അപൂര്‍ണ വിരാമം
ആരുമല്ലാത്തവര്‍ വച്ചുനീട്ടുന്ന നാരങ്ങാമിട്ടായികളില്‍ ജീവിതത്തിന്റെ മാധുര്യമുണ്ടെന്ന് അറിയിച്ചു തന്ന എഴുത്തുകാരിയെ ലോകം അഷിത എന്ന് വിളിച്ചപ്പോള്‍ അഷിതയെ മരണവും വന്നു വിളിച്ചു.
അങ്ങനെ നുണകളുടെ സത്യത്തെ തുറന്നുകാട്ടിയ ആ എഴുത്തുകാരിയും ജീവിതത്തില്‍ നിന്നു വിരമിച്ചിരിക്കുകയാണ്. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ അതൊരു നുണയാകാന്‍ വേണ്ടി ആഗ്രഹിച്ചു ഒരു നിമിഷം. പെണ്ണെഴുത്തിന്റെ നിശബ്ദസൗന്ദര്യം ആയിരുന്നു ഓരോ വാക്കിലും ഒരായിരം നിഗൂഢലോകങ്ങള്‍ ഒളിപ്പിച്ച ആ ഏകാന്തപഥിക. സ്‌നേഹരാഹിത്യത്തിന്റെ കൈപ്പുകടല്‍ പാനം ചെയ്തിട്ടും തുളുമ്പിപ്പോവാത്ത വിനയമായിരുന്നു അവര്‍.
സാഹിത്യം ഭ്രാന്താണ് എന്ന് പറഞ്ഞു വായനയും എഴുത്തും വിലക്കിയ ജീവിതത്തെ കഥകള്‍ പറഞ്ഞു തോല്‍പ്പിച്ചു അഷിത. വായനക്കാരന് നേരെ പിടിച്ച കണ്ണാടിയാണ് കഥ എന്ന് ഉദ്‌ഘോഷിച്ച, സത്യത്തിന്റെയും മൗനത്തിന്റെയും വക്താവ് ഇന്ന് അനന്തമായ മൗനത്തിനു കാവലിരിക്കാന്‍ യാത്ര പോകുമ്പോള്‍ മലയാളസാഹിത്യം ആ വെള്ളിത്തലമുടികള്‍ക്കും നിറമന്ദഹാസത്തിനും പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന് തിരിച്ചറിയുകയാണ്.
ഓരോ എഴുത്തിലും മറ്റാര്‍ക്കും കടമെടുക്കാന്‍ കഴിയാത്ത പക്വതയും പാകതയും അഷിത പ്രകടമാക്കി. കുറച്ചെഴുതി കുറേ പറഞ്ഞ എഴുത്തുകാരി ദുഃഖിക്കുന്ന സ്ത്രീഹൃദയങ്ങളെ ആയിരുന്നു എപ്പോഴും നമുക്കു മുന്‍പില്‍ അനാവരണം ചെയ്തത്. അനുഭവങ്ങള്‍ കൊണ്ട് പീഡിപ്പിക്കപ്പെട്ട തന്റെ വ്യഥിതഹൃദയത്തില്‍ നിന്നുറ്റി വീഴുന്ന ചോരത്തുള്ളികള്‍ കൊണ്ടായിരുന്നു ആ എഴുത്തുകാരി പെണ്‍ജീവിതങ്ങളുടെ ദര്‍പ്പണചിത്രങ്ങള്‍ വരച്ചുവച്ചത്. അതുകൊണ്ട് തന്നെ ഓരോ പെണ്ണുങ്ങളും ഓരോ അഷിതയെഴുത്തുകള്‍ ആകുന്നുവെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. നന്ദി, ഇവിടെ ജീവിച്ചതിനും, ഞങ്ങളെ ജീവിപ്പിച്ചതിനും, ഞങ്ങളിലൂടെ ജീവിക്കുന്നതിനും! അപൂര്‍ണ്ണമായ നിഗൂഢതകളിലൂടെ നിങ്ങള്‍ ഇനിയും ജീവിക്കും എന്ന് എങ്ങനെയാണ് ഓര്‍മിപ്പിക്കാതിരിക്കുക!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."