ഖാന്‍ ശൈഖൂനില്‍ നടന്നത് രാസായുധ ആക്രമണം തന്നെ തെളിവുകളുമായി സാംപിള്‍ പരീക്ഷണ റിപ്പോര്‍ട്ട് പുറത്ത്
ഹേഗ്: ഖാന്‍ ശൈഖൂനില്‍ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ സരിന്‍ ഗ്യാസ് ഉപയോഗിച്ചതിനു വ്യക്തമായ തെളിവുകളുമായി പരീക്ഷണ റിപ്പോര്‍ട്ട് പുറത്ത്. രാസായുധ നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘം വ്യത്യസ്ത ലബോറട്ടറികളില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഫലമാണ് സിറിയന്‍ സൈന്യം പൗരന്മാര്‍ക്കു നേരെ നടത്തിയ ക്രൂരമായ കൃത്യത്തിലേക്ക് വെളിച്ചംവീശുന്നത്.
നെതര്‍ലന്‍ഡ്‌സിലെ ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപണ്‍സ്(ഒ.പി.സി.ഡബ്ല്യു) ആണ് ആക്രമണത്തിനിരയായവരില്‍നിന്നു കണ്ടെത്തിയ സാംപിളുകള്‍ വച്ച് പരീക്ഷണം നടത്തിയത്. പത്തുപേരുടെ ശരീരത്തില്‍നിന്നു കണ്ടെത്തിയ സാംപിളുകള്‍ നാല് ലബോറട്ടറികളില്‍ വച്ചാണ് പരീക്ഷിച്ചത്. ഇതില്‍നിന്ന് ഖാന്‍ ശൈഖൂനില്‍ നടന്നത് സരിനോ അല്ലെങ്കില്‍ സമാനമായ രാസവസ്തുക്കളോ ഉപയോഗിച്ചുള്ള ആക്രമണമാണെന്ന് സ്ഥിരീകരിച്ചതായി ഒ.പി.സി.ഡബ്ല്യു തലവന്‍ അഹ്മദ് ഉസുംസു പറഞ്ഞു.
വിമതനിയന്ത്രണത്തിലുള്ള ഇദ്‌ലിബിലെ ഖാന്‍ ശൈഖൂനില്‍ ഈമാസം നാലിനാണ് സിറിയന്‍ സൈന്യം രാസായുധം ഉപയോഗിച്ച് ക്രൂരമായ ആക്രമണം നടത്തിയത്. സംഭവത്തില്‍ 87 പേര്‍ മരിക്കുകയും നൂറുകണക്കിനുപേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ, മേഖലയില്‍ രാസായുധ പ്രയോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നവരുടെ എണ്ണവും നിരവധിയാണ്.
ആക്രമണത്തിനെതിരേ അന്താരാഷ്ട്രതലത്തില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. രാസായുധം പ്രയോഗിച്ചതായുള്ള ആരോപണം സിറിയയും സഖ്യരാഷ്ട്രമായ റഷ്യയും തള്ളിക്കളഞ്ഞിരുന്നെങ്കിലും അമേരിക്ക സിറിയക്കുനേരെ പ്രത്യാക്രമണം നടത്തി. ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."