മഴക്കൊയ്ത്തിനൊരുങ്ങി ജില്ല
കണ്ണൂര്‍: കാലവര്‍ഷമെത്തുന്നതോടെ ജില്ലയിലെ മുഴുവന്‍ വീടുകളിലും ഏതെങ്കിലും തരത്തിലുള്ള മഴവെള്ള സംഭരണ സംവിധാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജലം സുലഭം പദ്ധതി ആരംഭിക്കുന്നു. എല്ലാ വീട്ടിലും മഴവെള്ള ശേഖരണമെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലാ ഭരണകൂടത്തിന്റെയും മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. ജില്ലയിലെ മുഴുവന്‍ വീട്ടിലും കിണര്‍ റീച്ചാര്‍ജ് യൂനിറ്റും മഴക്കുഴിയും എന്നതാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, തൊഴിലുറപ്പ് പദ്ധതി എന്‍ജിനീയര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു.
ഓരോ പ്രദേശത്തിനും ഇണങ്ങുന്ന രീതിയില്‍ കിണര്‍ റീച്ചാര്‍ജ് സംവിധാനം ഒരുക്കുന്നതിനും മഴക്കുഴികള്‍ നിര്‍മിക്കുന്നതിനുമുള്ള പ്രായോഗിക പരിശീലനമാണ് ശില്‍പ്പശാലയില്‍ നല്‍കിയത്.പദ്ധതിയുടെ മുന്നൊരുക്കമെന്ന നിലയില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ തലത്തിലും വാര്‍ഡ് തലത്തിലും വിപുലമായ ജനകീയ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും.
ഏപ്രില്‍ 25നകം ബ്ലോക്ക് തലത്തിലുള്ള സമിതികള്‍ രൂപീകരിക്കും. 30 നകം പഞ്ചായത്ത് സമിതികള്‍ക്കും രൂപം നല്‍കും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ റീച്ചാര്‍ജ് സംവിധാനം ഒരുക്കാന്‍ സര്‍കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒരു കിണറിന് പരമാവധി 8000 രൂപ ഇങ്ങനെ വിനിയോഗിക്കാം. കൂടുതല്‍ വരുന്ന തുക ഗുണഭോക്തൃവിഹിതമായി വകയിരുത്തും. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ കാര്‍ഡുള്ള കുടുംബങ്ങളെയാണ് ഇതിനായി ഗുണഭോക്താക്കളാക്കുക.
സ്വന്തം പുരയിടത്തിലെ കിണര്‍ റീച്ചാര്‍ജ് പ്രവൃത്തിയില്‍ ഒരു തൊഴിലാളിയായി ഉടമ പങ്കെടുക്കുകയും വേണം.കുളം വൃത്തിയാക്കല്‍, കുളം പുനരുദ്ധാരണം, ചെക്ക്ഡാം നിര്‍മാണം, മണ്‍കയ്യാല- കല്ല് കയ്യാല നിര്‍മാണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
കൃഷി, ഭൂഗര്‍ഭജലം, മണ്ണ് സംരക്ഷണം എന്നീ വകുപ്പുകളെയും വാട്ടര്‍ അതോറിറ്റിയെയും കുടുംബശ്രീയെയും ഏകോപിപ്പിച്ചായിരിക്കും പദ്ധതി നിര്‍വഹണം. കിണര്‍ റീച്ചാര്‍ജ് സംവിധാനം തയ്യാറാക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ അംഗങ്ങളെയും വിദഗ്ധ പരിശീലനം നല്‍കി നിയോഗിക്കും. ഇങ്ങനെ ഓരോ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലങ്ങളിലും വൈദഗ്ധ്യമുള്ള വാട്ടര്‍ ടെക്‌നീഷ്യന്‍മാരെ രൂപപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
ശില്‍പ്പശാല ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മഴവെള്ള ശേഖരണവും ജലസംരക്ഷണവും ക്യാമ്പയിനൊപ്പം സ്ഥിരമായ ശീലമാക്കാന്‍ കഴിയണമെന്ന് കലക്ടര്‍ പറഞ്ഞു. ഇതിനായി നിയമപരമായ നിര്‍ബന്ധം ഉണ്ടാവണം. പുതിയ വീടുകള്‍ക്ക് മഴവെള്ള സംഭരണി നിര്‍ബന്ധമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയും. നിലവിലുള്ള വീടുകളിലും മഴവെള്ള സംഭരണി നിഷ്‌ക്കര്‍ഷിക്കണം. ഈ വര്‍ഷം ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്തിയാല്‍ അടുത്തവര്‍ഷം ഭൂഗര്‍ഭജല നിരപ്പില്‍ വലിയ വ്യത്യാസമുണ്ടാക്കാന്‍ കഴിയുമെന്നും കലക്ടര്‍ അഭി്രപായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷനായി. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ എം രാമകൃഷ്ണന്‍, ഐ.ആര്‍.ടി.സി റിസര്‍ച്ച് കോ ഓര്‍ഡിനേറ്റര്‍ പ്രഫ. ബി.എം മുസ്തഫ, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എന്‍ജിനീയര്‍ എന്‍.വി രജിത, ഭൂജല വകുപ്പ് ജില്ലാ ഓഫിസര്‍ അഷ്‌റഫ്, മണ്ണ് സംരക്ഷണ വകുപ്പ് ജില്ലാ ഓഫിസര്‍ വി.വി പ്രകാശ്, കുടുംബശ്രീ അസി. കോ ഒാര്‍ഡിനേറ്റര്‍ സലാം ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."