പി. രാജീവും ഇന്നസെന്റും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
കാക്കനാട്: എറണാകുളം, ചാലക്കുടി ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു.
എറണാകുളത്തെ സ്ഥാനാര്‍ഥിയായി പി. രാജീവും ചാലക്കുടിയിലെ സ്ഥാനാര്‍ഥിയായി ഇന്നസെന്റും എറണാകുളം ജില്ലാ കലക്ടര്‍ കെ.മുഹമ്മദ് വൈ. സഫിറുള്ളക്ക് മുമ്പാകെയാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. പി. രാജീവ് രാവിലെ 11.20നും ഇന്നസെന്റ് ഉച്ചയ്ക്ക് ശേഷം 2.20നുമാണ് പത്രിക സമര്‍പ്പിച്ചത്.
പത്രികാ സമര്‍പ്പണത്തിന് മുന്‍പ് പി രാജീവ് ഇ ബാലനന്ദന്റെയും, എ.പി വര്‍ക്കിയുടെയും, ടി.കെ രാമകൃഷ്ണന്റെയും സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം തൃക്കാക്കര സെന്‍ട്രല്‍ കനിവ് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് യൂനിറ്റിലെ അന്തേവാസികളുടെ അനുഗ്രഹം വാങ്ങി. തുടര്‍ന്ന് കാക്കനാട്ടെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസ് പരിസരത്ത് നിന്ന് മുന്നണി പ്രവര്‍ത്തകരും നേതാക്കളോടൊപ്പം പ്രകടനമായി കലക്ട്രേറ്റ് കവാടത്തിന് മുന്നില്‍ എത്തിയ ശേഷം പ്രധാന നേതാക്കളുമായി പത്രിക സമര്‍പ്പിക്കുകയായിരുന്നു.
ചാലക്കുടി സ്ഥാനാര്‍ത്ഥി ഇന്നസെന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലെ പിതാവ് വറീതിന്റെ കുടീരത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് കലക്ട്രേറ്റില്‍ എത്തിയത്. പിലരാജീവിനോപ്പം എസ്. ശര്‍മ്മ എം.എല്‍.എ, സി.എം ദിനേഷ്മണി, സി.എന്‍ മോഹനന്, പി.രാജു എന്നിവരുമുണ്ടായിരുന്നു. ഇന്നസെന്റിനൊപ്പം വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ, ജോസ് തെറ്റയില്‍, എന്‍.സി മോഹനന്, സി.കെ ചന്ദ്രന്‍പിള്ള തുടങ്ങിയ നേതാക്കളും അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."