മാര്‍ തോമസ് തറയിലിന്റെ മെത്രാഭിഷേകം ഞായറാഴ്ച
കോട്ടയം: ചങ്ങനാശേരി അതിരൂപത നിയുക്ത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ മെത്രാഭിഷേകം ഞായറാഴ്ച രണ്ടുമുതല്‍ ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും.
മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും. കെ.സി.ബി.സി ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം വചന സന്ദേശം നല്‍കും. സി.ബി.സി.ഐ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് മെത്രാപ്പോലീത്താ അനുഗ്രഹപ്രഭാഷണവും ക്‌നാനായ യാക്കോബായ സഭാധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയമെത്രാപ്പോലീത്ത അനുമോദന പ്രസംഗവും നടത്തും.
ആര്‍ച്ച്ഡീക്കന്‍ റവ. ഡോ. ജോസഫ്് മുണ്ടകത്തില്‍ നിയുക്ത മെത്രാനെ മദ്ബഹയിലേക്ക് ആനയിക്കും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിമയന ഉത്തരവ് അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ടോം പുത്തന്‍കളം വായിക്കും. സീറോമലബാര്‍, മലങ്കര, ലത്തീന്‍ രൂപതയിലെ മെത്രാന്‍മാര്‍, വിവിധ ക്രൈസ്തവസഭകളിലെ മെത്രാന്‍മാര്‍, സമുദായ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ പങ്കെടുക്കും.
മെത്രാഭിഷേക കര്‍മങ്ങളെ തുടര്‍ന്ന് മാര്‍ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അതിരൂപതയിലെ മുഴുവന്‍ വൈദീകരും കുര്‍ബാനയില്‍ സഹകാര്‍മികരാകും.
ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയുടെയും കുരിശുപള്ളികളുടെയും ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂനിറ്റ് മാര്‍ തോമസ് തറയില്‍ അന്നേദിവസം ഉദ്ഘാടനം ചെയ്യും.
മെത്രാഭിഷേക ശുശ്രൂഷയുടെ നടത്തിപ്പിനായി അതിരൂപതാ കേന്ദ്രത്തിലും ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ ഇടവകയിലും വിവിധ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.
പത്രസമ്മേളനത്തില്‍ ചാന്‍സിലര്‍ റവ. ഡോ. ടോം പുത്തന്‍കളം, റവ. ഡോ. വര്‍ഗീസ് താനമാവുങ്കല്‍, പി.ആര്‍.ഒ അഡ്വ. ജോജി ചിറയില്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഡോ. ജോബി മൂലയില്‍, ഫാ. ആന്റണി തലച്ചല്ലൂര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. സോണി കണ്ടങ്കരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."