കുടിയേറ്റ തൊഴിലാളികള്‍ക്കായി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നു ജോലി നഷ്ടപ്പെട്ട് സ്വദേശങ്ങളില്‍ തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്കായി പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ പദ്ധതിക്കു കീഴില്‍ 50,000 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം നാളെ വിഡിയോ കോണ്‍ഫന്‍സിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. പദ്ധതിക്കു കീഴിലുള്ള ആദ്യ പരിപാടി ബിഹാറിലെ കഗാരിയ ജില്ലയിലെ ഗ്രാമത്തിലാണ് നടക്കുക. 125 ദിവസത്തെ കാംപയിനായാണ് പദ്ധതി നടത്തുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വ്യത്യസ്ത രീതികളിലുള്ള 25 ജോലികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഒഡിഷ എന്നീ ആറു സംസ്ഥാനങ്ങളില്‍നിന്നുള്ള കാല്‍ ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ക്കാണ് ഇത് ഉപകാരപ്പെടുക. 116 ജില്ലകളിലാണ് ഇതുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുക.
അതേസയമം, കുടിയേറ്റ തൊഴിലാളികള്‍ക്കായി തൊഴിലുറപ്പ് പദ്ധതി മാതൃകയില്‍ കേന്ദ്രം പ്രഖ്യാപിച്ച പാക്കേജിലും രാഷ്ട്രീയ ലക്ഷ്യമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ബിഹാറിലെ ഒരു ഗ്രാമത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടക്കുന്നത്. ബിഹാറില്‍ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് ഇതിലൂടെ ബി.ജെ.പി-ജെ.ഡി.യു സഖ്യം ലക്ഷ്യംവയ്ക്കുന്നതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."