ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി: തൊഴിലാളികള്‍ക്ക് അഞ്ച് മാസമായി കൂലിയില്ല
തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലെ തൊഴിലാളികള്‍ക്ക് അഞ്ച് മാസമായി കൂലിയില്ല.
സംസ്ഥാനത്തെ 15 ലക്ഷത്തോളം തൊഴിലാളികളാണ് കൂലികിട്ടാതെ സര്‍ക്കാരിന്റെ കനിവുകാത്ത് കഴിയുന്നത്. 1,200 കോടി രൂപയാണ് കൂലി നല്‍കാനായി വേണ്ടത്. കേന്ദ്രത്തെ പഴിചാരി സംസ്ഥാനവും സംസ്ഥാനത്തെ പഴിചാരി കേന്ദ്രവും അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന പാവങ്ങളെ പട്ടിണിക്കിടുകയാണ്. കൂലി ചോദിക്കുന്നവരോട് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങിയതാണെന്ന ഇല്ലാക്കഥയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പടച്ചുവിടുന്നു.
തൊഴിലുറപ്പ് പദ്ധതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് വേതനവിതരണം ഇത്രയും വൈകുന്നത്. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അവസാനമായി കൂലി കിട്ടിയത് നവംബറിലാണ്.
ഏറ്റവുമധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് കൂലി കൂടുതലായി നല്‍കാനുള്ളത്. കൂലി മുടങ്ങിയതോടെ മുഖ്യമന്ത്രി പലവട്ടം കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടി നല്‍കാന്‍ പോലും കേന്ദ്രം തയാറായില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം.
കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിക്കുകീഴില്‍ തൊഴിലെടുക്കുന്നവരില്‍ 80 ശതമാനവും സ്ത്രീകളാണ്. 271 രൂപയാണ് ദിവസ വേതനം. കേരളത്തിലെ നല്ലൊരു ശതമാനം കുടുംബങ്ങളുടെയും നിലനില്‍പ് ഈ തുകയെ ആശ്രയിച്ചാണ്. കൂലി ഡയരക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ രീതിയില്‍ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് അനുവദിക്കുകയാണ് ചെയ്യുന്നത്.
അവിദഗ്ധ തൊഴിലാളികളുടെ കൂലി കേന്ദ്രവും വിദഗ്ധ തൊഴിലാളികളുടെ കൂലിയും മെറ്റീരിയല്‍ കോസ്റ്റ് ഇനത്തിലുള്ള ചെലവും കേന്ദ്രവും സംസ്ഥാനവും സംയുക്തവുമായുമാണ് വഹിക്കുന്നത്. തൊഴിലുറപ്പ് നിയമം അനുസരിച്ച് ജോലി ചെയ്ത് 14 ദിവസത്തിനകം കൂലി നല്‍കണമെന്നാണ് വ്യവസ്ഥ. അല്ലാത്തപക്ഷം തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.
തൊഴിലുറപ്പ് പദ്ധതി
തകര്‍ക്കാന്‍ ശ്രമം: ചെന്നിത്തല
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വിഴ്ചപറ്റി. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതുകയോ നേരിട്ട് സമീപിക്കുകയോ ചെയ്തിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."