കൊവിഡ്: ഗള്‍ഫില്‍ ഏഴു മരണം
റിയാദ്: സഊദിയില്‍ കൊവിഡ് ബാധിച്ച് സഊദിയില്‍ ആറും ബഹ്‌റൈനില്‍ ഒരാളും മരിച്ചു. സഊദിയിലെ ദമാമില്‍ നാലുപേരും റിയാദ്, മക്ക എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്.
കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി സ്വദേശി മരുതുങ്ങല്‍ മുഹമ്മദ് ഷൈജല്‍ (34) ആണ് റിയാദില്‍ മരണപ്പെട്ടത്. സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: സുബൈദ. ഭാര്യ: ബിന്‍സിയ. മുഹമ്മദ് ഷൈബിന്‍ ഏക മകനാണ്.സഹോദരങ്ങള്‍: മുഹമ്മദ് ഷഫീഖ്(റിയാദ്) ഹൈറുന്നിസ.
മക്കയിലാണ് മലപ്പുറം പന്തല്ലൂര്‍ മുടിക്കോട് മദാരി പുതുവീട്ടില്‍ അബ്ദുല്‍ കരീം (60) മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു മരണം. 15 ദിവസത്തോളമായി നൂര്‍ ഹോസ്പിറ്റലിലെ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: മുഹമ്മദ് ജസീല്‍, നൂര്‍ബാനു, സഫീദ, നവാഫ്.
കൊല്ലം തെന്മല ഒറ്റക്കല്‍ സ്വദേശി ആര്‍ദ്രം വീട്ടില്‍ പുരുഷോത്തമന്റെ മകന്‍ സുനില്‍ കുമാര്‍ (43), തൃശൂര്‍ ഇഞ്ചമുടി സ്വദേശി കരീപ്പറമ്പില്‍ വീട്ടില്‍ മോഹനദാസന്‍ (67),മലപ്പുറം പൊന്നാനി പാലപ്പുറം കുളപ്പുറത്തിങ്കല്‍ വീട്ടില്‍ സത്യാനന്ദന്‍ (61), കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളിയിലെ കണ്ണോത്ത് പ്രേമന്‍ (55) എന്നിവരാണ് ദമാമില്‍ മരണപ്പെട്ടത്. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി പത്തുദിവസം മുന്‍പാണ് സുനില്‍ കുമാറിനെ ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: പ്രതിഭ. മക്കള്‍: ആദര്‍ശ്, ആദിത്യ.
പ്രേമന്‍ ദമാമിലെ അല്‍വത്തനിയ കമ്പനി ജീവനക്കാരനായിരുന്നു. ബാലകൃഷ്ണന്‍ (റിട്ട. പൊലിസ്), സുകുമാരി എന്നിവരുടെ മകനാണ്. ഭാര്യ: ജസിത (അധ്യാപിക, ദീനുല്‍ ഇസ്‌ലാം സഭ സ്‌കൂള്‍, കണ്ണൂര്‍). മക്കള്‍: അജയ് രാജ് (വിദ്യാര്‍ഥി, എറണാകുളം), അമല്‍ രാജ് (അരോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരങ്ങള്‍: പ്രമോദ് (റാസല്‍ഖൈമ), പ്രസീത (എടക്കാട്).
മറ്റു രണ്ടു പേരും കൊവിഡ് രോഗലക്ഷണങ്ങളോടെ ദമാമില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണപ്പെട്ടത്.
കണ്ണൂര്‍ സ്വദേശി ഏഴോം കാനായിലെ എം.പി രാജന്‍(52) ബഹ്‌റൈനിലാണ് മരിച്ചത്. ബഹ്‌റൈന്‍ സല്‍മാനിയ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ബഹ്‌റൈന്‍ യൂനിലിവര്‍ കംപനിയിലെ ജീവനക്കാരനായിരുന്നു. പരേതനായ മീത്തലെ പുരയില്‍ നാരായണന്റെയും യശോദയുടെയും മകനാണ്.
ഭാര്യ: ശ്യാമള. മക്കള്‍: ആദര്‍ശ് (എച്ച്.ഡി.എഫ്.സി ബാങ്ക് കണ്ണൂര്‍), അപര്‍ണ്ണ( തളിപ്പറമ്പ നാഷണല്‍ കോളജ് ബി.എ വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: അനിത, അനൂപ്, അജിത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."