ചരിത്രം ആവര്‍ത്തിക്കും; കേരളം പിടിച്ചടക്കും
രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നു. കേട്ടാല്‍ തമാശയായി തോന്നാം. പക്ഷേ, സത്യമായും, ഈ തമാശ വിശ്വസിക്കാന്‍ കഴിയുന്നില്ല. കെ.പി.സി.സിയും കേരളത്തിലെ കോണ്‍ഗ്രസുകാരും ജനാധിപത്യവിശ്വാസികളും മനസ്സില്‍ താലോലിച്ച ആഗ്രഹമായിരുന്നു, സ്വപ്നമായിരുന്നു രാഹുലിന്റെ കേരളത്തിലെ സ്ഥാനാര്‍ഥിത്വം. കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെ തന്നെ തെരഞ്ഞെടുപ്പു ചിത്രം ഇതോടെ മാറിമറിയും.
യു.പി.എയ്ക്ക് അനുകൂലമായ തരംഗമുണ്ടാകുമെന്നു തീര്‍ച്ച. മാസങ്ങള്‍ക്കു മുമ്പു തന്നെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു സമിതി യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലുമൊക്കെ രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്നു മത്സരിക്കണമെന്ന് അപേക്ഷിച്ചിരുന്നു. രാഹുല്‍ഗാന്ധിയുള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തവരെല്ലാം അതു തമാശയായേ പരിഗണിച്ചുള്ളൂ.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഔദ്യോഗികപ്രഖ്യാപനം വരുംമുമ്പു തന്നെ, ദേശീയനേതൃത്വത്തിന്റെ മൗനാനുവാദത്തോടെ, കേരളത്തിലെ കോണ്‍ഗ്രസ് സാധ്യതാലിസ്റ്റിലുള്ളവര്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു, വയനാട്ടില്‍ സിദ്ദിഖും പ്രചാരണം തുടങ്ങി. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം അറിഞ്ഞപ്പോള്‍ ഏറ്റവും സന്തോഷം പ്രകടിപ്പിച്ചതു സിദ്ധീഖാണ്.
ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഇതില്‍പ്പരം എന്തു സന്തോഷമാണു ഉണ്ടാവുക. അഭിമാനപൂര്‍വം രാഹുല്‍ ഗാന്ധിക്കു വേണ്ടി മാറിക്കൊടുക്കുന്നുവെന്നു പറഞ്ഞ സിദ്ദിഖ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കാനുള്ള ത്രില്ലിങ് മൂഡിലാണെന്നും പറഞ്ഞു.
വയനാടിന്റെ പിന്നാക്കാവസ്ഥ മാറും. ഇന്ത്യയിലെ തന്നെ വലിയ ഒരു ടൂറിസ്റ്റ് കേന്ദ്രമായി വയനാട് ഉയരും. കേരളത്തിലെ മൂന്നു ജില്ലകളില്‍ ബന്ധപ്പെട്ടുകിടക്കുന്ന മണ്ഡലമാണു വയനാട്. അതുകൊണ്ടുതന്നെ കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കും വലിയ നേട്ടമുണ്ടാവും. കേരളത്തിലും ദക്ഷിണേന്ത്യക്ക് മൊത്തത്തിലും ഇതൊരു വലിയ അംഗീകാരമാവും. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വടക്കേയിന്ത്യ കേന്ദ്രീകരിക്കുമ്പോള്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിക്കാന്‍ രാഹുല്‍ഗാന്ധിക്കു കൂടുതല്‍ സമയം കിട്ടും.
