ആദരവിന്റെ പാഠങ്ങള്‍
ഇന്നലത്തെ വില്ലന്‍ ഇന്നു ഹീറോ ആകുന്നതാണ് രാഷ്ട്രീയ നാടകം. മന്ത്രി ഡോ. കെ.ടി ജലീല്‍ ഒരു അധ്യാപക ശില്‍പശാലയില്‍ വച്ച് ഈയാഴ്ച നടത്തിയ കുമ്പസാരം ഏറെ കൗതുകത്തോടെയാണ് കേരളം കേട്ടത്. ജനാധിപത്യത്തിന്റെ പവിത്രഗേഹമായി കണക്കാക്കപ്പെടുന്ന നിയമ നിര്‍മാണസഭയെ അവഹേളിക്കുംവിധം പ്രതിപക്ഷത്തായിരിക്കെ അദ്ദേഹവും കൂട്ടരും നടത്തിയ കോപ്രാട്ടിത്തരങ്ങളുടെ സമരമുറകള്‍ കേരളത്തെ ഞെട്ടിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്തു. ആവേശത്തള്ളിച്ചയില്‍ നാണവും മാനവും പടിയിറങ്ങിയാല്‍ പിന്നെ മനുഷ്യന്‍ തരം താഴുകയാണ്. താന്‍ ലോകത്തിനു മുമ്പില്‍ ലൈവിലാണെന്ന ബോധം നഷ്ടപ്പെടുകയാണ്. മന്ത്രിക്കസേരയിലെത്തുമ്പോഴും കലാലയ മുറ്റം കാണുമ്പോഴും അധ്യാപകരോടൊപ്പം ചിലവഴിക്കുമ്പോഴും ഉണരുന്ന ഈ വിവേകവും പശ്ചാത്താപവും നീളം നില്‍ക്കട്ടെയെന്ന് ആശിക്കാം.
അന്യോന്യം ആദരിക്കാനും പരിഗണിക്കാനുമുള്ള മനസിന്റെ താല്‍പര്യം സാമൂഹിക പാരസ്പര്യത്തിന്റെ അടിത്തറയാണ്. മനുഷ്യരാണെന്നതില്‍ എല്ലാ വിഭാഗം ജനങ്ങളും തുല്യരാണ്. ഒരാള്‍ക്ക് മറ്റൊരു മനുഷ്യനേക്കാള്‍ മഹത്വമുണ്ടെങ്കില്‍ അത് ദൈവഭക്തിയുടെ മുന്‍തൂക്കം കൊണ്ടു മാത്രമാണെന്നാണ് മതകീയ കാഴ്ചപ്പാട്. വി. ഖുര്‍ആന്‍ പറയുന്നു: അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറെ ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ഭക്തി ഉള്ളവനാണ് (അല്‍ഹുജമറാത്-13). തിരുദൂതര്‍ പഠിപ്പിച്ചു: 'മനുഷ്യര്‍ ആദം സന്തതികളാണ്. ആദമോ മണ്ണിന്റെ പുത്രനും' (അബൂദാവൂദ്).
ആദരം അംഗീകാരത്തിന്റെ ഭാഷയാണ്. സംസ്‌കാരത്തിന്റെ സാക്ഷ്യമാണ്. അവബോധത്തിന്റെ കൈയൊപ്പാണ്. ആദരിക്കേണ്ടവരെ ആദരിക്കാനും വന്ദിക്കേണ്ടവയെ അര്‍ഹിക്കുംവിധം വന്ദിക്കാനുമുള്ള ശീലം തന്നിലെ മതബോധത്തെയാണ് അടയാളപ്പെടുത്തുന്നത്. അഥവാ വിശ്വാസിയുടെ ഹൃദയ വിശുദ്ധിയുടെ പ്രകടനമാണ് ആദരം. അല്ലാഹുവിന്റെ അടയാളങ്ങളും മതചിഹ്നങ്ങളുമാണ് ആദരിക്കപ്പെടുന്നതില്‍ പ്രഥമ പരിഗണന നല്‍കപ്പെടേണ്ടത്. അല്ലാഹുവും അവന്റെ പുണ്യ റസൂലും അനുബന്ധ സംഗതികളും ഹൃദയത്തില്‍ സ്ഥാനം പിടിക്കേണ്ടവിധം ഇരിപ്പുറക്കുമ്പോഴാണല്ലോ ഒരാള്‍ വിശ്വാസിയാകുന്നത്. അതിനാല്‍ വിശ്വാസം സ്വാഭാവികമായും ആദരവിനെ ഹൃദയത്തിന്റെ സ്ഥായീഭാവമാക്കും. അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും അങ്ങയെ നാം ഒരു സാക്ഷിയായും സന്തോഷ വാര്‍ത്ത നല്‍കുന്നവരായും താക്കീതുകാരനായും അയച്ചിരിക്കുന്നു. അല്ലാഹുവിലും അവന്റെ ദൂതരിലും നിങ്ങള്‍ വിശ്വസിക്കുവാനും അവനെ നിങ്ങള്‍ സഹായിക്കുവാനും ആദരിക്കുവാനും പ്രഭാതത്തിലും പ്രദോഷത്തിലും അവന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവനും വേണ്ടി' (അല്‍ ഫത്ഹ് 8, 9). വല്ലവനും അല്ലാഹുവിന്റെ മത ചിഹ്നങ്ങളെ ആദരിക്കുന്നപക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ (അല്‍ ഹജ്ജ് 32).
