മുസ്‌ലിംലീഗിലെ 'മുസ്‌ലിം' ആണോ വര്‍ഗീയവാദി?
മുസ്‌ലിംലീഗ് ഏതു തെരഞ്ഞെടുപ്പില്‍ വിജയിച്ചാലും അതില്‍ വര്‍ഗീയശക്തികളുടെ കൂട്ടുണ്ട് എന്ന ആരോപണം എതിരാളികളുടെ പതിവു പല്ലവിയാണ്. അതിപ്പോള്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചിരിക്കുന്നു. കാലങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന മറ്റൊരു ആരോപണമാണ് മുസ്‌ലിംലീഗ് വര്‍ഗീയപ്പാര്‍ട്ടിയാണെന്നത്. അതിന് അവര്‍ പറയുന്ന കാരണം ആ പാര്‍ട്ടിയുടെ പേരില്‍ 'മുസ്‌ലിം' എന്നുണ്ടെന്നതാണ്.
'മുസ്‌ലിം' എന്ന പേരാണോ പ്രശ്‌നമെന്നു തോന്നിപ്പോവും ഇതു കേള്‍ക്കുമ്പോള്‍. മലപ്പുറത്ത് ഏതു കടകംപള്ളി വന്നു ന്യായവാദം നിരത്തിയാലും യാഥാര്‍ത്ഥ്യം മനസ്സിലാക്കി വോട്ടുകുത്തിയ അഞ്ചുലക്ഷം ജനങ്ങളുണ്ട് എന്നതു സത്യമാണ്.
അവരെയെല്ലാമാണു ഇടതുപക്ഷം വര്‍ഗീയവാദികളായി ചിത്രീകരിച്ചത്. കാവിയും ചുവപ്പും ഫാഷിസവും കൂട്ടിക്കുഴച്ചു ഒരു സമുദായത്തിനുനേരേ തിരിക്കുകയാണ്. അപ്പോഴും മുസ്‌ലിംലീഗിന്റെ നിലപാടുകളാണിവിടെ സമാധാനം സൃഷ്ടിക്കുന്നത്. പാണക്കാട്ടെ തങ്ങന്മാരുടെ സൗമ്യോപദേശം മുസ്‌ലിംസമൂഹത്തെ ഉറക്കിക്കിടത്തുമെന്ന് കുറ്റപ്പെടുത്തി തീവ്ര നിലപാടുകള്‍കൊണ്ടു മുസ്‌ലിംകളെ ശക്തിപ്പെടുത്താന്‍ നോക്കിയ പാര്‍ട്ടികളുടെയും വളര്‍ച്ച ആരും എവിടെയും കണ്ടില്ല. മറിച്ച്, അവര്‍ ഭയപ്പെട്ടത് സംയമനവാദികളുടെ പാര്‍ട്ടിയുടെ വളര്‍ച്ചയിലാണ്.
'ലീഗില്‍നിന്നു 'മുസ്‌ലിം' എന്ന പദം നിര്‍ബന്ധമായും ഭാവിയില്‍ കളയേണ്ടിവരുമെന്ന് ഏതോ രാഷ്ട്രീയനിരീക്ഷകന്‍ ചാനലില്‍ പറയുന്നത് കേട്ടു. ഏഴുപതിറ്റാണ്ടായി മുസ്‌ലിംലീഗ് എന്ന പാര്‍ട്ടിയില്‍ മുസ്‌ലിം എന്ന പേരുണ്ട്. നിങ്ങള്‍ക്കെന്തിനാണ് സുഹൃത്തുക്കളേ 'മുസ്‌ലിം' എന്ന പേരിനോട് ഇത്രയും അലോസരം. മുസ്‌ലിംലീഗിന്റെ ചരിത്രത്തില്‍ ഏതെങ്കിലുമൊരു നേതാവോ അണിയോ ആരോടെങ്കിലും നിങ്ങള്‍ മറ്റു രാജ്യങ്ങളിലേയ്ക്കു പൊയ്‌ക്കോളൂവെന്നു പറഞ്ഞതായി കേട്ടിട്ടുണ്ടോ. പിന്നെയെവിടെയാണ് ലീഗില്‍ വര്‍ഗീയത കാണുന്നത്.
കപടമതേതരം പറഞ്ഞു വോട്ടു ചോദിച്ച് അധികാരത്തിലേറിയ ഇടതുപക്ഷത്തിന്റെ പത്തുമാസത്തെ ഭരണം ആരെയൊക്കെയോ താലോലിക്കുന്നതായാണ് അനുഭവപ്പെട്ടത്. മറ്റു സംസ്ഥാനങ്ങളില്‍പോയി വലിയവായില്‍ സംഘ്പരിവാറിനെതിരേ ആഞ്ഞടിച്ചെന്നു തോന്നിപ്പിച്ചു മതേതരത്വവെടി പൊട്ടിച്ചു വോട്ടുവാങ്ങി. എന്നിട്ടോ. മുസ്‌ലിം സമുദായത്തിനു നേരിട്ടത് രണ്ടു മരണം. കൂടെ ഒരുപാട് യു.എ.പി.എകളും കിട്ടി. ആരെ തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ഇത്രയും പെടാപ്പാടു പെടുന്നത്. മുസ്‌ലിം ലീഗുകാരന്‍ വര്‍ഗീയവാദിയാണെന്ന് ആക്ഷേപിക്കുന്നവനിലെ വര്‍ഗീയതയാണു മനസിലാക്കേണ്ടത്.
