മാധവാ ജങ്ഷനില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവം
ഹരിപ്പാട്: ദേശീയപാതയില്‍ മാധവാ ജങ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ചു വാഹനങ്ങള്‍ കടന്നു പോകുന്നത് അപകടത്തിനു കാരണമാകുന്നു.
വാഹനങ്ങള്‍ സിഗ്‌നല്‍ അവഗണിക്കുന്നതു കാരണം നിത്യവും ഒട്ടേറെ അപകടങ്ങളാണ് ഉണ്ടാകുന്നത്. വീയപുരം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ സിഗ്‌നല്‍ നോക്കാതെ ദേശീയപാതയിലേക്കു കടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകട സാധ്യത കൂടുതല്‍. അതുപോലെ സിഗ്‌നല്‍ മാറുന്നതിനു മുന്‍പു തന്നെ കടന്നു പോകാന്‍ വാഹനങ്ങള്‍ ശ്രമിക്കുന്നതും അപകടത്തിനു കാരണമാകുന്നുണ്ട്.
ഒരാഴ്ചയ്ക്കിടെ സിഗ്‌നല്‍ തെറ്റിച്ചു വാഹനങ്ങളില്‍ ഇടിച്ചു മൂന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. ബൈക്ക് യാത്രികനായ യുവാവ് ഒരു മാസം മുന്‍പാണ് ഇവിടെയുണ്ടായ അപകടത്തില്‍ മരിച്ചത്. സിഗ്‌നല്‍ തെറ്റിച്ചു കടന്നു പോകുന്ന വാഹനങ്ങളെ പിടികൂടാന്‍ പൊലീസിനെ നിയോഗിക്കുകയും സിസിടിവി ക്യാമറ സ്ഥാപിക്കുകയും വേണം. മാധവാ ജംക്ഷനിലെ സിഗ്‌നല്‍ സംവിധാനം അശാസ്ത്രീയമായതിനാല്‍ പുനഃക്രമീകരിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജംക്ഷന്‍ വീതികൂട്ടി ഡിവൈഡറുകള്‍ സ്ഥാപിച്ചു ഗതാഗതം സുഗമമാക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നിര്‍ദേശം.
ഹരിപ്പാട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ വീയപുരം റോഡിലേക്കു തിരിയാന്‍ വലതുവശം ചേര്‍ത്താണു നിര്‍ത്തേണ്ടത്. ചില വാഹനങ്ങള്‍ റോഡിന്റെ ഇടതുഭാഗത്തു നിര്‍ത്തുകയും സിഗ്‌നല്‍ ലഭിക്കുമ്പോള്‍ വലതു ഭാഗത്തേക്കു തിരിയുകയുമാണു ചെയ്യുന്നത്. ഇതു മൂലം നേരെ ആലപ്പുഴയ്ക്കു പേകേണ്ട വാഹനങ്ങള്‍ക്കു കടന്നു പോകാന്‍ കഴിയാതെ വരുന്നുണ്ട്. വീയപുരം റോഡിലേക്കു വാഹനങ്ങള്‍ തിരിഞ്ഞു കഴിയുമ്പോഴേക്കും നേരെ പോകാനുള്ള സിഗ്‌നല്‍ മാറുകയും ചെയ്യും. ഇതു ഗതാഗതക്കുരുക്കിനു കാരണമാകാറുണ്ട്.
ഇതിനിടയില്‍ സിഗ്‌നല്‍ തെറ്റിച്ചു ചില വാഹനങ്ങള്‍ കടന്നു വരുക കൂടി ചെയ്യുന്നതോടെ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെടുകയും ചെയ്യും. മാധവാ ജംക്ഷനില്‍ റോഡിനു വീതികൂട്ടുകയും ഇടത്തോട്ടു വാഹനങ്ങള്‍ പോകുന്നതിന് ഡിവൈഡര്‍ സ്ഥാപിച്ചു പ്രത്യേക സംവിധാനം ഒരുക്കുകയും ചെയ്താല്‍ ദേശീയപാതയിലെ ഗതാഗത തടസ്സത്തിനു പരിഹാരം കാണാന്‍ കഴിയും. ഈ നിര്‍ദേശങ്ങള്‍ കാണിച്ച് മോട്ടോര്‍ വാഹനവകുപ്പ് ദേശീയപാത പൊതുമരാമത്ത് വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടു മാസങ്ങളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."