മുല്ലപ്പള്ളിക്കെതിരേ പ്രതിഷേധം കടുക്കുന്നു, പ്രതിഷേധിച്ച് ലിനിയുടെ ഭര്‍ത്താവും നിപാ രോഗം മാറിയ അജന്യയും, സജീഷിനെതിരേ കോണ്‍ഗ്രസ്
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരായ പരാമര്‍ശത്തിനെതിരേ പ്രതിഷേധം വ്യാപകം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുതന്നെ വിമര്‍ശനം കനക്കുമ്പോഴും പരാമര്‍ശം പിന്‍വലിക്കില്ലെന്ന കടുംപിടുത്തത്തിലാണ് മുല്ലപ്പളളി രാമചന്ദ്രന്‍. കോണ്‍ഗ്രസിലെ വനിതാനേതാക്കളൊന്നും പ്രസ്താവനയില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സംഭവത്തെ കുറിച്ച് ഇതുവരെ ആരോഗ്യമന്ത്രിയും പ്രതികരിച്ചിട്ടില്ല.
അതേ സമയം മുല്ലപ്പള്ളിക്കെതിരേ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും ജനാധിപത്യ മഹിളാ അസോസിയേഷനും സി.പി.ഐയും രംഗത്തെത്തി. മുല്ലപ്പള്ളിയില്‍ നിന്ന് ഇതില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കടകംപള്ളി പ്രതികരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച്, നിപ രോഗം ഭേദമായ നഴ്സിങ് അസിസ്റ്റന്റ് അജന്യയും രംഗത്തെത്തി. എം.പിയായിരുന്നിട്ട് പോലും മുല്ലപ്പള്ളി തന്നെ വിളിച്ചിട്ടില്ല. രോഗം ഭേദമായിട്ടും ആളുകള്‍ തന്നെ പേടിയോടെ നോക്കിയിരുന്നു. എന്നാല്‍ ശൈലജ ടീച്ചര്‍ കാണാന്‍ വന്നത് വലിയ കരുത്തായി എന്നും നിപ ബാധിച്ച് ചികില്‍സിച്ച് ഭേദമായ അജന്യ വ്യക്തമാക്കി.
അതേ സമയം നിപാമൂലം മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സഷീഷ് രംഗത്തെത്തി. ഫേസ് ബുക്കിലാണ് സഷീന്റെ വിമര്‍ശനം. നിപാകാലത്ത് ഒരു ഗസ്റ്റായി പോലും വന്ന് ആശ്വസിപ്പിക്കാത്തയാളാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് സജീഷ് കുറ്റപ്പെടുത്തുന്നു.
നിപയുടെ കാലത്ത് ലിനിയുമായി ബന്ധപ്പെട്ട ഓര്‍മ്മയില്‍ നിന്നും ചിലത് ചികഞ്ഞെടുത്തപ്പോള്‍ പക്ഷെ, ഇപ്പോള്‍ വിവാദങ്ങള്‍ക്ക് കാരണമായ ചിലരുടെ മുഖങ്ങള്‍ അതിന്റെ പരിസരത്ത് പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ കരുതലുമായി ഒപ്പമുണ്ടായിരുന്ന, ഏറ്റവും തണലായി അനുഭവപ്പെട്ടിരുന്ന ചിലരുടെ പേര് വിപരീതമായി പരാമര്‍ശിക്കപ്പെട്ടപ്പോള്‍ വളരെ പ്രയാസം തോന്നുകയും ചെയ്തു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഭരണ പ്രതിപക്ഷ ഭേദങ്ങള്‍ മറന്ന് ആശ്വസിപ്പിക്കാന്‍ എത്തിവരുടെ കൂട്ടത്തില്‍ ഒന്നും ഞാന്‍ ജീവിക്കുന്ന, അന്ന് വടകര പാര്‍ലിമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശ്രീ: മുല്ലപ്പളളി രാമചന്ദ്രന്‍ സര്‍ ഉണ്ടായിരുന്നില്ല. ഒരു ഗസ്റ്റ് റോളില്‍ പോലും! നേരിട്ടോ ടെലിഫോണ്‍ വഴിയോ ഒരു ആശ്വാസവാക്ക് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു എം പി എന്ന നിലയില്‍ ഉണ്ടായിട്ടില്ലെന്നും സജീഷ് ഫേസ് ബുക്കില്‍ കുറിച്ചു. വനിതാകമ്മീഷനിലും ഇതുവരെ ഇതുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണറിയുന്നത്.
നിപാ രാജകുമാരി പട്ടം തട്ടിയെടുത്ത ആരോഗ്യമന്ത്രി ഇപ്പോള്‍ കോവിഡ് റാണി പട്ടം കൂടി നേടാനുള്ള ശ്രമമാണെന്നായിരുന്നു മന്ത്രിക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരിഹാസം. സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും തിരുത്താനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുല്ലപ്പളളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."