രാജ്യ നിയമങ്ങളും വ്യവസ്ഥിതികളും പാലിക്കലും സംരക്ഷിക്കലും മതം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അരാജകത്വവും അരക്ഷിതാവസ്ഥയും മതം നിരുത്സാഹപ്പെടുത്തുന്നുവെന്നു മാത്രമല്ല അത്തരം ഒരു കലുഷിത സാഹചര്യം സമൂഹത്തില്‍ ഉടലെടുക്കാതിരിക്കാനുള്ള പഴുതുകള്‍ അടച്ചുകളയുകയും ചെയ്യുന്നു. സാമൂഹിക സുസ്ഥിതിയും ജനനന്മയും തുല്യനീതിയും സാക്ഷാത്കരിക്കുന്നതിനാണ് നിയമങ്ങളും ചിട്ടകളും രൂപീകരിക്കുന്നത്. അതുകൊണ്ടുതന്നെ അതിന്റെ സംരക്ഷണം ഉറപ്പുവരുത്തല്‍ മതം ബാധ്യതയായി കാണുന്നു. അതിന്റെ ഭാഗമെന്നോണം ദേശീയ പതാക, സര്‍ക്കാര്‍ സ്ഥാനങ്ങളും സ്ഥാപനങ്ങളും തുടങ്ങി രാജ്യവുമായി ബന്ധപ്പെട്ട പദവികളേയും വസ്തുവകകളേയും അടയാളങ്ങളേയും ആദരവിന്റെ കണ്ണില്‍ നോക്കിക്കാണാന്‍ മതം പഠിപ്പിക്കുന്നു.
അറിവുള്ളവരെ വന്ദിക്കണം. പണ്ഡിതന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അവരുടെ സ്ഥാനങ്ങളെ ബഹുമാനിക്കണം. പണ്ഡിതന്മാരുടെ ഔന്നത്യം വാഴ്ത്തിക്കൊണ്ട് അല്ലാഹു പറഞ്ഞു: 'നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരേയും വിജ്ഞാനം നല്‍കപ്പെട്ടവരേയും അല്ലാഹു പല പദവികള്‍ നല്‍കി ഉയര്‍ത്തുന്നതാണ് '(അല്‍ മുജാദില-11).
