മഹാമാരിക്കാലത്തെ ഭരണകൂടവും പ്രതിപക്ഷവും
കൊറോണ വ്യാപനം നടന്ന ഒരു പ്രദേശത്ത് ഒന്നിലധികം തവണ സ്വയം നിരീക്ഷണത്തില്‍ പോവുകയും ഒരുതവണ സ്രവ പരിശോധനയ്ക്ക് വിധേയനാവുകയും ചെയ്ത ഒരു പഞ്ചായത്ത് പ്രസിഡന്റിനെ എനിക്കറിയാം. യുവാവാണ്, സി.പി.എംകാരനുമാണ്. പഞ്ചായത്തിനു കീഴില്‍ ഭക്ഷണശാലയൊരുക്കാനും പിച്ചക്കാര്‍ക്കുവരെ ആഹാരമെത്തിക്കാനും ഓടിനടന്നു ഈ ചെറുപ്പക്കാരന്‍. അങ്ങനെയാണ് രോഗത്തിന്റെ നിഴലില്‍ വീണത്. എനിക്കിഷ്ടമാണ് ആ ചെറുപ്പക്കാരനെ. സ്രവപരിശോധനയ്ക്ക് വിധേയനായപ്പോള്‍ ഞാനയാളെ വിളിച്ചു. ഒന്നു സൂക്ഷിക്കുന്നത് നന്നാവും എന്ന് പറഞ്ഞു. താനൊരു പൊതുപ്രവര്‍ത്തകനാണെന്നും രോഗഭീതിയാല്‍ വീട്ടിലിരിക്കുക അസാധ്യമാണെന്നും അയാള്‍ മറുപടി പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കാരും നാട്ടുകാരും ഈ നിലപാടിന്റെ പേരില്‍ അയാളെ അഭിനന്ദിക്കുകയും ചെയ്തു.
പൊതുപ്രവര്‍ത്തകരുടെ ഉത്തരവാദിത്വമാണ് വാളയാറില്‍ യു.ഡി.എഫ് നേതാക്കളായ എം.എല്‍.എമാരും എം.പിമാരും നിര്‍വഹിച്ചത്. തമിഴ്‌നാട്ടില്‍നിന്ന് അശരണരായി ഓടിവന്നവര്‍ക്ക് ആഹാരവും വെള്ളവും എത്തിച്ചു എന്ന കാരണത്താല്‍ ഭരണകൂടം അവരെ സംസ്ഥാനത്തിന്റെ ശത്രുക്കളായി ചിത്രീകരിച്ചു. സി.പി.എം സൈബര്‍ പോരാളികള്‍ അവര്‍ക്കുനേരെ വിരല്‍ചൂണ്ടി മരണത്തിന്റെ വ്യാപാരികളെന്ന് വിളിച്ചുപറഞ്ഞു. മഹാമാരിയുടെ കാലത്ത് അശരണരായ മനുഷ്യരെ സഹായിക്കാന്‍ ഓടിച്ചെല്ലുമ്പോള്‍ അവരില്‍നിന്ന് രോഗം പകരുമോ എന്നുപോലും ചിന്തിക്കാതിരുന്നത് ധീരതയും മനുഷ്യസ്‌നേഹവുമായാണ് പരിഗണിക്കേണ്ടത്. എന്നാല്‍ ഭരണകൂടം അവരെ ശ്ലാഘിക്കില്ല. അവര്‍ പ്രതിപക്ഷമായതിനാല്‍ കൊവിഡ് വ്യാപന കാലത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് സൂചിപ്പിക്കാനാണ് രണ്ട് ഉദാഹരണങ്ങള്‍ താരതമ്യം ചെയ്തത്.
ലോകമെമ്പാടും ഇത്തരം മഹാമാരികളുടെ വ്യാപനം ഉണ്ടാവുമ്പോള്‍ ഭരണകൂടങ്ങള്‍ അത് അനുഗ്രഹമായെടുക്കും. അവരുടെ അജന്‍ഡകള്‍ നടപ്പിലാക്കാനുള്ള സുവര്‍ണാവസരമാണത്. ഭരണകൂടത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളോ പൊതുസമൂഹമോ തെരുവിലിറങ്ങില്ല. ഭരണകൂടം വേട്ടയാടും എന്ന ഭീതികൊണ്ടല്ല. തെരുവില്‍ നിന്നുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ രോഗവ്യാപനത്തിന് കാരണമായാല്‍ രാഷ്ട്രീയമായ തിരിച്ചടി നേരിടേണ്ടി വരും. എന്നാല്‍ സ്വയം നിയന്ത്രണങ്ങളുടെ ചരടുകള്‍ ചിലപ്പോള്‍ പൊട്ടിപ്പോവും ഭരണാധികാരികള്‍ക്ക്, ഒളിയിടങ്ങളിലേക്ക് പിന്‍വാങ്ങേണ്ടിവരും. ആര്‍ത്തിരമ്പിവരുന്ന ജനങ്ങള്‍ക്കു മുന്‍പില്‍ ഭരണകൂടത്തിന്റെ സായുധ സന്നാഹങ്ങള്‍ നിഷ്പ്രഭമാവും. ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തോടെ അമേരിക്കയില്‍ സംഭവിച്ചത് വിലക്കുകളുടെ ചങ്ങലപൊട്ടലാണ്.
