ജല അതോറിറ്റിയുടെ അനാസ്ഥ; അരിമ്പൂരില്‍ ഒരാഴ്ചയായി കുടിവെള്ളമില്ല
അന്തിക്കാട്: ജല അതോറിറ്റി അധികൃതരുടെ അനാസ്ഥ മൂലം ഒരാഴ്ചയായി കുടിവെള്ളം ലഭിക്കാതെ അരിമ്പൂര്‍ നിവാസികള്‍ ദുരിതത്തില്‍. കുന്നത്തങ്ങാടി സെന്ററിലെ ശുദ്ധജല പൈപ്പ് പൊട്ടിയതാണ് കുടിവെള്ളം നിലക്കാന് കാരണമായത്. ലാലൂര്‍ മുതല്‍ മണലൂര്‍ വരെ ഭൂമിയ്ക്കടിയിലൂടെ ബി.എസ്.എന്‍.എല്‍, ഐഡിയ കമ്പനികള്‍ക്കായി കേബിള്‍ വലിക്കുന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് പൈപ്പ് പൊട്ടിയത്. ഇതു സംബന്ധിച്ച് ജല അതോറിറ്റി അധികൃതരെ വിവരമറിയിച്ചെങ്കിലും തിരക്കേറിയ സംസ്ഥാന പാതയോരത്ത് അപകടമുണ്ടാക്കുന്ന രീതിയില്‍ കുഴിയെടുത്തു പോയിട്ട് ഒരാഴ്ചയിലേറെയായി.
ഒരു പൈപ്പുപൊട്ടിയാല് അതു ശരിയാക്കാന്‍ കഴിയാത്തവരാണോ ജല അതോറിറ്റി അധികൃതര്‍ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. കേബിള്‍ വലിക്കാന്‍ കരാറെടുത്ത കമ്പനിയുടെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ അനാസ്ഥയുണ്ടെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. വന്‍ കുഴിയെടുത്തതിനാല്‍ കുന്നത്തങ്ങാടി സെന്ററില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി. രാത്രിയില്‍ അപകട സാധ്യത ഏറെയാണ്. കുഴി മൂടാത്തത് സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഭീഷണിയായി. പൈപ്പുപൊട്ടി വെള്ളം നിലച്ചതോടെ സമീപത്തെ അരിമ്പൂര്‍ പഞ്ചായത്തിന്റെ ശുദ്ധജലസംഭരണിയിലേക്ക് വെള്ളം എത്തുന്നില്ല. ഇവിടെ നിന്നാണ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. ജല അതോറിറ്റിയുടെ അനാസ്ഥ മൂലം കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടത്തിലാണ്. പൊട്ടിയ പൈപ്പ് വേഗം നന്നാക്കി കുടിവെള്ളം ഉടന്‍ ലഭ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."