നദീജലതര്‍ക്കം: തമിഴ്നാടുമായി ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അന്തര്‍സംസ്ഥാന നദീജലതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് തമിഴ്‌നാടുമായി ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തര്‍സംസ്ഥാന നദീജലപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്ഥിരം സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദേഹം വ്യക്തമാക്കി.
കെ. കൃഷ്ണന്‍കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ പുതുക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പലതും പാതിവഴിയിലാണ്. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കലുമായി ബന്ധപ്പെട്ട് ഇടയ്ക്ക് ചില ചര്‍ച്ചകള്‍ നടന്നെങ്കിലും 2013ന് ശേഷം ഒന്നും നടന്നില്ല. കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം തരാത്തതിന് സുപ്രിംകോടതിയില്‍ കേസുണ്ടെങ്കിലും അത് ചര്‍ച്ചകള്‍ക്ക് തടസമല്ല. കാവേരി ട്രൈബൂണല്‍ നമുക്ക് അനുവദിച്ച വെള്ളം ഉപയോഗിക്കുന്നതിനുള്ള പദ്ധതികളുടെ നടപടികള്‍ പുരോഗമിക്കുകയാണ്. ഭവാനി ബെയ്‌സില്‍ അട്ടപ്പാടി ജലസേചന പദ്ധതിയ്ക്കുള്ള പാരിസ്ഥിതികാനുമതിക്ക് തമിഴ്‌നാട് സമ്മതപത്രം ഇതുവരെ നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുന്നത് അന്തിമഘട്ടത്തിലാണ്. ശിരുവാണിയില്‍ ജലം അളക്കുന്നതിന് ആധുനിക ഡിജിറ്റല്‍ മീറ്റര്‍ സംവിധാനം ഉടന്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ അര്‍ഹതപ്പെട്ട വെള്ളം തമിഴ്‌നാട് നല്‍കാത്തതുമൂലം ഇതുവരെ 1,500 കോടി രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളതെന്ന് കെ. കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."