പുത്തൂരില്‍ വീടാക്രമണം അന്വേഷണം സി.സി ടി.വി കേന്ദ്രീകരിച്ച്
കൊട്ടാരക്കര: പുത്തൂരില്‍ പട്ടാപ്പകല്‍ സൈനികന്റെ വീടാക്രമിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്തുന്നതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചിലാണ് ഇപ്പോള്‍ നടന്നുവരുന്നത്.
രണ്ടുദിവസത്തിനകം പ്രതികളെ നിയമത്തിന് മുന്നില്‍കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഡിവൈ.എസ്.പി ജെ ജേക്കബ് ജറോം പറഞ്ഞു. കുന്നത്തൂര്‍ ഭാഗത്തുനിന്ന് ഒരു വെള്ള വാനിലാണ് സംഘമെത്തിയത്. സംഘത്തില്‍ ഏഴുപേരുള്ളതായാണ് സംശയിക്കുന്നത്. സംഭവ ദിവസം ഈ വാഹനം പലതവണ പുത്തൂരിലും അക്രമിക്കപ്പെട്ട വീടിന്റെ ഭാഗത്തും ചുറ്റിതിരിഞ്ഞതായി വിവരം ലഭിച്ചിട്ടുണ്ട്.
അക്രമി സംഘം നേരത്തെ സ്ഥലനിര്‍ണയം നടത്തിയതായും സൂചന ഉണ്ട്. റിമാന്‍ഡില്‍ കഴിയുന്ന മകനെ ജാമ്യത്തിലറിയിക്കാന് ഗൃഹനാഥനെ ബന്ധുവും കോടതിയില്‍ പോയിരുന്ന സമയത്താണ് ആക്രമണം നടന്നത്. പ്രദേശത്ത് മത സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം അക്രമണത്തിന് പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്. അതിനാല്‍ പഴുതടച്ചുള്ള അന്വേഷണവും നിരീക്ഷണവുമാണ് പൊലിസ് നടത്തുന്നത്. ഡിവൈ.എസ്.പി ജെ. ജേക്കബ് ജെറോംമിന്റെ നേതൃത്വത്തില്‍ സി.ഐമാരായ ടി. ഗോപകുമാര്‍, എസ്.ഐമാരായ എസ്. ബിനോജ്, ആര്. രതീഷ്കുമാര്‍ എന്നിവരടങ്ങിയ 13 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."