നഗരത്തില്‍ വീണ്ടും തട്ടിക്കൊണ്ടുപോയി മര്‍ദനം; യുവാവിന് പരുക്ക്
കഴക്കൂട്ടം: നഗരത്തില്‍ വീണ്ടും തട്ടിക്കൊണ്ടുപോയി യുവാവിനെ മര്‍ദിച്ചു. തിരുമല സ്വദേശി വിഷ്ണു ദേവിനെ (23) ആണ് അക്രമികള്‍ മര്‍ദിച്ചത്. ജോലിസ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. വിഷ്ണു ദേവ് കഴക്കൂട്ടം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കഴക്കൂട്ടം പൊലിസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്; കഴക്കൂട്ടത്തെ ബുള്ളറ്റ് വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്തുവരുന്ന വിഷ്ണു ദേവും പ്രതികളില്‍ ഒരാളുടെ സഹോദരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നീട് പെണ്‍കുട്ടി മറ്റൊരാളെ വിവാഹം ചെയ്തു. ഇതിന്റെ വൈരാഗ്യത്തില്‍ വിഷ്ണു ദേവ് പെണ്‍കുട്ടിയുടെ കൂടെനില്‍ക്കുന്ന ചിത്രം പ്രചരിപ്പിച്ചു.
ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ വട്ടിയൂര്‍ക്കാവ് പൊലിസ് സ്റ്റേഷനില്‍ എസ്.ഐയോട് പരാതിപ്പെട്ടു. എന്നാല്‍ 'എനിക്കവനെ പിടിക്കാന്‍ പറ്റില്ല, നിങ്ങള്‍ പോയി പിടിച്ചുകൊണ്ടുവരൂ' എന്നായിരുന്നു എസ്.ഐയുടെ മറുപടി. തുടര്‍ന്ന് ഇന്നലെ രാത്രി 11ഓടെ അഞ്ചുപേര്‍ വര്‍ക്ക്‌ഷോപ്പിലെത്തി വിഷ്ണു ദേവിനെ ക്രൂരമായി മര്‍ദിച്ച ശേഷം കാറില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചു. വിഷ്ണുവിന്റെ ശരീരത്തിലെ പരുക്കും ഷര്‍ട്ടിലെ രക്തക്കറയും കണ്ടപ്പോള്‍ എസ്.ഐ ഇവരെ കൈയൊഴിഞ്ഞു. തുടര്‍ന്ന് പ്രതികള്‍ രാത്രി ഒന്നിന് വിഷ്ണുവിനെ തിരികെ കഴക്കൂട്ടത്തെ റെയില്‍വേ മേല്‍പാലത്തിന്റെ കീഴില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ഇതിനിടെ വിഷ്ണുവിന്റെ പക്കലുണ്ടായിരുന്ന 15,000 രൂപയും പ്രതികള്‍ പിടിച്ചുവാങ്ങി.
വിഷ്ണു തന്നെയാണ് വിവരം വര്‍ക്ക്‌ഷോപ്പ് ഉടമയെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് പൊലിസില്‍ അറിയിക്കുകയും കഴക്കൂട്ടം പൊലിസ് സ്ഥലത്തെത്തി വിഷ്ണുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം വിഷ്ണുവിനെ പിടിച്ചുകൊണ്ടുവരാന്‍ പറഞ്ഞ വട്ടിയൂര്‍ക്കാവ് എസ്.ഐക്കെതിരേ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.
എന്നാല്‍ പെണ്‍കുട്ടിയുടെ പരാതി വേണമെന്ന് ബന്ധുക്കളോട് പറഞ്ഞപ്പോള്‍ വിഷ്ണു കഴക്കൂട്ടത്താണ് ജോലി നോക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞെന്നും എന്നാല്‍ കഴക്കൂട്ടം പൊലിസില്‍ പരാതിപ്പെടാന്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നും വട്ടിയൂര്‍ക്കാവ് എസ്.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."