സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ആസ്ത്രേലിയ
മെല്‍ബണ്‍: തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്തു സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം കര്‍ശനമായി നിയന്ത്രിക്കാനൊരുങ്ങി ആസ്ത്രേലിയന്‍ സര്‍ക്കാര്‍. ന്യൂസിലന്‍ഡിലെ മുസ്ലിം പള്ളികളില്‍ തോക്കുധാരിയുടെ ആക്രമണമുണ്ടായ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ആസ്ത്രേലിയന്‍ സര്‍ക്കാര്‍ കടുത്ത നടപടിക്കൊരുങ്ങുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നവര്‍ക്കു കടുത്ത ശിക്ഷ നല്‍കുന്നതായിരിക്കും പുതുതായി നിലവില്‍വരുന്ന നിയമം. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അതിന്റെ തോതനുസരിച്ച് തടവുശിക്ഷയും പിഴയും വിധിക്കും. പുതിയ നിയമത്തിന്റെ കരട് രൂപം അടുത്തയാഴ്ച പാര്‍ലമെന്റില്‍ ചര്ച്ചയ്ക്കുവയ്ക്കുമെന്ന് ആസ്ത്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു.
ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലിം പള്ളികളില്‍ വെടിവയ്പ് നടത്തിയ ആസ്ത്രേലിയന്‍ പൗരന് ആക്രമണത്തിന്റെ ലൈവ് വിഡിയോ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കുന്നതിനും തീവ്രവാദ ആക്രമണങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നത് തടയിടുന്നതിനുമാണ് പുതിയ നിയമനിര്‍മാണം നടത്താനൊരുങ്ങുന്നതെന്ന് ആസ്ത്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ന്യൂസിലന്‍ഡിലെ വെടിവയ്പില്‍ വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനെത്തിയ അന്‍പതു പേരാണ് കൊല്ലപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."