രാജിവയ്ക്കുകയോ വിശ്വാസവോട്ട് തേടുകയോ ഇല്ല: നേപ്പാള്‍ പ്രധാനമന്ത്രി
കാഠ്മണ്ഡു: പ്രധാനമന്ത്രി കെ.പി.ഒലിയെ പുറത്താക്കുന്നതിനായി അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള നീക്കം നേപ്പാളില്‍ വീണ്ടും രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിക്കുന്നു. അതേസമയം രാജിവയ്ക്കുകയോ വിശ്വാസവോട്ട് തേടുകയോ ഇല്ലെന്ന നിലപാടിലാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലി. മുന്‍ മാവോയിസ്റ്റ് നേതാക്കള്‍ പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഹകരിച്ചാണ് അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള നീക്കം നടത്തുന്നത്. നേപ്പാള്‍ സര്‍ക്കാരിനുള്ള പിന്തുണ മാവോയിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ ചൊവ്വാഴ്ച പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ അധികാരമേറ്റ ഒലി വാഗ്ദാന ലംഘനം നടത്തിയെന്നാരോപിച്ചാണ് മാവോയിസ്റ്റ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചത്. ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന ആവശ്യവും മാവോയിസ്റ്റുകള്‍ ഉന്നയിച്ചിട്ടുണ്ട്. അവിശ്വാസപ്രമേയം അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണു കരുതുന്നത്.
അവിശ്വാസപ്രമേയത്തെ അഭിമുഖീകരിക്കുമെന്നാണു പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 595 അംഗ പാര്‍ലമെന്റില്‍ മാവോയിസ്റ്റുകളും കോണ്‍ഗ്രസും ഒന്നിച്ചുനിന്നാല്‍ ഭൂരിപക്ഷം നേടാന്‍ ഒലിക്ക് മറ്റു ചെറുകക്ഷികളുടെ സഹായം ആവശ്യമായി വന്നേക്കും. കഴിഞ്ഞ വര്‍ഷമുണ്ടായ ഭൂകമ്പത്തിന്റെ കെടുതികളില്‍ നിന്നു കരകയറിവരുന്നതിനിടെ രാജ്യത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍ ഇന്ത്യയും ചൈനയുമടക്കമുള്ള അയല്‍ രാജ്യങ്ങളും ആശങ്കയോടെയാണ് കാണുന്നത്. നേപ്പാളില്‍ സ്വാധീനമുറപ്പിക്കാന്‍ ഒരുപോലെ പരിശ്രമിച്ചുവരികയാണ് ഇരു രാജ്യങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."