ആംസ്റ്റര്‍ഡാമില്‍ ഗാന്ധിപ്രതിമ തകര്‍ത്തു; 'വംശവെറിയന്‍' എന്ന് എഴുതിച്ചേര്‍ത്തു
ആംസ്റ്റര്‍ഡാം: നെതര്‍ലാന്‍ഡ്‌സ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു. ഗ്രാഫിറ്റിയും സ്‌പ്രേ പെയ്ന്റും ഉപയോഗിച്ചാണ് പ്രതിമയില്‍ കേടുപാടുകള്‍ വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയില്‍ പൊലിസ് കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധത്തില്‍ ലോക വ്യാപകമായി പലരുടെയും പ്രതിമകള്‍ തകര്‍ത്തിരുന്നു. ഗാന്ധിപ്രതിമ തകര്‍ത്തതും അത്തരത്തിലാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചുവന്ന പെയിന്റ് ഒഴിച്ചാണ് പ്രതിമയില്‍ കേടുപാടുകള്‍ വരുത്തിയിരിക്കുന്നത്. പെയിന്റ് ഉപയോഗിച്ച് പ്രതിമയ്ക്കുമേല്‍ 'വംശവെറിയന്‍' എന്ന് എഴുതിയിട്ടുമുണ്ടെന്ന് ഡച്ച് ദിനപത്രമായ മെട്രോ റിപ്പോര്‍ട്ട് ചെയ്തു.
ഗാന്ധിയോടുള്ള ആദരസൂചകമായി 1990 ഒക്ടോബര്‍ രണ്ടിന് അദ്ദേഹത്തിന്റെ 121ാം ജന്മദിനത്തിലാണ് ആംസ്റ്റര്‍ഡാമിലെ ചര്‍ച്ചിലിയാനില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചത്. സംഭവത്തില്‍ വിശദമായ അന്വേണം നടത്തി വസ്തുത പുറത്തുകൊണ്ടുവരുമെന്ന് ആംസ്റ്റര്‍ഡാം ഡെപ്യൂട്ടി മേയര്‍ റട്ട്ഗര്‍ വാസ്സിന്‍ക് പറഞ്ഞു.
ബ്രിട്ടനിലെ ലെസെസ്റ്ററിലുള്ള ഗാന്ധി പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധിപേര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധി ഫാസിസ്റ്റും വെശവെറിയനുമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."