'എന്റെ നേതാവ് മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന മദീനയും പരിശുദ്ധ കഅബയടങ്ങിയ പ്രവാചകന്റെ ജന്മ നാടായ മക്കയുമടങ്ങിയ സഊദി അറേബ്യ എന്റെ രാജ്യത്തോടു യുദ്ധം പ്രഖ്യാപിച്ചാല്‍ ഞാന്‍ എന്റെ രാജ്യത്തിനുവേണ്ടി പോരാടും.' എന്ന വാക്കിലാണു യഥാര്‍ത്ഥ രാജ്യസ്‌നേഹം. മുസ്‌ലിംലീഗിന്റെ ഓരോ നേതാവും പ്രവര്‍ത്തകനും ജീവിതത്തില്‍ പുലര്‍ത്തുന്നത് ഈ മതേതര ബോധമാണ്.
മറ്റു മതങ്ങളെയും അവരുടെ ആരാധനാലയങ്ങളെയും ആരാധനാസ്വാതന്ത്ര്യത്തെയും പരിഗണിക്കുന്നവനാണു യഥാര്‍ത്ഥ മുസ്‌ലിം. അത്തരമൊരു വിശ്വാസത്തില്‍ അടിയുറച്ചവരുടെ പ്രസ്ഥാനത്തിനെങ്ങനെ വര്‍ഗീയമാകാന്‍ കഴിയും.
എല്ലാനിലയിലും പിറകിലാക്കപ്പെട്ട മുസ്‌ലിംസമുദായത്തിന്റെ അവകാശങ്ങളെ രാജ്യത്തിലെ നിയമങ്ങള്‍ക്കനുസരിച്ചു നേടിയെടുക്കുന്ന പാര്‍ട്ടിക്ക് 'മുസ്‌ലിംലീഗ് ' എന്ന് പേരിട്ടതില്‍ എന്തു വര്‍ഗീയതയാണുള്ളത്.
അങ്ങനെയൊരു പാര്‍ട്ടിയുടെ ശക്തമായ നിലനില്‍പ്പുണ്ടായിട്ടുപോലും ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിന്റെ പേരില്‍ ഒരു ചെറുപ്പക്കാരനെ കൊന്നവര്‍ക്കു നിയമപ്പഴുതിലൂടെ സംരക്ഷണം നല്‍കുന്ന ഭരണകൂടം ഇവിടെ നിലനില്‍ക്കുന്നു. അതുകൊണ്ട് ഇന്നും ഈ സമുദായത്തിന്റെ സംരക്ഷണത്തിന് മുസ്‌ലിംലീഗ് അനിവാര്യതയാണ്. കപട മതേതര ചീട്ടിറക്കി മറ്റുള്ളവരെല്ലാം വര്‍ഗീയവാദികളായി ചിത്രീകരിക്കുന്ന സി.പി.എം തന്ത്രത്തെ, 'മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗമാവും, മൃഗം അധഃപതിച്ചാല്‍ മാര്‍ക്‌സിസ്റ്റാവും.'എന്ന സി.എച്ച് മുഹമ്മദ് കോയയുടെ വാക്കുകളിലൂടെയാണ് ഓര്‍ക്കാന്‍ കഴിയുന്നത്.
അങ്ങനെയൊരു നെറികെട്ട അധഃപതനത്തിന്റെ ദുഷിച്ചശീലമാണ് ഇടതുപക്ഷത്തിന്റെ നിലപാടുകളില്‍ വ്യക്തമാവുന്നത്. ഖായിദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് ഉയര്‍ത്തിയ പതാകയുടെ മഹത്വമാര്‍ന്ന മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ഓരോ മുസ്‌ലിംലീഗുകാരനും പ്രതിജ്ഞാബദ്ധനാണ്.
വിവേകത്തോടെയുള്ള, സംയമനത്തിന്റെ ഭാഷയിലുള്ള മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനവും അതിന്റെ വളര്‍ച്ചയും പലരെയും അലോസരപ്പെടുത്തുന്നുണ്ടാകാം. അതിന്റെ പ്രതികരണങ്ങളാണ് വര്‍ഗീയതാ ആരോപാണങ്ങളെന്നു തിരിച്ചറിയാന്‍ ശേഷിയുള്ളവരാണ് മുസ്‌ലിംലീഗുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."