കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ പാളംതെറ്റി
കൊല്ലം: കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍ ട്രെയിന്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഇന്നു രാവിലെ പാളംതെറ്റി. പത്തുമീറ്റര്‍ നീങ്ങിയ ഉടന്‍ പാളം തെറ്റുകയായിരുന്നു. രാവിലെ 6:55 ന് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നീങ്ങിത്തുടങ്ങുമ്പോഴായിരുന്നു സംഭവം. എന്നാല്‍ ആളപായമില്ല.
അതേസമയം, കൊല്ലം പാസഞ്ചറിന്റെ സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് മലബാര്‍ എക്സ്പ്രസിന് കൊല്ലത്തിനും തിരുവനന്തപുരത്തിനുമിടയില്‍ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചു.
തിരുവനന്തപുരം-എറണാകുളം പാതയിലെ ഗതാഗതത്തെ സംഭവം ബാധിച്ചിട്ടില്ല. തിരുവനന്തപുരത്തു നിന്ന് ആക്സിഡന്റ് റിലീഫ് ട്രെയിന്‍ എത്തിച്ച് പുറത്തായ ചക്രം പാളത്തിലേക്ക് ആക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ പാളം തെറ്റിയത് ലോക്കോ പൈലറ്റിന്റെ അനാസ്ഥ മൂലമെന്നാണ് സൂചന. ട്രെയിന്‍ നിര്‍ത്തിയിടുമ്പോള്‍ ചക്രങ്ങള്‍ക്കടിയില്‍ സ്ഥാപിക്കുന്ന തടികൊണ്ടുള്ള ഉപകരണം മാറ്റാതെയാണ് ട്രെയിന്‍ മുന്നോട്ട് എടുത്തത്. അതുമൂലം ഉപകരണം ചക്രങ്ങള്‍ക്കിടയില്‍ കുരുങ്ങിയാണ് പാളം തെറ്റിയത്.
സംഭവം ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നു പറയുമ്പോഴും യാത്രക്കാര്‍ ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."