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ജനവിരുദ്ധ നയങ്ങളാണ് കൊവിഡിന്റെ മറവില്‍പോലും ബി.ജെ.പി ഗവണ്‍മെന്റ് നടപ്പിലാക്കുന്നത്. നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം രാജ്യത്തിന് മേല്‍ഗതി ഉണ്ടായില്ല. നോട്ടുനിരോധനംതൊട്ട് രാജ്യത്തിന്റെ കഷ്ടകാലം തുടങ്ങി. അമിത്ഷാ ആഭ്യന്തര മന്ത്രിയായ ശേഷം രാജ്യമാകെ വേട്ടയാടലിന്റെ ഭീതിപടര്‍ന്നു. ഫാസിസം രാജ്യത്തിനുമേല്‍ ഭീതിയുടെ പുതപ്പ് വിരിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍പോലും പ്രക്ഷോഭം നയിക്കാന്‍ ഭയന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ ജയിലിലടച്ചു. സ്വയം വില്‍ക്കാന്‍വച്ചവരെ വിലയ്ക്കുവാങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാന ഭരണം പലതും അട്ടിമറിക്കപ്പെട്ടു. കുറ്റകരമായ നിശ്ശബ്ദത ഇനിയൊരിക്കലും ഭേദിക്കപ്പെടുകയില്ലെന്ന് ഭരണകൂടം വലിയ ആത്മവിശ്വാസം പുലര്‍ത്തിയ ഘട്ടത്തിലാണ് പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റില്‍ പാസാവുന്നത്. അതോടെ ഭരണകൂടം വിരിച്ച ഭീതിയുടെ പുതപ്പ് ജനതതന്നെ എടുത്തുമാറ്റി. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ജനത തെരുവിലിറങ്ങുകയായിരുന്നു. ലക്ഷങ്ങള്‍ പങ്കെടുത്ത റാലികള്‍ അതേവരെയുണ്ടായിരുന്ന മരവിപ്പ് ചികിത്സിച്ചുമാറ്റി. സമരങ്ങളെ എങ്ങനെ നേരിടുെമന്നറിയാതെ ഭരണകൂടം ഭയന്നുപോയ സാഹചര്യത്തിലായിരുന്നു കൊവിഡിന്റെ വരവ്. പ്രക്ഷോഭങ്ങള്‍ അതോടെ നിലച്ചു. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ എന്ന സാഹചര്യം സമര്‍ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പൗരത്വ നിയമത്തിനെതിരേ സമരം നയിച്ച വിദ്യാര്‍ഥി നേതാക്കള്‍ തുറുങ്കിലടക്കപ്പെട്ടത്. ജനവിരുദ്ധത എത്തിനില്‍ക്കുന്നത് താങ്ങാനാവാത്ത ഇന്ധനവില വര്‍ധനവിലാണ്. ജനതയാവട്ടെ പ്രതിഷേധിക്കാനാവാതെ ലോക്ക്ഡൗണ്‍ എന്ന ചങ്ങലയിലും. എന്നാല്‍ ഈ മഹാമാരി എക്കാലത്തേക്കും അനുഗ്രഹമാകണമെന്നില്ല. ഭരണകൂടത്തിന്റെ ആശ്വാസം താല്‍ക്കാലികമാണെന്ന് ലോകചരിത്രം പരിശോധിച്ചാലറിയാം.
1896ല്‍ മുംബൈ, പൂന പ്രദേശങ്ങളില്‍ പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ ജനങ്ങള്‍ അധികാരികള്‍ക്ക് എതിരായി. പൂനെയിലെ സ്ഥിതിഗതികള്‍ മോശമായപ്പോള്‍ റാന്റ് (ണ.ഇ. ഞമിറ) എന്ന ഉദ്യോഗസ്ഥനെ ബ്രിട്ടിഷ് ഗവണ്‍മെന്റ് അവിടേക്ക് നിയോഗിച്ചു. സ്ത്രീകളെയൊക്കെ ബലമായി പിടിച്ചുകൊണ്ടുപോയി ക്വാറന്റൈയിനിലാക്കി. ഇത് യാഥാസ്ഥിക വിഭാഗങ്ങള്‍ക്ക് അംഗീകരിക്കാനായില്ല. 1897ല്‍ വസുദിയോ ചപ്പേക്കര്‍, ബാലകൃഷ്ണ എന്നീ സഹോദരങ്ങള്‍ ചേര്‍ന്ന് റാന്റിനെ കൊലപ്പെടുത്തി. ബ്രിട്ടിഷ് അധികാരികള്‍ക്കുനേരെ സായുധ പ്രക്ഷോഭം ഉയര്‍ന്നുവരാന്‍ പ്ലേഗ് കാരണമായി. ഇന്ത്യയില്‍ എപ്പിഡമിക് ആക്ട് രൂപംകൊണ്ടത് 1897 ല്‍ പ്ലേഗ് ബാധയോടെയാണ്. അതിപ്പോഴും മാറ്റമില്ലാതെ തുടരുന്നു.
