വേണം, വൈദ്യുതി വകുപ്പിന് ഷോക്ക് ട്രീറ്റ്‌മെന്റ്
കേരളത്തില്‍ പിരിഞ്ഞുകിട്ടുന്ന പണമാകെ നിത്യനിദാന ചെലവുകള്‍ക്ക് പോലും തികയ്ക്കാന്‍ കഴിയാതെ സര്‍ക്കാര്‍ വീര്‍പ്പുമുട്ടുകയാണ്. എന്നാല്‍, രക്ഷപ്പെടാന്‍ സംസ്ഥാനം തിരഞ്ഞെടുക്കുന്ന വഴികള്‍ ഏതൊക്കെ തരത്തില്‍ നാട്ടുകാരെ ഇനിയും പിഴിയാമെന്നതാണ്. തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയില്‍ ആര്‍ക്കോവേണ്ടി അണക്കെട്ട് കെട്ടി ഏതെങ്കിലും വഴിയില്‍ പണം സംഭരിക്കാമെന്നു കരുതിയപ്പോള്‍ കൈപൊള്ളി. എങ്കിലും ലോക്ക്ഡൗണ്‍ കാലത്ത് പൂട്ടിക്കിടന്ന വീടുകള്‍ക്കുപോലും കനപ്പെട്ട വൈദ്യുതി ബില്‍ നല്‍കി, ജനങ്ങളെയാകെ പോക്കറ്റടിക്കാനും സര്‍ക്കാര്‍ ശ്രമിക്കയുണ്ടായി.
മൂന്നും നാലും ഇരട്ടിയാക്കി നല്‍കിയ ബില്ലിനെതിരേ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എത്തിയ പരാതികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു. തിരുവനന്തപുരത്ത് നടന്‍ മധുപാലിനു കൊവിഡ് കാലത്ത് അടച്ചിട്ട വീട്ടില്‍ 5,714 രൂപയുടെ ബില്ലാണ് കിട്ടിയിരുന്നത്. പത്തനംതിട്ടയില്‍ കൊവിഡ് ഐസലേഷന്‍ വാര്‍ഡില്‍ ജോലിയിലായിരുന്ന നഴ്‌സിനു ലഭിച്ചു 7,919 രൂപയുടെ ബില്‍, പരാതിയെ തുടര്‍ന്നു പരിശോധിക്കുകയും ബില്‍ തുക കുറച്ചു കൊടുക്കുകയും ചെയ്തു. വൈദ്യുതി മന്ത്രിയുടെ സ്വന്തം നാട്ടില്‍നിന്നുള്ള വീട്ടമ്മക്ക് ഇതേവരെ 292 രൂപയായിരുന്ന ബില്‍. ഇത്തവണ അത് 11,359 രൂപയായി കുതിച്ചു. ആളില്ലാ വീടുകള്‍ക്ക് ലഭിച്ച വൈദ്യുത ബില്ലില്‍ തെറ്റുപറ്റിയെന്ന കെ.എസ്.ഇ.ബിക്ക് ഇപ്പോള്‍ പറയേണ്ടിവന്നു. ആ ബില്‍ തുക അഞ്ചു തവണകളായി അടച്ചാല്‍ മതിയെന്ന് ഒടുവില്‍ കെ.എസ്.ഇ.ബി കനിഞ്ഞിരിക്കുന്നു. ഡോര്‍ ലോക്ക്ഡ് അഡ്ജസ്റ്റ്‌മെന്റ് എന്നു പറഞ്ഞു രണ്ടു മാസങ്ങളായി മീറ്റര്‍ റീഡിങ് എടുക്കാത്തതിനു ഉപഭോക്താവിനെ പിഴിയാന്‍ ശ്രമിക്കുകയാണ് ബോര്‍ഡ് ചെയ്തത്. റീഡിങ് എടുക്കാതിരുന്ന ഏപ്രില്‍ മാസത്തെ യൂനിറ്റ് കൂടി ഈ വ്യത്യാസത്തില്‍ ചേര്‍ത്തിരിക്കയായിരുന്നു.
