വരാന്ന് പറഞ്ഞിട്ട് രാഹുല്‍ വരാതിരുന്നാലോ...
പ്രിയപ്പെട്ട രാഹുല്‍ജി, അങ്ങ് ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലേക്ക് വരേണ്ട. വയനാട്ടില്‍ മത്സരിക്കേണ്ട. അമേത്തിയില്‍ തന്നെ മത്സരിച്ചോളൂ. വേണമെങ്കില്‍ തമിഴ്‌നാട്ടിലോ കര്‍ണാടകയിലോ മത്സരിച്ചോളൂ. പറ്റുമെങ്കില്‍ മാത്രം തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കാന്‍ ഒരിക്കല്‍കൂടി വന്നോളൂ, ഞങ്ങള്‍ തൃപ്തരാവും.
ഇന്ത്യന്‍ ജനത കഴിഞ്ഞ അഞ്ചുവര്‍ഷമായി അനുഭവിക്കുന്ന പീഡനം കുറച്ചൊന്നുമല്ല. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ തരംഗം നിലനില്‍ക്കുന്നുണ്ടായിരുന്നു, പ്രത്യേകിച്ച് കേരളത്തില്‍. യു.ഡി.എഫിന് അനുകൂലമായ ശക്തമായ നിലപാട് കേരളം സ്വീകരിച്ചതാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഏറെ കഴിഞ്ഞാണ് യു.ഡി.എഫിന് സ്ഥാനാര്‍ഥികള്‍ രംഗത്ത് വന്നു തുടങ്ങിയത്.
എന്നിട്ടുപോലും വലിയ ആവേശത്തോടെ ഒട്ടുമിക്ക മണ്ഡലങ്ങളിലും പ്രചാരണത്തില്‍ എല്‍.ഡി.എഫിനെ പിന്നിലാക്കുന്ന ആവേശം യു.ഡി.എഫ് കാണിച്ചു. കുറച്ചുകാലമായി താങ്കള്‍ കാണിക്കുന്ന അസാമാന്യമായ നേതൃപാടവവും വ്യക്തിപ്രഭാവവും ഇതിനൊരു കാരണമാണെന്ന് മറക്കുന്നില്ല. താങ്കളുടെ കേരളപര്യടനം പ്രവര്‍ത്തകരില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. ഇതൊക്കെ മതിയായിരുന്നു കേരളം കൈയിലെടുക്കാന്‍. ഇതിനിടയില്‍ ആവശ്യമില്ലാത്ത ഒരു വിവാദം തൊടുത്തുവിട്ടു, താങ്കള്‍ കേരളത്തില്‍ മത്സരിക്കുന്നു എന്ന്. കേരളത്തിന്റെ പ്രിയപ്പെട്ട നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെ മത്സരിച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്, ഇതിന്റെ പിതൃത്വം ഏറ്റെടുത്തത്.
അതുകൊണ്ട് ഞങ്ങള്‍ അത് വിശ്വസിച്ച് പോയി. സ്വാഭാവികമായും വലിയ അളവില്‍ ആ പ്രഖ്യാപനം സ്വാധീനിച്ചു. കേരളമാകെ, ദക്ഷിണേന്ത്യ ആകെ അതിന് അലയൊലികള്‍ ഉണ്ടാകും എന്നും പ്രതീക്ഷിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വയനാട് നിലനിര്‍ത്തുകയും അമേത്തി രാജിവച്ച് അവിടെ പ്രിയങ്കയെ മരവിപ്പിക്കുകയും ചെയ്യും എന്നും ഞങ്ങള്‍ കണക്കുകൂട്ടി. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ദിവസങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും ഹൈക്കമാന്‍ഡിന്റെ പ്രഖ്യാപനം ഉണ്ടായില്ല.
ഹൈക്കമാന്‍ഡുമായി, രാഹുല്‍ജിയുമായി ആലോചിക്കാതെ കേരളത്തിലെ നേതാക്കള്‍ നടത്തിയ പ്രഖ്യാപനം തികച്ചും അവിവേകമായിപ്പോയി. വിലകൊടുത്ത് വാങ്ങിയ വിവരക്കേട് എന്നല്ലാതെ എന്ത് പറയാന്‍.
ഈ പ്രഖ്യാപനം വിശ്വസിച്ച് ആവേശം കൊണ്ടവരില്‍ മുന്‍പില്‍ വയനാട് സ്ഥാനാര്‍ഥി ടി. സിദ്ദീഖ് ആയിരുന്നു. രാഹുല്‍ജി വന്നാല്‍ ഞാന്‍ മാറും എന്നല്ല അദ്ദേഹം പറഞ്ഞത്. എ.ഐ.സി.സി പ്രസിഡന്റിനു വേണ്ടി ഞാന്‍ വഴിമാറുന്നു, ഇതില്‍പരം ഒരു അംഗീകാരം ഒരു കോണ്‍ഗ്രസുകാരനും കിട്ടാനില്ല എന്നായിരുന്നു. വയനാട്ടിലേക്ക് ഏറ്റവും ഉചിതമായ സ്ഥാനാര്‍ഥിയാണ് ടി. സിദ്ദീഖ്.
യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പ്രഖ്യാപനശേഷം ഒട്ടും ഉണ്ടായിരുന്നില്ല. ഒന്നേ പറയുന്നുള്ളൂ. ഇനിയും വൈകാതെ ഇന്ന് തന്നെ പ്രഖ്യാപിക്കണം വയനാട്ടില്‍ സിദ്ദീഖിന്റെ പേര്. വടകരയില്‍ മുരളിയുടെ പേര്.
