പ്രതിഫലമില്ല; വിയോജിപ്പുമായി ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍
കണ്ണൂര്‍: സംസ്ഥാനത്തെ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്ക് സ്‌പെഷല്‍ ഡ്രൈവുകള്‍ നടത്തിയതിനു നല്‍കേണ്ട മൂന്നുവര്‍ഷത്തെ തുക നല്‍കാത്തതിനെ തുടര്‍ന്ന് ഇനി മുതല്‍ ഇത്തരം പരിപാടികള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനം.
ബൂത്ത് ലെവല്‍ ഓഫിസേഴ്‌സ് അസോസിയേഷനാണ് തീരുമാനം വ്യക്തമാക്കി ഇലക്ഷന്‍ കമ്മിഷന് കത്തയച്ചത്. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ വ്യക്തത ലഭിക്കാനായി ഇലക്ഷന്‍ കമ്മിഷന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് കത്തയച്ചിട്ടുണ്ട്.
വോട്ടര്‍ പട്ടികയിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുക, ഇവരൊക്കെ ജീവിച്ചിരിപ്പുണ്ടോയെന്നു പരിശോധിക്കുക, വോട്ടേഴ്‌സ് ഐ.ഡി വിതരണം ചെയ്യുക എന്നിങ്ങനെ തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നത് ബി.എല്‍.ഒമാര്‍ വഴിയാണ്. ഇതിനുള്ള വേതനം കൃത്യമായി ലഭിക്കാറുണ്ടെങ്കിലും ഇവയ്ക്കു പുറമേ സ്‌പെഷല്‍ ഡ്രൈവ് എന്നപേരില്‍ ഓരോ വര്‍ഷവും വോട്ടര്‍മാരുടെ ബയോഡാറ്റയും പ്രത്യേക സര്‍വേകളും മറ്റും നടത്തുന്നതിന്റെ വേതനമാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി മുടങ്ങിക്കിടക്കുന്നത്.
കുടിശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എല്‍.ഒമാര്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചപ്പോള്‍ 80 ദിവസങ്ങള്‍ കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ല.
തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം രജിസ്‌ട്രേഡ് തപാലില്‍ ഇക്കാര്യം ആവശ്യപ്പെട്ട് വീണ്ടും കത്തയച്ചപ്പോള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വേതനം നിര്‍ണയിച്ച് ഉത്തരവാകുന്ന മുറക്ക് നല്‍കാമെന്നായിരുന്നു മറുപടി.
സ്‌പെഷല്‍ ഡ്രൈവ് പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ക്കു ശേഷവും ഇതിന്റെ പ്രതിഫലം തീരുമാനിച്ചിട്ടില്ലെന്ന വിചിത്രമായ മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്. അങ്കണവാടി ജീവനക്കാര്‍, ക്ലാസ് ഫോര്‍ ജീവനക്കാര്‍ തുടങ്ങിയവരാണ് ബി.എല്‍.ഒ ഡ്യൂട്ടിചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."