ഇത്തരം മഹാമാരികള്‍ സാമ്രാജ്യങ്ങളെ തകര്‍ത്തെറിഞ്ഞിട്ടുണ്ട്. മെക്‌സിക്കോയിലെ അസ്‌തെക് (അ്വലേര) സാമ്രാജ്യം തകര്‍ന്നത് 1520 ലെ വസൂരിയിലാണ്. റോമാ സാമ്രാജ്യം തകര്‍ന്നത് പ്ലേഗ് വ്യാപനത്തിലാണ്. 1350 ലെ പ്ലേഗ് പടര്‍ച്ച ഇംഗ്ലണ്ടില്‍ ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണമായി. ലാറ്റിനമേരിക്കയിലെ മായന്‍ഇന്‍ക സംസ്‌കാരം തകര്‍ന്നതും വസൂരി ബാധയിലാണ്. രോഗാനന്തരം പുതിയ പുതിയ രാജ്യക്രമങ്ങള്‍ ഉണ്ടായതിനും ധാരാളം ഉദാഹരണങ്ങളുണ്ട്. 1892ല്‍ വടക്കന്‍ ജര്‍മനിയിലെ ഹംബര്‍ഗില്‍ കോളറ പടര്‍ന്നു പിടിച്ചു. ഹംബര്‍ഗ് അക്കാലത്തെ വലിയ വ്യാപാര കേന്ദ്രമായിരുന്നു. കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നതുകൊണ്ട് പ്രാദേശിക ഭരണാധികാരികള്‍ രോഗം മൂടിവെച്ചു. ഭൂമിക്കടിയില്‍നിന്ന് ഒരു വിഷവാതകം ഉയര്‍ന്നുവരുന്നതാണ് കോളറയ്ക്ക് കാരണമെന്ന് അക്കാലത്ത് ജനങ്ങള്‍ വിശ്വസിച്ചു. ഒടുവില്‍ ബര്‍ലിനില്‍നിന്ന് റോബര്‍ട്ട് കൊക്ക് (ഞീയലൃ േഗീരവ) എന്ന ബാക്ടീരിയോളജിസ്റ്റിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ ഹംബര്‍ഗിലേക്കയച്ചു. അവര്‍ നഗരഭരണം ഏറ്റെടുത്തു. പ്രാദേശിക ഭരണകൂടത്തിനെതിരേ ജനങ്ങള്‍ എതിരാവുകയും സോഷ്യലിസ്റ്റുകളുടെ വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു. 1830 കളില്‍ പ്രഷ്യയില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോള്‍ ഭരണകൂടത്തെ മാത്രം അനുസരിക്കാന്‍ കല്‍പന വന്നു. മാനവരാശിക്കുമേല്‍ ഇത്തരം രോഗങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. 1349 ലെ പ്ലേഗ് യൂറോപ്പില്‍ പകുതിയോളം മനുഷ്യരെ കൊന്നൊടുക്കി. സാമൂഹിക ഘടനയും സാമൂഹിക ബന്ധങ്ങളും മാറി. അക്കാലത്തും ക്വാറന്റൈന്‍ തന്നെയായിരുന്നു രോഗം പടരാതിരിക്കാനുള്ള പോംവഴി.
എല്ലാ പ്രതിസ്വരങ്ങളെയും നിശ്ശബ്ദമാക്കി ഭരണകൂട ആധിപത്യം തീവ്രമാകുന്നതും മഹാമാരിക്കാലത്തിന്റെ സവിശേഷതയാണ്. ഭരണകൂടത്തിന്റെ അഴിമതിക്കും ധൂര്‍ത്തിനും വീഴ്ചകള്‍ക്കുമെതിരേ ശബ്ദിക്കുന്നവരെ രാജ്യശത്രുക്കളാക്കി ചിത്രീകരിക്കും. രോഗത്തെ കുറിച്ച് ഭരണകൂടങ്ങള്‍ നുണപറയും. സത്യങ്ങള്‍ മൂടിവയ്ക്കും. കച്ചവടതാല്‍പര്യത്തിന്റെ പേരില്‍ കൊവിഡ് വ്യാപനം ചൈന മൂടിവച്ചതിന്റെ ദുരന്തഫലമാണ് ലോകം അനുഭവിക്കുന്നത്. രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കണം. സര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങളെ പിന്തുണയ്ക്കണം, തര്‍ക്കമില്ല. എന്നാല്‍ ഭരണകൂടങ്ങളെ അമിതമായി വിശ്വസിക്കുന്നതും അനുസരിക്കുന്നതും ജനാധിപത്യത്തിന്റെ തകര്‍ച്ചക്ക് വഴിവയ്ക്കും. രാജ്യത്തെ സക്രിയമാക്കുന്നത് പ്രതിപക്ഷ ആക്ടിവിസമാണ്. അതിനാല്‍ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് പ്രതിപക്ഷം തെരുവിലിറങ്ങിയേ മതിയാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."