പട്ടിക വിഭാഗക്കാര്‍ ദുരിതത്തില്‍
മണ്ണാര്‍ക്കാട്: ഭവന നിര്‍മാണത്തിന് പണം ലഭിക്കാത്തത് പട്ടിക വിഭാഗക്കാര്‍ക്ക് ദുരിതമാവുന്നു. ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) പദ്ധതി പ്രകാരം ഭവന നിര്‍മാണം തുടങ്ങിയ പട്ടിക വിഭാഗം ഗുണഭോക്താക്കളാണ് ഗഡുക്കള്‍ ലഭിക്കാതെ വലയുന്നത്.
100കണക്കിന് ഗുണഭോക്താക്കളാണ് പണം ലഭിക്കാതെ വീടുപണി പാതി വഴിയെത്തി നില്‍ക്കുന്നത്. ജനറല്‍, പട്ടിക ജാതി - വര്‍ഗക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയാണ് പദ്ധതി പ്രകാരം അനുവദിച്ചിരുന്നത്. കേന്ദ്ര വിഹിതമായി 120000, ജില്ലാ പഞ്ചായത്ത് 28000, ബ്ലോക്ക് പഞ്ചായത്ത് 32000, ഗ്രാമപഞ്ചായത്ത് 20000 അടക്കം രണ്ട് ലക്ഷം രൂപയാണ് നല്‍കിയിരുന്നത്.
പദ്ധതിയില്‍ മണ്ണാര്‍ക്കാട് ബ്ലോക്കില്‍ 325 ഓളം പട്ടിക വിഭാഗക്കാരുള്‍പ്പടെ 630ഓളം ഗുണഭോക്താക്കളാണുള്ളത്. നേരത്തെ ഉണ്ടായിരുന്ന പദ്ധതി തുക 2016-17 ല്‍ പരിഷ്‌കരിച്ച് പട്ടിക വിഭാഗക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയായി വിഹിതമുയര്‍ത്തുകയായിരുന്നു. ഇതനുസരിച്ച് അധികമായി ലഭിക്കേണ്ട ഒരു ലക്ഷം രൂപയാണ് പട്ടിക വിഭാഗക്കാര്‍ക്ക് ലഭിക്കാതെ പ്രതിസന്ധിയാവുന്നത്. തുക ഉയര്‍ത്തിയതോടെ ഇതിനുസരിച്ച് വീട് നിര്‍മാണത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പുതുക്കിയ ഫണ്ട് പൂര്‍ണമായും ലഭിക്കാതിരുന്നതോടെ ഗുണഭോക്താക്കള്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ കുഴങ്ങുകയാണ്.
നിലവില്‍ കേന്ദ്ര വിഹിതമായി 120000 കൂടാതെ ജില്ലാ പഞ്ചായത്ത് 63000, ബ്ലോക്ക് പഞ്ചായത്ത് 72000, ഗ്രാമപഞ്ചായത്ത് 45000 രൂപയുമാണ് പട്ടിക വിഭാഗത്തിലെ ഗുണഭോക്താവിന് നല്‍കേണ്ടത്. ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളും വര്‍ധിപ്പിച്ച വിഹിതം ബ്ലോക്ക് പഞ്ചായത്തിന് നല്‍കിയതായാണ് അറിയുന്നത്. എന്നാല്‍ ചില പഞ്ചായത്തുകളിലെ എണ്ണപ്പെട്ട ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് വര്‍ധിപ്പിച്ച തുകയുടെ വിഹിതം ലഭിച്ചത്. ഗുണഭോക്തൃ വിഹിതം അംഗീകൃത ബാങ്കിന് നല്‍കിയാലും ഇത് ഗുണഭോക്താക്കളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് യഥാസമയം എത്തുന്നില്ലെന്ന പരാതിയും ശക്തമാണ്.
മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് പദ്ധതി തുക വിതരണം ചെയ്ത് വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗുണഭോക്താക്കളുടെ ജീവിതം ദുസ്സഹമാവും.
പല ഗുണഭോക്താക്കളും നിലവില്‍ വാടകക്കും, മറ്റും ഷെഡുകളിലുമാണ് താമസിക്കുന്നത്. 2015-16 മുതല്‍ ഇന്ദിര ആവാസ് യോജന പദ്ധതി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുകയും പുതിയ പദ്ധതിയായി പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്ത സഹചര്യത്തില്‍ പഴയ പദ്ധതി തുക ഇനി ലഭിക്കുമൊയെന്ന ആശങ്കയുമുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."