം പല രാജ്യങ്ങളിലും മേല്‍ക്കൈ നേടി വരികയാണ്. ഈ ചിന്തയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തു നോക്കുക, ചൈനയുമായും നേപ്പാളുമായും പാകിസ്താനുമായും നല്ല അയല്‍പക്കബന്ധമായിരുന്നു നമുക്കെങ്കില്‍! അതുണ്ടാവാതെ പോയതു നമ്മുടെ ദുര്‍വിധി. അല്ലെങ്കില്‍ പരാജയം.
വാല്‍ക്കഷ്ണം: ഇന്ത്യയുടെ പ്രശസ്തനായ ഫുട്‌ബോള്‍ താരം ബൈച്ചുങ് ബൂട്ടിയ ഒരിക്കല്‍ താന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരാഗ്രഹത്തെപ്പറ്റി പറഞ്ഞു. ജന്മനാടായ സിക്കിം എന്ന രാജ്യത്തിനു വേണ്ടി ഫുട്‌ബോള്‍ കളിക്കുക. സിക്കിം പണ്ടു രാജ്യമായിരുന്നു. ഇപ്പോഴത് ഇന്ത്യയിലെ സംസ്ഥാനമാണ്. ആ മാറ്റത്തിന് അതിന്റേതായ ചരിത്രപശ്ചാത്തലവും രാഷ്ട്രീയകാരണങ്ങളും ജനഹിതത്തിന്റെ സ്വാധീനവുമൊക്കെയുണ്ടാവാം. പക്ഷേ, ഈ വഴികള്‍ ഒരു സാധാരണ ഫുട്‌ബോളറുടെ മനസ്സിലുണ്ടാക്കിയ വ്യഥകള്‍ ആരു കാണുന്നു!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."