ചെറിയവനാണെങ്കിലും വലിയവനാണെങ്കിലും മനുഷ്യനായാല്‍ അവനെ എങ്ങനെ സമീപിക്കണമെന്ന് ആദരണീയരായ നബി(സ) തങ്ങള്‍ പഠിപ്പിച്ചു. നമ്മിലെ വലിയവനെ ആദരിക്കാത്തവനും ചെറിയവനോട് കാരുണ്യം കാണിക്കാത്തവനും പണ്ഡിതന്റെ അവകാശം അറിയാത്തവനും എന്റെ സമുദായത്തില്‍പെട്ടവനല്ല (അഹ്മദ്). പണ്ഡിതന്മാരെ ബഹുമാനിക്കുന്നതിനും അവരോടുള്ള ആദരം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവരുടെ സ്ഥാനമാനങ്ങളെ വന്ദിക്കലും അവരുടെ റിവും ഗുണഗണങ്ങളും പ്രചരിപ്പിക്കലും അവരെ പിന്തുടരലും അവര്‍ക്ക് പ്രാര്‍ഥിക്കലും അവരില്‍ നിന്നു മണ്‍മറഞ്ഞവര്‍ക്കു വേണ്ടി പാപമോചനത്തിനര്‍ഥിക്കലും അങ്ങനെ ജീവിതത്തില്‍ ശീലിക്കേണ്ട പല കാര്യങ്ങളുണ്ട്. മുസ്‌ലിം വയോധികനെ ആദരിക്കല്‍ അല്ലാഹുവിനോടുള്ള ബഹുമാനത്തില്‍പെട്ടതാണെന്ന് പ്രവാചക തിരുമേനി (സ) പഠിപ്പിച്ചിട്ടുണ്ട് (അബൂ ദാവൂദ്). വൃദ്ധന്മാര്‍ സമൂഹത്തിന്റെ പൈതൃകമാണ്. അവര്‍ അവഗണിക്കപ്പെട്ടു കൂടാ. അവര്‍ക്കു വേണ്ടി ഇരിപ്പിടങ്ങള്‍ ഒഴിഞ്ഞു കൊടുത്തും വഴി മാറിക്കൊടുത്തും അവസരങ്ങളില്‍ പ്രാമുഖ്യം നല്‍കിയും അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്തും സമൂഹത്തില്‍ മുന്‍നിര സ്ഥാനം നല്‍കപ്പെടണം. നബി(സ) തങ്ങള്‍ പഠിപ്പിച്ചു: 'അനുഗ്രഹമെന്നത് നിങ്ങളില്‍ മുതിര്‍ന്നവരോടൊപ്പമാണ് (ഇബ്‌നു ഹിബ്ബാന്‍). പ്രായം ചെന്നവര്‍ സംസാരിക്കുമ്പോള്‍ മൗനം പാലിക്കണം. ഇടക്കു കയറിപ്പറഞ്ഞ് അവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കരുത്. മുഴുമിപ്പിക്കും വരേക്കും അവര്‍ക്ക് കാതോര്‍ക്കണം. അവരായിരിക്കണം സമൂഹത്തിന്റെ കൃഷ്ണമണികള്‍. പ്രവാചക സവിധത്തില്‍ രണ്ടാളുകള്‍ക്ക് സംസാരിക്കേണ്ടി വരുമ്പോള്‍ മുതിര്‍ന്നവര്‍ക്കായിരുന്നു തങ്ങള്‍ ആദ്യം അവസരം നല്‍കിയിരുന്നത്. മുതിര്‍ന്നവനെ പരിഗണിക്കുക, മുതിര്‍ന്നവനെ പരിഗണിക്കുക എന്നിങ്ങനെ തങ്ങള്‍ പറയാറുണ്ടായിരുന്നു.'
ആദരവിന്റെ സംസ്‌കാരം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഭരണ ഭദ്രതയ്ക്കും സാമൂഹിക കെട്ടുറപ്പിനും സദാചാര സംരക്ഷണത്തിനും ആദരവിന്റെ പൈതൃകം നിലനില്‍ക്കേണ്ടതുണ്ട്. ജനങ്ങളില്‍ നിന്നു നാം ഏറെ ആദരിക്കാന്‍ അര്‍ഹതപ്പെട്ടത് പണ്ഡിതന്മാരും ഭരണ സാരഥ്യം വഹിക്കുന്നവരുമാണ്. അവരുടെ മഹനീയതയെ ബഹുമാനിക്കലും തീരുമാനങ്ങള്‍ അംഗീകരിക്കലും അനുസരിക്കലും മതപരമായ ബാധ്യത കൂടിയാണ്. അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. റസൂലിനേയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക' (അന്നിസാഅ് 59).
ആദരവുകള്‍ പറയുന്നിടത്ത് സ്ത്രീയുടെ മഹത്വം കൂടി പരാമര്‍ശിക്കാതിരുന്നാല്‍ ചര്‍ച്ച അപൂര്‍ണമാവും. സ്ത്രീയുടെ പവിത്രത പരിഗണിച്ച് അര്‍ഹിക്കുന്ന ആദരവുകള്‍ നല്‍കിയ മതമാണ് ഇസ്‌ലാം. മാതാവോ മകളോ സഹോദരിയോ ബന്ധം എന്തുതന്നെയായിരിക്കട്ടെ. സമൂഹം വളരെ മാന്യവും സൗമ്യവുമായ സമീപനമായിരിക്കണം സ്ത്രീയോട് പുലര്‍ത്തേണ്ടത്. മാതാവാണെങ്കില്‍ അവരെ പരിചരിക്കലും വേണ്ടുന്നതെല്ലാം ചെയ്തുകൊടുക്കലും നിര്‍ബന്ധമാണ്.