ടെലസ്‌കോപ്പിക് ബില്ലിങ്ങാണ് എന്ന സാങ്കേതികത്വം പറഞ്ഞു കൊണ്ടാണ് ബില്ലുകള്‍ തയാറാക്കി അയച്ചിരിക്കുന്നത്. 2019 ജൂലൈയില്‍ അവസാനമായി പുതുക്കി നിശ്ചയിച്ച താരിഫനുസരിച്ച് ആദ്യ 50 യൂണിറ്റിനു 3.15 രൂപ എന്ന ചെറിയ നിരക്കിലാണ് തുടക്കം. 51 മുതല്‍ 100 വരെ അത് 3.70 രൂപയാകുന്നു. 201-250 യൂണിറ്റാവുമ്പോള്‍ നിരക്ക് യൂണിറ്റിനു 7.60 ആകും. 250 കടന്നാല്‍ ഉപയോഗിച്ച കറന്റിനു മുഴുവന്‍ 5.80 നിരക്കില്‍ തുക നല്‍കണം. ഉപഭോക്താക്കള്‍ ലോക്ക്ഡൗണ്‍ കാലത്ത് ഫാനും, എ.സിയും ടി.വിയും കംപ്യൂട്ടറുമൊക്കെ കൂടുതലായി ഉപയോഗിച്ചുവെന്നും കെ.എസ്.ഇ.ബി പറയുകയുണ്ടായി. എന്നാല്‍ ആ കാലത്ത് റീഡിങ് എടുക്കാന്‍ വരാത്തതിനു മുന്‍ മാസങ്ങളിലെ ശരാശരി കണക്കാക്കി ബില്‍ നല്‍കുന്നതില്‍ എന്ത് ന്യായമാണുള്ളത്? വൈദ്യുതി കാര്യത്തില്‍ പുറത്തുനിന്നു വാങ്ങിയാലും കേരളത്തില്‍ ഈ വര്‍ഷം കറന്റ് കട്ട് ഉണ്ടാവില്ലെന്നും നിരക്ക് വര്‍ധന ഉണ്ടാവില്ലെന്നുമൊക്കെയാണ് സര്‍ക്കാരും കെ.എസ്.ഇ.ബി പറഞ്ഞിരുന്നത്. എന്നാല്‍ ലോക്ക്ഡൗണായതിനാല്‍ മാര്‍ച്ച് 24നു ശേഷം മാത്രം റീഡിങ് എടുത്തതിനു ഉപഭോക്താവ് എന്ത് പിഴച്ചു? ബോര്‍ഡ് വഴങ്ങി ഇളവുകള്‍ പ്രഖ്യാപച്ചെങ്കിലും 26,000 പേര്‍ ജോലി ചെയ്യുന്ന കെ.എസ്.ഇ.ബിയെ തീറ്റിപ്പോറ്റാന്‍ മൂന്നരക്കോടിവരുന്ന ജനങ്ങളെ ആകെ പിഴിയാന്‍ ശ്രമിക്കേണാ എന്നതാണ് പ്രസക്തമായ ചോദ്യം. 2011ല്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്തശേഷം 2013ല്‍ സ്വതന്ത്രമായതാണ് ഇലക്ട്രിസിറ്റി ബോര്‍ഡ്. എന്നാല്‍ ഇവിടെ കെടുകാര്യസ്ഥതയാണ് നിഴലിച്ചു കാണുന്നത്. വന്‍കിടക്കാരില്‍നിന്നു കിട്ടാനുള്ള ഭീമമായ കുടിശിക ഈടാക്കാനോ, വൈദ്യുതി മോഷണം നടത്തുന്ന വ്യവസായികള്‍ക്കെതിരേ നടപടിയെടുക്കാനോ ബോര്‍ഡ് ശ്രമിക്കുന്നില്ല.
നമുക്കാവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് കേരളം ഉല്‍പാദിപ്പിക്കുന്നത് എന്നത് വസ്തുതയാണ്. ബാക്കി 70 ശതമാനവും വാങ്ങുന്നു. എന്നാല്‍ കേരളത്തിനു വര്‍ഷം തോറും 2,000 കോടി യൂണിറ്റ് വൈദ്യുതിയാണ് വേണ്ടത്. വലുതും ചെറുതുമായ 37 ജലവൈദ്യുത പദ്ധതികള്‍ നമുക്കിവിടെയുണ്ട്. 650 കോടി യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളവയുമാണവ. പോരാത്തതിനു ആറ് സ്വകാര്യ നിലയങ്ങളില്‍നിന്നു 800 കോടി യൂണിറ്റ് വാങ്ങാനുള്ള 25 വര്‍ഷത്തെ കരാര്‍ നിലവിലുമുണ്ട്. ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ പ്രവര്‍ത്തനക്ഷമമായതിനാല്‍ അവിടെനിന്നു വൈദ്യുതി എത്തിക്കാനും പ്രയാസമില്ല. ഇനി കൂടുതല്‍ ആവശ്യമാണെങ്കില്‍തന്നെ ആവശ്യത്തെക്കാളേറെ വൈദ്യുതി ഉല്‍പാദനം മറ്റു മിക്ക സംസ്ഥാനങ്ങളിലും നടക്കുന്നതിനാല്‍ ന്യായമായ വിലക്ക് അത് വാങ്ങാന്‍ കേരളത്തിനു സാധിക്കുകയും ചെയ്യും.