ഇതു ദക്ഷിണേന്ത്യയുടെ തെരഞ്ഞെടുപ്പു ചിത്രത്തില്‍ സമൂലമായ മാറ്റമുണ്ടാക്കും. വയനാട് മണ്ഡലത്തിലെ ജനങ്ങള്‍ മാത്രമല്ല കേരളത്തിലെ മുഴുവന്‍ ജനങ്ങളും അഭിമാനപുളകിതരായിരിക്കുന്നു. ഭാവി പ്രധാനമന്ത്രി ജനവിധി തേടുന്നതിലൂടെ ഈ കൊച്ചു മലയാളനാട് അനുഗ്രഹിക്കപ്പെടുകയാണ്. കേരള ചരിത്രത്തിലാദ്യമാണ് ഇങ്ങനെ ഒരു ദേശീയനേതാവ് കേരളത്തില്‍നിന്നു ജനവിധി തേടുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളും കര്‍ഷകരും തൊഴിലാളികളും മതന്യൂനപക്ഷങ്ങളും തിങ്ങിത്താമസിക്കുന്ന, പിന്നാക്കത്തില്‍ പിന്നാക്കമായ മണ്ഡലമാണു വയനാട്. ഇവിടെ വലിയ മാറ്റമുണ്ടാക്കാന്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനു കഴിയുമെന്നു വയനാട്ടിലെ മുഴുവന്‍ ജനങ്ങളും പ്രതീക്ഷിക്കുന്നു. 56 ഇഞ്ച് നെഞ്ചളവു കാണിച്ചു ലോകം മുഴുവന്‍ പാറിനടക്കുന്ന നരേന്ദ്രമോദിക്കെതിരേ ഇന്ത്യയിലെ സാധാരണക്കാര്‍ പ്രതീക്ഷാനിര്‍ഭരമായ മനസ്സുമായി കാത്തിരിക്കുന്നതു രാഹുല്‍ഗാന്ധിയെയാണ്.
രാഹുല്‍ഗാന്ധിയോളം ജനസമ്മതി നേടിയ ഒരു ദേശീയ നേതാവ് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലില്ല. സാധാരണക്കാരന്റെ വികാരവിചാരങ്ങള്‍ ആവാഹിച്ചെടുക്കാന്‍ ഇത്രമാത്രം കഴിയുന്ന മറ്റൊരു ജനകീയ നേതാവില്ല. വേദനിക്കുന്നവനെ നെഞ്ചില്‍ ചേര്‍ത്തു പിടിക്കുന്ന രാഹുല്‍ അതുകൊണ്ട് തന്നെ നമ്മിലൊരാളായി മാറുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായി മാറുന്നു. അതിനാല്‍, നമുക്ക് രാഹുലിനെ അന്യനായി കാണാനാവില്ല. അകലെ ഉയരങ്ങളിലുള്ള ഒരു നേതാവായി കാണാനാവില്ല.
ഈ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ ജനാധിപത്യ മതേതര ശക്തികള്‍ വലിയ ആവേശത്തോടെ രംഗത്തിറങ്ങിയിരിക്കുന്നു. ഈ ആവേശം രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തോടെ പതിന്മടങ്ങു വര്‍ധിച്ചിരിക്കുന്നു. 1977ല്‍ നിയമസഭയിലേയ്ക്ക് 111 സീറ്റ് നേടിയപ്പോള്‍ പാര്‍ലമെന്റില്‍ 20 സീറ്റും യു.ഡി.എഫ് നേടിയ ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രഖ്യാപനമാണു രാഹുലിന്റെ സാന്നിധ്യത്തിലൂടെ ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ മാത്രമല്ല കര്‍ണാടകയിലും തമിഴ്‌നാട്ടിലും ആന്ധ്രയിലുമൊക്കെ ഇതിന്റെ സ്വാധീനമുണ്ടാകും.