ഏറ്റവും സുഖമായി കൈപ്പിടിയില്‍ ഒതുങ്ങുമായിരുന്ന ഈ രണ്ടു മണ്ഡലങ്ങളും ആവശ്യമില്ലാതെ വിവാദത്തിലകപ്പെടുത്തിയതിന്റെ കാരണക്കാര്‍ കേരള നേതാക്കള്‍ തന്നെയാണ്. പക്ഷേ , ഇനിയെങ്കിലും ഇത് തിരുത്തേണ്ട ബാധ്യത ഹൈക്കമാന്‍ഡിനുണ്ട് . ഞങ്ങള്‍ക്കറിയാം ഹൈക്കമാന്‍ഡിന് വയനാടും കേരളവും മാത്രം ശ്രദ്ധിച്ചാല്‍ പോര. കുറഞ്ഞത് 500 സീറ്റിലെങ്കിലും സ്വന്തം സ്ഥാനാര്‍ഥികളെ കണ്ടെത്തണം, ആറ്, ഏഴ് സംസ്ഥാനങ്ങളിലെങ്കിലും ഘടകകക്ഷികള്‍ക്ക് അന്തിമരൂപം നല്‍കണം.
ആ തിരക്കുകള്‍ ഒക്കെ ഉണ്ടെങ്കിലും പ്രചാരണത്തില്‍ ആവേശക്കൊടുമുടിയിലെത്തിയ കേരളത്തെ തളര്‍ത്തുന്ന വയനാട് സീറ്റ് പ്രശ്‌നം ഇന്നെങ്കിലും പരിഹരിക്കണം. ഇടതുപക്ഷ കക്ഷികളുടെ പിന്തുണ തെരഞ്ഞെടുപ്പിനു ശേഷം ആവശ്യമാണെന്നിരിക്കെ അവരുടെ അഭ്യര്‍ഥന മാനിച്ചോളൂ. ഇങ്ങനെ കയറില്ലാതെ കെട്ടിയിടുന്നത് വലിയ ദുരന്തത്തിന് വഴിയൊരുക്കും. ഏറ്റവും കുറഞ്ഞത് വയനാട്ടിലെങ്കിലും ഭൂരിപക്ഷം കുറയും. നേരത്തെ സിദ്ദീഖ് നേടുമായിരുന്ന ഭൂരിപക്ഷത്തിന്റെ മൂന്നിലൊന്നേ ഇനി കിട്ടൂ. ഇനിയും മുന്നോട്ട് പോയാല്‍ യു.ഡി.എഫിന്റെ നില ഏറെ പരിതാപകരമാകും.
വടകരയിലെ പ്രശ്‌നവും ഗുരുതരമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനാര്‍ഥിയായെങ്കിലേ വടകരയില്‍ വിജയിക്കാന്‍ കഴിയൂ എന്ന് മണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രത്യേകിച്ച് ഘടകകക്ഷികള്‍ അഭിപ്രായപ്പെട്ടിരുന്നു.
മുല്ലപ്പള്ളിയാവട്ടെ ഹൈക്കമാന്‍ഡ് അഭ്യര്‍ഥിച്ചിട്ട് പോലും സ്‌നേഹപൂര്‍വം അഭ്യര്‍ഥന നിരസിക്കുകയും പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ സംസ്ഥാനം മുഴുവന്‍ ഓടി നടക്കാനും തെരഞ്ഞെടുപ്പില്‍ കേരളത്തെ ഒപ്പം നിര്‍ത്താനും സൗകര്യം തരണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. യോഗ്യരാണെങ്കിലും താരതമ്യേന ജയരാജനോട് ഏറ്റുമുട്ടാന്‍ ശക്തരല്ലാത്തചില പേരുകള്‍ പറഞ്ഞുകേട്ടപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളൊക്കെ മാറ്റിവച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒരേസ്വരത്തില്‍ മുരളീധരനോട് അഭ്യര്‍ഥിച്ചു, വടകരയില്‍ മത്സരിക്കാന്‍.
മുരളീധരനാവട്ടെ ഇതൊരു വെല്ലുവിളിയായി കാണുകയും വടകരയില്‍ മത്സരിക്കാന്‍ എത്തുകയും ചെയ്തു. സത്യം പറഞ്ഞാല്‍ പി.സി.സി പ്രസിഡന്റ് മത്സരിക്കുന്നതിനേക്കാള്‍ ആവേശമുണ്ടാക്കി ഈ തീരുമാനം. മണ്ഡലം ഇളകിമറിഞ്ഞു. മുരളീധരന്‍ വടകരയില്‍ എത്തിയപ്പോള്‍ നല്‍കിയ ഉജ്ജ്വല സ്വീകരണം സത്യത്തില്‍ ഇടതുപക്ഷത്തിന് ചങ്കിടിപ്പ് വര്‍ധിപ്പിച്ചു. ഇപ്പോള്‍ പറയുന്നു ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല എന്ന്. എത്രമാത്രം അപഹാസ്യമാണത്. ഏതെങ്കിലും കാരണവശാല്‍ വടകരയില്‍ സ്ഥാനാര്‍ഥി മാറി മറ്റാരു വന്നാലും ശരി നിരുപാധികം ആയുധം വച്ച് കീഴടങ്ങുന്നതിന് തുല്യമാണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."