എന്നാല്‍ കഴിഞ്ഞ വര്‍ഷം വില കൊടുത്തുവാങ്ങിയ 2,013 കോടി യൂനിറ്റില്‍ 487 കോടിയും ഉപയോഗിക്കാതെ നാം 2,435 കോടി രൂപയുടെ നഷ്ടം സഹിക്കുകയായിരുന്നു. 1979 മുതല്‍ കേട്ടു തുടങ്ങിയ തൃശൂരിലെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പൊടിതട്ടി എടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഒരിക്കല്‍ ലഭിച്ച കേന്ദ്രാനുമതി നീട്ടി വാങ്ങുകമാത്രമാണ് ചെയ്തതെന്നു മുഖ്യമന്ത്രി പറയുകയുണ്ടായി. കേരളത്തെ വൈദ്യുതി കാര്യത്തില്‍ സമ്പൂര്‍ണതയിലേക്ക് നയിച്ചുവെന്ന് പ്രഖ്യാപിച്ചിരുന്ന മുന്‍ വൈദ്യുതി മന്ത്രിക്ക് എന്ത് പറ്റിയെന്നു ജനം അത്ഭുതപ്പെടുന്നു. അതേ പിണറായി വിജയനാണ് ഇന്നു അതിരപ്പിള്ളി പദ്ധതി എന്ന പേരില്‍ 342 ഏക്കര്‍ വനഭൂമി നശിപ്പിക്കുന്ന, 14,000 ഏക്കറിലെ ജലസ്‌ത്രോതസിനു കത്തിവെക്കുന്ന പരിപാടിക്ക് മുന്നണിയുടെ അനുമതിപോലും തേടാതെ പച്ചക്കൊടികാട്ടിയത്. പിന്നീടത് ചുവപ്പുകൊടി ആക്കിയെങ്കിലും.
ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും നമ്മുടെ കൈയിലുള്ള വൈദ്യുതി കൈകാര്യം ചെയ്യുന്നതില്‍ എവിടെയാണ് വീഴ്ചയെന്ന് അന്വേഷിക്കാന്‍ ഇനിയും അധികൃതര്‍ക്കു നേരമായിട്ടില്ല. ഗ്യാസും കല്‍ക്കരിയും വിലകൊടുത്ത് വാങ്ങി റിലയന്‍സ,് കറന്റ് ഉല്‍പാദിപ്പിച്ചു വര്‍ഷം തോറും ആയിരം കോടി രൂപ ലാഭം കൊയ്യുമ്പോള്‍, നാം നല്‍കിയ നികുതിപ്പണം കൊണ്ട് അണക്കെട്ടുകള്‍കെട്ടി പ്രകൃതി നല്‍കുന്ന മഴവെള്ളം സംഭരിച്ച് വൈദ്യുതിയുണ്ടാക്കുന്ന നമ്മുടെ ബോര്‍ഡിനു പറയാനുള്ളത് നഷ്ടക്കണക്ക് മാത്രമാണ്. 2,898 മെഗാവാട്ട് കറന്റ് ഉല്‍പാദിപ്പിക്കാന്‍ 8,550 പേരെ മാത്രമേ റിലയന്‍സ് ജോലിക്ക് വച്ചിട്ടുള്ളു. 2,898 മെഗാവാട്ട് ഉണ്ടാക്കാന്‍ നാം 26,000 പേരെ ശമ്പളത്തില്‍വച്ചിരിക്കുന്നു. അമ്പതിനായിരം മുതല്‍ രണ്ടു ലക്ഷം വരെ ശമ്പളവും 40,000 മുതല്‍ ഒരു ലക്ഷം വരെ പെന്‍ഷനും നല്‍കുന്നു.
ഡല്‍ഹിയില്‍ അരവിന്ദ് കേജ്‌രിവാള്‍ എന്ന മുഖ്യമന്ത്രി ജനത്തിനു 200 യൂണിറ്റ് കറന്റ് സൗജന്യമായി നല്‍കുന്നു. കേരളത്തില്‍ കാറ്റില്‍നിന്നു തന്നെ 1,600 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നും നിര്‍മാണച്ചെലവ് യൂനിറ്റിനു മൂന്ന് രൂപ മതിയെന്നും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിന്‍ഡ് എനര്‍ജി പറയുമ്പോഴാണ് ഇതൊക്കെ നടക്കുന്നത്. അമിതബില്‍ എന്ന പകല്‍ കൊള്ളയ്ക്ക് ഇപ്പോള്‍ ഹാള്‍ട്ട് പറഞ്ഞെങ്കിലും പിന്നാലെ കെ.എസ്.ഇ.ബി.യുടെ വാര്‍ഷിക അഡിഷണല്‍ ഡെപ്പോസിറ്റും അവസാന രണ്ടു മാസത്തെ റീഡിങ്ങ് കൂട്ടിച്ചേര്‍ത്ത് വര്‍ധിപ്പിക്കാനും നീക്കം നടന്നുകൂടെന്നില്ല. എത്ര ഉപയോഗിച്ചാലും സിംഗിള്‍ഫേസിനു 30 രൂപ, ഡബിള്‍ഫേസിനു 60 രൂപ എന്നത് ഒറ്റയടിക്ക് 150 രൂപവരെ ആക്കാനാണത്രെ നീക്കം. സമഗ്രമായ ഒരു പരിപാടിക്കായി കെ.എസ്.ഇ.ബി.ക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റാണ് അത്യാവശ്യം വേണ്ടതെന്നു ഇതൊക്കെ തെളിയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."