സ്വകാര്യ വ്യക്തി കിണറ്റില്‍ തോട്ടപൊട്ടിച്ചത് നാട്ടുകാര്‍ തടഞ്ഞു
പെരുമ്പാവൂര്‍: കോടനാട്-മലയാറ്റൂര്‍ പാലത്തിനു സമീപം സ്വകാര്യ വ്യക്തി അനധികൃതമായി കുഴിച്ച കിണറ്റില്‍ തോട്ടപൊട്ടിച്ചത് നാട്ടുകാര്‍ തടഞ്ഞു. പാലത്തിന്റെ ഒരു ഭാഗത്തുള്ള തൂണ് കഴിഞ്ഞ പ്രളയത്തില്‍ ബലക്ഷയം സംഭവിച്ചിരിക്കുകയാണ്.
ഈ പാലത്തിനോട് ചേര്‍ന്ന് കോടനാട് ഭാഗത്ത് സ്വകാര്യ വ്യക്തി അനധികൃതമായി കുഴിച്ചിരിക്കുന്ന കിണറില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ തോട്ടവച്ച് പാറ പൊട്ടിക്കുവാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ കംബ്രസര്‍ ഉപയോഗിച്ച് കിണറ്റില്‍ പണി ആരംഭിച്ചപ്പോള്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു.
എന്നാല്‍ പൊലിസ് വന്ന് മടങ്ങിയതല്ലാതെ പണി നിര്‍ത്തിയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. 18 തോട്ടകള്‍ വച്ച് പൊട്ടിക്കുന്നതിനായി പലകകള്‍ നിരത്തി കിണര്‍ അടക്കുകയും ചെയ്തു. വിവരം അറിഞ്ഞ നാട്ടുകാര്‍ സ്ഥലത്തെത്തി കോടനാട് സി.ഐ അജേഷ് കുമാറിനെ വിളിച്ചുവരുത്തി കിണറ്റിലേക്കുള്ള വയര്‍ കണക്ഷന്‍ വിഛേദിക്കുകയും പണി നിര്‍ത്തി വക്കുകയും ചെയ്തു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലുകള്‍ മൂലം വലിയ ദുരന്തം ഒഴിവായി.
18 തോട്ടകള്‍ ഒരുമിച്ച് പൊട്ടിക്കുമ്പോള്‍ അത് താങ്ങുവാന്‍ പാലത്തിനു കഴിയുകയില്ല. തോട്ടകള്‍ ഇപ്പോഴും കിണറ്റില്‍ തന്നെയുണ്ടെന്നും വിദഗ്ദ്ധരുടെ സഹായത്തോടെ വേണം ഇത് നിര്‍വീര്യമാക്കാനെന്നും നാട്ടുകാര്‍ പറയുന്നു.
പുഴയുടെ സ്ഥലം അനധികൃതമായി കൈയ്യേറിയാണ് ഏകദേശം 50 അടിയോളം താഴ്ചയില്‍ പുഴയോടും പാലത്തിനോടും ചേര്‍ന്ന് സ്വകാര്യ വ്യക്തി കിണര്‍ കുഴിച്ചിരിക്കുന്നത്.
അപകടങ്ങളും അനധികൃത കൈയേറ്റങ്ങളും സാധാരണമായ ഈ പ്രദേശത്തിന്റെ സുരക്ഷിതത്വത്തിനായി ഒരു സംരക്ഷണ സമിതി രൂപീകരിക്കുവാനും പരിസരവാസികള്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."