സര്‍ക്കാര്‍ ഇടപെടണം; വൈദ്യുതി ബില്ലിനെതിരേ സി.പി.ഐയും
തിരുവനന്തപുരം: അമിതമായി വന്ന വൈദ്യുതി ബില്ലിനെതിരേ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ്. ലോക്ക് ഡൗണ്‍ കാലത്തെ വൈദ്യുതി ഉപയോഗത്തിനു കെ.എസ്.ഇ.ബി നല്‍കിയിരിക്കുന്ന ബില്ലിനെക്കുറിച്ചു വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതേപ്പറ്റി അന്വേഷിക്കാനും പരാതി പരിഹരിക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഇന്നലെ ചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ മോശമായ പ്രതികരണമാണുള്ളതെന്നും ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്‍ നല്‍കിയ നടപടിയെ എന്തു ന്യായം പറഞ്ഞാലും അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്നും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ധനവില വര്‍ധനവിനെതിരേ ഈ മാസം 20 ന് സി.പി.ഐ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."