സ്ത്രീ മകളാണെങ്കില്‍ മാതാപിതാക്കളുടെ വിജയ നിമിത്തമാണ്. മകളുടെ വ്യക്തിത്വം ആദരിക്കപ്പെടണം. പരിപാലനത്തില്‍ പ്രത്യേക പരിഗണനകള്‍ നല്‍കണം. പ്രവാചകന്‍(സ) പഠിപ്പിച്ചു: 'രണ്ടു പെണ്‍മക്കളെ പോറ്റി വളര്‍ത്തിയവനും ഞാനും സ്വര്‍ഗത്തില്‍ ഇപ്രകാരമായിരിക്കും പ്രവേശിക്കുന്നത് എന്നു പറഞ്ഞുകൊണ്ട് നബി തങ്ങള്‍ തങ്ങളുടെ രണ്ടു വിരലുകള്‍ ഉയര്‍ത്തിക്കാണിച്ചു' (മുസ്‌ലിം).
സ്ത്രീ സഹോദരിയാണെങ്കില്‍ മറ്റു സഹോദരന്മാര്‍ക്കു നല്‍കുന്ന പരിഗണനയല്ല അവള്‍ക്കു നല്‍കേണ്ടത്. വിശിഷ്യാ അവള്‍ വയസില്‍ മുതിര്‍ന്നവള്‍ കൂടിയാണെങ്കില്‍ സ്ത്രീ മാതൃസഹോദരിയോ പിതൃസഹോദരിയോ ആയിരുന്നാലും അവരെ മാതാപിതാക്കളുടെ സ്ഥാനത്ത് കാണാനും അംഗീകരിക്കാനുമാവണം.
സ്ത്രീ ഭാര്യയാണെങ്കില്‍ അവള്‍ തന്റെ വീട്ടിലെ രാജ്ഞിയാണ്. ഭര്‍ത്താവ് അവളോട് കൂടിയാലോചിക്കണം, അഭിപ്രായങ്ങള്‍ മാനിക്കണം. നല്ല നിലയില്‍ വര്‍ത്തിക്കണം. നബി തങ്ങള്‍(സ) പറഞ്ഞു: 'ഭാര്യയോട് ആരാണോ നിങ്ങളില്‍ ഉത്തമരായി വര്‍ത്തിക്കുന്നത് അവനാണ് നിങ്ങളില്‍ ഉത്തമന്‍. എന്റെ കുടുംബത്തോട് ഞാന്‍ വളരെ നല്ല നിലയില്‍ വര്‍ത്തിക്കുന്നതിനാല്‍ ഞാനാണ് നിങ്ങളില്‍ ഉത്തമന്‍' (തുര്‍മുദി).
പരസ്പരം ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന തലമുറ വളര്‍ന്നു വരണം. പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നതിലപ്പുറം പ്രായോഗിക രംഗത്ത് ഇത് വിജയം കാണണമെങ്കില്‍ അവര്‍ കാണുകയും സഹവസിക്കുകയും ചെയ്യുന്ന സമൂഹം അത്തരം സ്വഭാവങ്ങള്‍ കൈക്കൊള്ളണം.
നബി(സ) പറഞ്ഞു: 'നരകത്തെ തൊട്ട് അകറ്റപ്പെടണമെന്നും സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നവന്‍ അല്ലാഹുവിലും അവസാന നാളിലും വിശ്വസിച്ചവനായി മരണത്തിനു മുന്നൊരുക്കങ്ങള്‍ ചെയ്യണം. ആളുകള്‍ തന്നോട് എങ്ങനെ സമീപിക്കണമെന്നാണോ താന്‍ ഇഷ്ടപ്പെടുന്നത് അതേ സമീപനം അവന്‍ ആളുകളോട് പുലര്‍ത്തണം' (മുസ്‌ലിം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."