അതുവഴി രാഹുല്‍ ഗാന്ധിക്ക് തെക്കേ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ഒരുപോലെ പിന്തുണയുണ്ടെന്നു ബോധ്യപ്പെടുത്താന്‍ കഴിയും. അതിനാലാണ് അമേഠിയിലും വയനാട്ടിലും രാഹുല്‍ഗാന്ധി മത്സരിക്കുന്നത്. രണ്ടു സീറ്റില്‍ പ്രമുഖര്‍ മത്സരിക്കുന്നതു പുതുമയല്ല. ഇന്ദിരാഗാന്ധി ആന്ധ്രയിലും ചിക്മംഗലൂരിലും മത്സരിച്ചിരുന്നു. നരേന്ദ്രമോദിയും രണ്ടു സീറ്റില്‍ മത്സരിച്ചിട്ടുണ്ട്.
രാജ്യദ്രോഹികളുടെ വെടിയുണ്ടകളേറ്റു ചിതറിത്തെറിച്ചു പോയ പിതാവിന്റെ ഘാതകര്‍ക്കുപോലും മാപ്പു കൊടുക്കുന്നുവെന്നു പറഞ്ഞ വലിയ മനസ്സു കാണാന്‍ കഴിയുന്നവര്‍ എത്രപേരുണ്ട്. ഈ മഹത്വവും വലിപ്പവും മനസ്സിലാകാതെ പോയ ഒരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.
ഐ.ഐ.ടി സ്മാര്‍ട്ട് ഇന്ത്യ പരിപാടിയില്‍ നരേന്ദ്രമോദി ചൊരിഞ്ഞ പരിഹാസശരങ്ങള്‍ എത്രമാത്രം ക്രൂരമായിരുന്നു. ഡിസ്‌ലെക്‌സിയ എന്ന അസുഖം ബാധിച്ച കുട്ടികളെ മുന്നോട്ടു കൊണ്ടുവരാന്‍, പുനരധിവസിപ്പിക്കാന്‍ ആവശ്യമായ പദ്ധതിയെക്കുറിച്ച് സംസാരിച്ച ഒരു കുട്ടിയോട് മോദി ചോദിച്ചു 40, 50 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് ഈ അസുഖം വരുമോ, ഇത്തരം കുട്ടികളുടെ അമ്മമാര്‍ക്ക് ഈ അസുഖം വരുമോ എന്നൊക്കെ.
രാഹുല്‍ ഗാന്ധിയെയും സോണിയാഗാന്ധിയെയും ഇത്ര ക്രൂരമായി, നിന്ദ്യമായി പരിഹസിക്കുക വഴി ആയിരക്കണക്കിനു കുട്ടികളെയും അമ്മമാരെയും കളിയാക്കുകയായിരുന്നില്ലേ മോദി. പപ്പു എന്നു വിളിച്ച് ഇന്ത്യയിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവിനെ പരിഹസിച്ച പ്രധാനമന്ത്രി ഇന്ത്യയിലല്ലാതെ ലോകത്തു മറ്റെവിടെയെങ്കിലുമുണ്ടാകുമോ.
വയനാട് സീറ്റ് ഐ ഗ്രൂപ്പിന്റേതായിരുന്നു, അത് എ ഗ്രൂപ്പിനു നല്‍കി, ഇതു കോണ്‍ഗ്രസ്സിനകത്തു പടലപ്പിണക്കം സൃഷ്ടിച്ചു എന്നൊക്കെയുള്ള പ്രചാരണമായിരുന്നു വയനാട്ടില്‍ നിറഞ്ഞുനിന്നത്. അങ്ങനെയൊന്നുമില്ലെന്ന് അറിയുന്ന ഇടതുപക്ഷക്കാര്‍ പോലും ഇതിന്റെ പ്രചാരകരായി മാറി. അവര്‍ക്കും വായടപ്പന്‍ മറുപടിയാണ് കോണ്‍ഗ്രസ് നല്‍കിയത്.
പ്രധാനമന്ത്രി സ്ഥാനാര്‍ഥി മാത്രമല്ല ഭാവി ഇന്ത്യയുടെ പ്രതീക്ഷയും സ്വപ്നവുമാണ് രാഹുല്‍ ഗാന്ധി. കേരളത്തിനു കിട്ടിയ വലിയ അംഗീകാരമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."